തിരുവനന്തപുരം: ” എങ്ങനെയുണ്ടായിരുന്നു അമ്മൂമ്മ” പരീക്ഷ കഴിഞ്ഞ ഉടന്‍ കൊച്ചുമകള്‍ മുപ്പത്തിരണ്ടുകാരി രജനിയുടെ ചോദ്യം എണ്‍പതുകാരി പാറുവിനെ അല്പനേരം മൗനത്തിലാഴ്ത്തി. ” കണക്ക് അല്പം കട്ടിയാ മക്കളേ” വിഷാദഭാവത്തില്‍ മറുപടി. ”മക്കള്‍ക്ക് എങ്ങനെ ? ”. ”എനിക്ക് എളുപ്പമായിരുന്നു അമ്മൂമ്മ”- കൊച്ചുമകളുടെ ആത്മവിശ്വാസം തുളുമ്പുന്ന മറുപടി പിന്നെയും പാറുവിനെ തളര്‍ത്തി. ” അമ്മയ്ക്ക് എങ്ങനെയുണ്ടായിരുന്നു” പിന്നെ രജനിയുടെ ചോദ്യം നാല്പത്തെട്ടുകാരിയായ മതാവ് രാഗിണിയോടായി. ”കുഴപ്പമില്ലായിരുന്നുന്നു- രാഗിണിയുടെ മറുപടിയ്ക്ക് അത്ര ഉറപ്പ് പോര. പാറുവിന്റെ നാല് മക്കളില്‍ മൂന്നാമത്തെയാളാണ് രാഗിണി. ജീവിതത്തില്‍ വിദ്യാഭ്യാസം ഇല്ലാത്തതിന്റെ കുറവ് നന്നായി അനുഭവിച്ചത് വിവരിച്ച മൂവരും പരീക്ഷാ ഹാള്‍ വിട്ടത് ഇനിയും പഠിക്കണമെന്ന തീരുമാനത്തോടെ. സാക്ഷരതാമിഷനും തിരുവനന്തപുരം നഗരസഭയും ചേര്‍ന്ന് ”അക്ഷരശ്രീ” പദ്ധതി ആരംഭിക്കുന്നത് അറിഞ്ഞപ്പോള്‍ രജനി ഉടന്‍ തീരുമാനിച്ചു വിദ്യാര്‍ഥിയാകാന്‍. മകള്‍ പഠിക്കാന്‍ പോകുന്നതറിഞ്ഞ് അമ്മ രാഗണിയും അമ്മൂമ്മ പാറുവും ഒപ്പം കൂടി.
കണ്ണമ്മൂല പുത്തന്‍പാലത്ത് നഗരസഭയുടെ പ്രാഥമികാരോഗ്യ കേന്ദത്തിലായിരുന്നു അമ്മയും മക്കളും കൊച്ചുമകളും സഹപാഠികളായി പരീക്ഷയെഴുതിയ അപൂര്‍വകാഴ്ച. പുത്തന്‍പാലം പത്മനാഭന് നഗര്‍ നിവാസികളായ 35 പേരായിരുന്നു ഇവിടെ ‘അക്ഷരശ്രീ’ സാക്ഷരതാ പരീക്ഷയെഴുതിയത്. 10.30ന് ആരംഭിച്ച് 11.30ന് അവസാനിച്ച പരീക്ഷയില്‍ മുഴുവന്‍ കൗതുകം മുറ്റിനിന്നു. എണ്‍പതുകാരി കമലമ്മയുടെ പരീക്ഷാ പേപ്പറില്‍ ഇടയ്ക്കിടെ അണ്പത്തഞ്ചുകാരി ഗിരിജയുടെ ഒളിഞ്ഞുനോട്ടം. ക്ലാസ് ടീച്ചര്‍ ശരണ്യ ശ്രദ്ധിക്കുന്നുണ്ടെന്ന് കണ്ടപ്പോള്‍ മുഖത്ത് കള്ളച്ചിരി. തൊട്ടടുത്ത് പരീക്ഷയെഴുതുന്ന കമലമ്മയുടെ മറ്റൊരു മകളായ അണ്പത്തിനാല്കാരി മല്ലികയെ ചോദ്യങ്ങള്‍ ഒട്ടും വലച്ചില്ലെന്ന് തോന്നിപോകും. എഴുത്തിന് അത്രയുണ്ട് വേഗം.
