”നന്നായി പഠിച്ചു, പരീക്ഷയും നന്നായിട്ടെഴുതും, പഠനത്തിന് പ്രായം ഒരു തടസ്സമേയല്ല” – സാക്ഷരതാ ചോദ്യപേപ്പര്‍ ഹൃദയത്തില്‍ ചേര്‍ത്തുപിടിച്ചുള്ള എണ്‍പത്തിയഞ്ചുകാരി സുമതിയമ്മാളുടെ വാക്കുകളില്‍ ആത്മവിശ്വാസത്തിന് അതിരില്ല. നഷ്ടമായെന്ന് കരുതിയ അറിവിന്റെ ലോകം തിരികെ ലഭിച്ച ആഹ്ലാദം പുഞ്ചക്കരി വലിയകുന്നുമ്പുറത്ത് വീട്ടില്‍ സുമതിയമ്മാളെ പോലെ തന്നെ നഗരത്തില്‍ ഇന്നലെ സാക്ഷരതാ പരീക്ഷയായ മികവുത്സവത്തില്‍ പങ്കെടുക്കാനെത്തിയ നിരവധിപേരുടെ മുഖത്ത് പ്രകടം. തൃക്കണ്ണാപുരത്ത് എബ്രഹാം മെമ്മോറിയല്‍ യൂണിയന് ലൈബ്രററിയില്‍ മികവുത്സവത്തില്‍ പങ്കെടുത്ത എണ്‍പത്തിമൂന്നുകാരി സുഭദ്രാമ്മ സാക്ഷരതയും കടന്ന് തുല്യതാ കോഴ്സുകളും പാസാകുമെന്ന വാശിയിലാണ്. അമ്മമാരും മക്കളും ഒരുമിച്ച് ഒരേ ക്ലാസില്‍ പരീക്ഷയെഴുതിയതും കൗതുകമായി. പാച്ചല്ലൂര്‍ കന്യാര്‍നട കമ്മ്യൂണിറ്റി ഹാളിലായിരുന്നു ഈ അപൂര്‍വ്വകാഴ്ച. പാച്ചല്ലൂര്‍ കിഴക്കേ പണ്ടാരവിളാകം വീട്ടില്‍ ലീല (79), മകള്‍ ഭാവന (59), പാച്ചല്ലൂര്‍ അനശ്വര നിവാസില്‍ രാജമ്മ (77), മകള്‍ വാസന്തി (51) എന്നിവരാണ് ഇവിടെ മികവുത്സവത്തില്‍ പങ്കെടുത്തത്. ഏതുവരെ പഠിക്കണമെന്ന സാക്ഷരതാമിഷന്‍ ഡയറക്ടര്‍ ഡോ.പി.എസ്.ശ്രീകലയുടെ ചോദ്യത്തിന് ഇരുവരുടെയും മറുപടി ഒരുമിച്ചായിരുന്നു. നാലാംതരം പാസാകണം- ലീലയും രാജമ്മയും ഉറപ്പിച്ചു. ഭാവനയുടെയും വാസന്തിയുടെയും പഠനമോഹങ്ങള്‍ക്ക് അതിരുകളില്ല. കഴിയുന്നത്ര പഠിക്കണം.
അവശേഷിക്കുന്ന നിരക്ഷരരെ കണ്ടെത്തി സാക്ഷരരാക്കുക, തുടര്‍വിദ്യാഭ്യാസം നല്‍കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ സംസ്ഥാന സാക്ഷരതാമിഷന്‍ നഗരസഭയുമായി സഹകരിച്ച് നടപ്പിലാക്കിവരുന്ന ‘അക്ഷരശ്രീ’ പദ്ധതിയുടെ ഭാഗമായി ഇന്നലെ നഗരത്തിലെ വിവിധ കേന്ദ്രങ്ങളില്‍ നടന്ന സാക്ഷരതാ പരീക്ഷ അറിവന്റെ ലോകത്ത് പ്രായം ഒരു വിഷയമേയല്ലെന്ന് അടിവരയിട്ടു. തിരുവല്ലം ബിഎന്‍വി ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ മികവുത്സവത്തില്‍ പങ്കെടുത്ത രാജമ്മാ (85)ളാണ് ഏറ്റവും പ്രായം കൂടിയത്. പെരുന്താന്നി കുടുംബശ്രീ പരീക്ഷാകേന്ദ്രത്തിലെ തസ്ലീമ (21)യാണ് ഏറ്റവും പ്രായം കുറഞ്ഞത. ്
പതിവ് സാക്ഷരതാ പരീക്ഷകളില്‍ നിന്നും മാറി മികവുത്സവം എന്ന പുതിയ സമ്പ്രദായത്തില്‍ നടത്തിയ പരീക്ഷയില്‍ നഗരത്തിലെ 74 വാര്‍ഡുകളില്‍ നിന്നായി 2050 പഠിതാക്കള്‍ പങ്കെടുത്തു. വട്ടിയൂര്‍ക്കാവ് നിയോജക മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ ഇവിടെ 26 വാര്‍ഡുകളിലെ 697 പഠിതാക്കള്‍ക്കുള്ള മികവുത്സവം പിന്നീട് നടത്തും.
