തിരുവനന്തപുരം: അവശേഷിക്കുന്ന നിരക്ഷരരെ കണ്ടെത്തി സാക്ഷരരാക്കുക, തുടര്‍വിദ്യാഭ്യാസം നല്‍കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ സംസ്ഥാന സാക്ഷരതാമിഷന്റെ നേതൃത്വത്തില്‍ തിരുവനന്തപുരം നഗരസഭയില്‍ ആരംഭിച്ച ‘അക്ഷരശ്രീ’ മാതൃകാ പദ്ധതിയുടെ നടത്തിപ്പിന് മന്ത്രി കടകംപള്ളി സുരേന്ദ്രനെ മുഖ്യരക്ഷാധികാരിയാക്കി വിപുലമായ സംഘാടകസമിതിക്ക് രൂപംനല്കി.
നഗരസഭ മേയര്‍ വി.കെ. പ്രശാന്ത് ചെയര്‍മാനായുള്ള സമിതിയില്‍ നഗരസഭാ പരിധിയിലെ ലോക്സഭ,നിയമസഭാ മണ്ഡലങ്ങളെ പ്രതിനിധീകരിക്കുന്ന എം.പിമാര്‍, എം.എല്‍.എമാര്‍ എന്നിവര്‍ രക്ഷാധികാരികളാണ്. നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന് എസ്. ഉണ്ണിക്കൃഷ്ണന് (വര്‍ക്കിങ് ചെയര്മാന്), ഡെപ്യൂട്ടി മേയര്‍ രാഖിരവികുമാര്‍, നഗരസഭ സ്റ്റാന്റിങ് കമ്മിറ്റി ചെയര്പേഴ്സണ്മാര്, സാക്ഷരതാമിഷന്‍ അസി.ഡയറക്ടര്‍മാര്‍ (വൈസ് ചെയര്മാന്മാര്), സാക്ഷരതാമിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ (ജനറല്‍ കണ്‍വീനര്‍), അസി.കോ-ഓര്‍ഡിനേറ്റര്‍മാര്‍ (കണ്‍വീനര്‍), തിരുവനന്തപുരം നഗരസഭ കൗണ്‍സിലിലെ കക്ഷിനേതാക്കള്‍, നഗരസഭ സാക്ഷരതാസമിതി അംഗങ്ങള്‍, താലൂക്ക് ലൈബ്രറി കൗണ്‍സില്‍, റസി.അസോസിയേഷന്, റോട്ടറി ക്ലബ്ബ്, ലയണ്‍സ് ക്ലബ്ബ് പ്രതിനിധികള്‍, വ്യാപാര-വ്യവസായ ഏകോപനസമിതി, വ്യാപാര-വ്യവസായ സമിതി ഭാരവാഹികള്‍, സംസ്ഥാന എന്‍.എസ്.എസ് ഓഫീസര്‍, ഡെപ്യൂട്ടി ഡയറക്ടര്‍ ഒഫ് എജ്യുക്കേഷന്‍, ഡയറ്റ് പ്രിന്‍സിപ്പല്‍, കുടുംബശ്രീ സിഡിഎസ് ചെയര്‍പേഴ്സണണ്‍, ഹെല്‍ത്ത് ഓഫീസര്‍, സാക്ഷരതാമിഷന്റെ നഗരത്തിലെ പ്രേരക്മാര്‍, തുല്യതാക്ലാസ് ലീഡര്‍മാര്‍, തുല്യത അധ്യാപകര്‍, കോഴ്സ് കണ്‍വീനര്‍മാര്‍ തുടങ്ങിയവര്‍ എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളാണ്.