അവശേഷിക്കുന്ന നിരക്ഷരരെ കണ്ടെത്തി സാക്ഷരരാക്കുക, തുടര്‍വിദ്യാഭ്യാസം നല്‍കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ സംസ്ഥാന സാക്ഷരതാമിഷന്‍ നഗരസഭയുമായി സഹകരിച്ച് നടപ്പിലാക്കിവരുന്ന ‘അക്ഷരശ്രീ’ പദ്ധതിയുടെ ഭാഗമായി ഇന്നലെ വട്ടിയൂര്‍ക്കാവ് നിയോജകമണ്ഡലത്തിലെ 24 വാര്‍ഡുകളിലായി 697 പേര് പരീക്ഷയെഴുതി. പി.ടി.പി. നഗറില്‍ പരീക്ഷയെഴുതിയ ലക്ഷ്മി (91) യാണ് പരീക്ഷയെഴുതിയവരില്‍ ഏറ്റവും പ്രായം കൂടിയത്. കാഞ്ഞിരംപാറയില്‍ പരീക്ഷയെഴുതിയ ജിജി (26) യാണ് ഏറ്റവും പ്രായം കുറഞ്ഞത്. പുത്തന്‍പാലത്ത് നഗരസഭയുടെ കമ്മ്യൂണിറ്റിഹാളില്‍ അണ്പത്തിയാറുകാരി ഉഷയ്ക്ക് ചോദ്യപേപ്പര്‍ നല്കി സാക്ഷരതാമിഷന്‍ ഡയറക്ടര്‍ ഡോ.പി.എസ്.ശ്രീകല പരീക്ഷ ഉദ്ഘാടനം ചെയ്തു. നഗരസഭയുടെ വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് വഞ്ചിയൂര്‍ പി.ബാബു, വാര്‍ഡ് കൗണ്‍സിലര്‍ ആര്.സതീഷ്കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പതിവ് സാക്ഷരതാ പരീക്ഷകളില്‍ നിന്നും മാറി മികവുത്സവം എന്ന പുതിയ സമ്പ്രദായത്തില്‍ നടത്തിയ പരീക്ഷയില്‍ നേരത്തെ നഗരത്തിലെ 76 വാര്‍ഡുകളില്‍ നിന്നായി 2050 പഠിതാക്കള്‍ പങ്കെടുത്തിരുന്നു. വട്ടിയൂര്‍ക്കാവ് നിയോജക മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് നടന്നതിനാലാണ് ഇവിടെ ഇന്നലെ പരീക്ഷ സംഘടിപ്പിച്ചത്.
നഗരത്തിലെ 100 വാര്‍ഡുകളില്‍ നിന്നായി സാക്ഷരത മുതല്‍ ഹയര്‍സെക്കന്‍ഡറി തുല്യതവരെയുള്ള വിഭാഗങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത 8500 പഠിതാക്കള്‍ക്കായി കഴിഞ്ഞ മാര്‍ച്ച് 15നാണ് അക്ഷരശ്രീ പദ്ധതിയില്‍ ക്ലാസ്സുകള്‍ ആരംഭിച്ചത്.
വായന, എഴുത്ത്, കണക്ക് എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളെ ആസ്പദമാക്കി മൊത്തം 100 മാര്‍ക്കിനാണ് മികവുത്സവം സംഘടിപ്പിച്ചത്. 30 മാര്‍ക്കാണ് വിജയിക്കാന്‍ വേണ്ടത്. വായനയ്ക്ക് 30 മാര്‍ക്കില്‍ ഒമ്പത്, എഴുത്തിന് 40 മാര്‍ക്കില്‍ 12, കണക്കിന് 30 മാര്‍ക്കില്‍ 9 എന്നിങ്ങനെയാണ് പാസ് മാര്‍ക്ക്.
