തിരുവനന്തപുരം: പരിപൂര്‍ണ സാക്ഷരതാനഗരമെന്ന നേട്ടം കൈവരിക്കുന്നതിനായി നഗരസഭയുടെ സഹകരണത്തോടെ സാക്ഷരതാമിഷന്‍ നടപ്പിലാക്കുന്ന ‘അക്ഷരശ്രീ’ സാക്ഷരത,തുടര്‍വിദ്യാഭ്യാസ പദ്ധതിയുടെ നഗരസഭാതല ഉദ്ഘാടനം ആശാന് സ്ക്വയറില്‍ അക്ഷരദീപം തെളിച്ചു മന്ത്രി സി.രവീന്ദ്രനാഥ് നിര്‍വഹിച്ചു. ഔപചാരിക, അനൗപചാരിക വിദ്യാഭ്യാസമേഖലകളെ സംയോജിപ്പിച്ചുകൊണ്ടുള്ള പുതിയൊരു വിദ്യാഭ്യാസ പ്രക്രിയയിലൂടെ മാത്രമേ സംസ്ഥാനത്തിന്റെ യഥാര്‍ത്ഥ വികസനം സാധ്യമാകൂവെന്ന് അദ്ദേഹം പറഞ്ഞു. അക്ഷരശ്രീ പദ്ധതി മുന്നോട്ടുവയ്ക്കുന്നത് ഇത്തരത്തിലൊരു മഹനീയ ആശയമാണ്. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം വിഭാവനം ചെയ്യുന്ന രീതിയില്‍ തിരുവനന്തപുരം നഗരസഭയില്‍ നടപ്പിലാക്കുന്ന പദ്ധതി കേരളത്തിനു മാതൃകയാണ്. പദ്ധതി സംസ്ഥാനത്തൊട്ടാകെ വ്യാപപ്പിക്കും.വരാന്‍ പോകുന്ന തലമുറയെ കരുതി കക്ഷിരാഷ്ട്രീയ വ്യത്യാസങ്ങള്‍ക്കതീതമായി തലസ്ഥാന നഗരിയില്‍ നടക്കുന്ന അക്ഷരയജ്ഞത്തെ വിജയിപ്പിക്കാന്‍ ജനങ്ങള്‍ മുന്നോട്ടുവരണം. അക്ഷരശ്രീ പദ്ധതിയുടെ സംസ്ഥാനത്തിന്റെ സാക്ഷരതാനിരക്ക് 93.91 ശതമാനമാണെങ്കിലും തിരുവനന്തപുരം നഗരസഭയിലിത് 84 ശതമാനമാണ്. 100 ശതമാനം സാക്ഷരത കൈവരിക്കുന്ന നഗരസഭയാക്കി മാറ്റാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു സംസാരിച്ച മേയര്‍ വി.കെ.പ്രശാന്ത് പറഞ്ഞു. ഔപചാരിക വിദ്യാഭ്യാസത്തെ അനൗപചാരിക വിദ്യാഭ്യാസമേഖലയുമായി കോര്‍ത്തിണക്കി ആരോഗ്യകരമായ ഒരു വിദ്യാഭ്യാസ സമ്പ്രദായത്തിന് പദ്ധതിയിലൂടെ തുടക്കം കുറിക്കുമെന്ന് സാക്ഷരതാമിഷന്‍ ഡയറക്ടര്‍ ഡോ.പി.എസ്. ശ്രീകല പറഞ്ഞു. നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന് ഉണ്ണിക്ക്യഷ്ണന്‍, വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന് വഞ്ചിയൂര്‍ ബാബു, കൗണ്‍സിലര്‍മാരായ ഐഷബേക്കര്, അഡ്വ.ആര്.സതീഷ്കുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.