നഗരത്തിലെ 100 വാര്‍ഡുകളില്‍ നിന്നായി സാക്ഷരത മുതല്‍ ഹയര്‍സെക്കന്‍ഡറി തുല്യതവരെയുള്ള വിഭാഗങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത 8500 പഠിതാക്കള്‍ക്കായി കഴിഞ്ഞ മാര്‍ച്ച് 15നാണ് അക്ഷരശ്രീ പദ്ധതിയില്‍ ക്ലാസ്സുകള്‍ ആരംഭിച്ചത്.
വായന, എഴുത്ത്, കണക്ക് എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളെ ആസ്പദമാക്കി മൊത്തം 100 മാര്‍ക്കിനാണ് മികവുത്സവം സംഘടിപ്പിച്ചത്. 30 മാര്‍ക്കാണ് വിജയിക്കാന്‍ വേണ്ടത്. വായനയ്ക്ക് 30 മാര്‍ക്കില്‍ ഒമ്പത്, എഴുത്തിന് 40 മാര്‍ക്കില്‍ 12, കണക്കിന് 30 മാര്‍ക്കില്‍ 9 എന്നിങ്ങനെയാണ് പാസ് മാര്‍ക്ക്.
പഠിതാക്കളില്‍ സാമൂഹിക ബോധം വളര്‍ത്തിയെടുക്കുക, തെറ്റായ ധാരണകള്‍ മാറ്റി ശാസ്ത്രീയ ബോധം നല്‍കുക, സംവാദങ്ങളിലൂടെ പഠിതാക്കളിലെ അറിവുകള്‍ പുറത്തുകൊണ്ടുവരിക തുടങ്ങിയവയാണ് മികവുത്സവം ലക്ഷ്യമിടുന്നത്.
സാക്ഷരത മുതല്‍ ഹയര്‍സെക്കന്‍ഡറി വരെ പൂര്‍ണമായും സൗജന്യവിദ്യാഭ്യാസം നല്കുന്ന അക്ഷരശ്രീ പദ്ധതിയില്‍ സാക്ഷരത, നാല്,ഏഴ്,പത്ത് തുല്യതാ ക്ലാസുകളില്‍ പൂര്‍ണമായും സ്ത്രീ പഠിതാക്കളെയാണ് ഉള്‍പ്പെടുത്തിയത് ഹയര്‍സെക്കന്‍ഡറി തുല്യതയില്‍ സ്ത്രീ-പുരുഷ വ്യത്യാസമില്ലാതെ ക്ലാസ് സംഘടിപ്പിച്ചുവരുന്നു. സാക്ഷരതയില്‍ ഒരു വാര്‍ഡില്‍ 25 പേരെ ഉള്‍ക്കൊള്ളിച്ചായിരുന്നു ക്ലാസ്. നാലിന് ഒരു വാര്‍ഡില്‍ 20 പഠിതാക്കള്‍, ഏഴാംതരത്തിന് 15 പഠിതാക്കള്‍ എന്നിങ്ങനെയാണ് ക്ലാസുകള്‍ ക്രമീകരിച്ചത്. പത്താംതരത്തില്‍ 15, ഹയര്‍സെക്കന്‍ഡറിയ്ക്ക് 10 എന്നിങ്ങനെ പഠിതാക്കളെ ഉള്‍ക്കൊള്ളിച്ചുള്ള ക്ലാസുകളാണ് ഓരോ വാര്‍ഡിലും നടന്നുവരുന്നത്. ഇപ്പോള്‍ നടന്നുവരുന്ന നാല് മുതല്‍ ഹയര്‍സെക്കന്‍ഡറിവരെയുള്ള ക്ലാസുകളിലെ പരീക്ഷ പിന്നീട് നടത്തും.
അക്ഷരശ്രീ പദ്ധതിയുടെ ഭാഗമായി നഗരത്തിലെ മുഴുവന്‍ വാര്‍ഡുകളിലുമായി 2018 സെപ്റ്റംബര്‍ മാസത്തില്‍ നടത്തിയ സര്‍വേയില്‍ മൊത്തം 11,764 നിരക്ഷരരെയാണ് കണ്ടെത്തിയത്. നിരക്ഷരരില്‍ ഭൂരിഭാഗവും സ്ത്രീകളാണ്. 7256 പേര്. നാലാംതരം വിജയിക്കാത്ത 12,979 പേരെ സര്‍വേയില്‍ കണ്ടെത്തി. ഏഴാംതരം വിജയിക്കാത്തവര്‍- 22,999, പത്താംതരം വിജയിക്കാത്തവര്‍- 45208, ഹയര്‍ സെക്കന്‍ഡറി വിജയിക്കാത്തവര്‍- 39,479 എന്നിങ്ങനെയായിരുന്നു സര്‍വേയില്‍ കണ്ടെത്തിയത്. നഗരത്തിലെ 100 വാര്‍ഡുകളിലായി മൊത്തം 2,23818 വീടുകളിലായിരുന്നു സര്‍വേ നടത്തിയത്. നഗരപരിധിയിലെ വിദ്യാലയങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍, സാക്ഷരതാമിഷന്റെ തുല്യതാ പഠിതാക്കള്‍, ട്രാന്‍സ്ജെന്‍ഡേഴ്സ് തുടര്‍വിദ്യാഭ്യാസ പദ്ധതിയിലെ പഠിതാക്കള്‍, സന്നദ്ധപ്രവര്‍ത്തകര്‍ എന്നിങ്ങനെ മൊത്തം 14,318 പേര് സര്‍വേ വോളന്റിയര്‍മാരായി.