പഠിതാക്കളില്‍ സാമൂഹിക ബോധം വളര്‍ത്തിയെടുക്കുക, തെറ്റായ ധാരണകള്‍ മാറ്റി ശാസ്ത്രീയ ബോധം നല്‍കുക, സംവാദങ്ങളിലൂടെ പഠിതാക്കളിലെ അറിവുകള്‍ പുറത്തുകൊണ്ടുവരിക തുടങ്ങിയവയാണ് മികവുത്സവം ലക്ഷ്യമിടുന്നത്.
സാക്ഷരത മുതല്‍ ഹയര്‍സെക്കന്‍ഡറി വരെ പൂര്‍ണമായും സൗജന്യവിദ്യാഭ്യാസം നല്കുന്ന അക്ഷരശ്രീ പദ്ധതിയില്‍ സാക്ഷരത, നാല്,ഏഴ്,പത്ത് തുല്യതാ ക്ലാസുകളില്‍ പൂര്‍ണമായും സ്ത്രീ പഠിതാക്കളെയാണ് ഉള്‍പ്പെടുത്തിയത് ഹയര്‍സെക്കന്‍ഡറി തുല്യതയില്‍ സ്ത്രീ-പുരുഷ വ്യത്യാസമില്ലാതെ ക്ലാസ് സംഘടിപ്പിച്ചുവരുന്നു. സാക്ഷരതയില്‍ ഒരു വാര്‍ഡില്‍ 25 പേരെ ഉള്‍ക്കൊള്ളിച്ചായിരുന്നു ക്ലാസ്. നാലിന് ഒരു വാര്‍ഡില്‍ 20 പഠിതാക്കള്‍, ഏഴാംതരത്തിന് 15 പഠിതാക്കള്‍ എന്നിങ്ങനെയാണ് ക്ലാസുകള്‍ ക്രമീകരിച്ചത്. പത്താംതരത്തില്‍ 15, ഹയര്‍സെക്കന്‍ഡറിയ്ക്ക് 10 എന്നിങ്ങനെ പഠിതാക്കളെ ഉള്‍ക്കൊള്ളിച്ചുള്ള ക്ലാസുകളാണ് ഓരോ വാര്‍ഡിലും നടന്നുവരുന്നത്. ഇപ്പോള്‍ നടന്നുവരുന്ന നാല് മുതല്‍ ഹയര്‍സെക്കന്‍ഡറിവരെയുള്ള ക്ലാസുകളിലെ പരീക്ഷ പിന്നീട് നടത്തും.
അക്ഷരശ്രീ പദ്ധതിയുടെ ഭാഗമായി നഗരത്തിലെ മുഴുവന്‍ വാര്‍ഡുകളിലുമായി 2018 സെപ്റ്റംബര്‍ മാസത്തില്‍ നടത്തിയ സര്‍വേയില്‍ മൊത്തം 11,764 നിരക്ഷരരെയാണ് കണ്ടെത്തിയത്. നിരക്ഷരരില്‍ ഭൂരിഭാഗവും സ്ത്രീകളാണ്. 7256 പേര്. നാലാംതരം വിജയിക്കാത്ത 12,979 പേരെ സര്‍വേയില്‍ കണ്ടെത്തി. ഏഴാംതരം വിജയിക്കാത്തവര്‍- 22,999, പത്താംതരം വിജയിക്കാത്തവര്‍- 45208, ഹയര്‍ സെക്കന്‍ഡറി വിജയിക്കാത്തവര്‍- 39,479 എന്നിങ്ങനെയായിരുന്നു സര്‍വേയില്‍ കണ്ടെത്തിയത്. നഗരത്തിലെ 100 വാര്‍ഡുകളിലായി മൊത്തം 2,23818 വീടുകളിലായിരുന്നു സര്‍വേ നടത്തിയത്. നഗരപരിധിയിലെ വിദ്യാലയങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍, സാക്ഷരതാമിഷന്റെ തുല്യതാ പഠിതാക്കള്‍, ട്രാന്‍സ്ജെന്‍ഡേഴ്സ് തുടര്‍വിദ്യാഭ്യാസ പദ്ധതിയിലെ പഠിതാക്കള്‍, സന്നദ്ധപ്രവര്‍ത്തകര്‍ എന്നിങ്ങനെ മൊത്തം 14,318 പേര് സര്‍വേ വോളന്റിയര്‍മാരായി.