സര്‍വേ കമ്മിറ്റി, അക്കാദമിക് കമ്മിറ്റി, മോണിറ്ററിങ് കമ്മിറ്റി എന്നിങ്ങനെ മൂന്ന് സബ്കമ്മിറ്റികളും രൂപീകരിച്ചിട്ടുണ്ട്. നഗരസഭ ഡെപ്യൂട്ടി മേയര്‍ (ചെയര്‍പേഴ്സണ്‍), വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന് (വൈസ് ചെയര്മാന്), ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന്, ഹെല്‍ത്ത് ഓഫീസര്‍, സിഡിഎസ് ചെയര്‍പേഴ്സണ്‍, സാക്ഷരതാമിഷന്‍ പ്രതിനിധി, എന്‍എസ്എസ് ജില്ലാ ഓഫീസര്‍ (അംഗങ്ങള്‍) എന്നിങ്ങനെയാണ് സര്‍വേ കമ്മിറ്റിയുടെ ഘടന.
അക്കാദമിക് കമ്മിറ്റി ചെയര്‍മാനായി വിദ്യാഭ്യാസ വിദഗ്ധന്‍ കെ.കെ.കൃഷ്ണകുമാറിനെ തെരഞ്ഞെടുത്തു. മേയറാണ് മോണിറ്ററിംഗ് കമ്മിറ്റി ചെയര്മാന്.
പദ്ധതിയുടെ കാര്യക്ഷമമായ നടത്തിപ്പിന് വിപുലമായ വാര്ഡ്സമിതിക്കും രൂപം നല്കി. അതാത് വാര്‍ഡ് കൗണ്‍സിലറുടെ അധ്യക്ഷതയില്‍ കണ്‍വീനര്‍ (വിദ്യാഭ്യാസമേഖലയില്‍ പ്രവര്‍ത്തിച്ച് പരിചയമുള്ളയാള്‍). അംഗങ്ങള്‍ (അതാത് വാര്‍ഡിലെ വിദ്യാഭ്യാസസ്ഥാപനങ്ങളുടെ മേധാവികള്‍), കുടുംബശ്രീ പ്രവര്‍ത്തകര്‍, സാക്ഷരത-തുടര്‍വിദ്യാഭ്യാസ പ്രവര്‍ത്തകര്‍, അങ്കണവാടി ടീച്ചര്മാര്, ആശാവര്‍ക്കേഴ്സ്, വിദ്യാഭ്യാസ പ്രവര്‍ത്തകര്‍, വിദ്യാര്‍ത്ഥി പ്രതിനിധികള്‍, റസി.അസോസിയേഷന് ഭാരവാഹികള്‍, ലൈബ്രറി കൗണ്‍സില്‍ പ്രതിനിധികള്‍, ഹെല്‍ത്ത് ഓഫീസര്‍മാര്‍, സാമൂഹ്യ,സന്നദ്ധ പ്രവര്‍ത്തകര്‍, റിട്ട.അധ്യാപകര്‍, ഉദ്യോഗസ്ഥര്‍, തുല്യത പഠിതാക്കള്‍ തുടങ്ങിയവര്‍) എന്നിങ്ങനെയാണ് വാര്ഡ്സമിതികളുടെ ഘടന.
‘അക്ഷരശ്രീ’ പദ്ധതിയുടെ നടത്തിപ്പിനായി ഇത്തരത്തില്‍ വിപുലമായ സംവിധാനങ്ങളാണ് സാക്ഷരതാമിഷന്റെ നേതൃത്വത്തില്‍ ഒരുക്കിയിരിക്കുന്നത്. സാക്ഷരതാമിഷന്റെ സംഘടനാസംവിധാനം, സാക്ഷരത-തുല്യതാ കോഴ്സുകള്‍, അക്കാദമിക് സൗകര്യങ്ങള്‍ തുടങ്ങിയവ പദ്ധതിക്കായി വിനിയോഗിക്കും.
പദ്ധതിയുടെ ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനുള്ള സര്‍വേ ജൂണ്‍ 24ന് നടക്കും. നഗരസഭയിലെ രണ്ടരലക്ഷത്തോളം വരുന്ന വീടുകളില്‍ സാക്ഷരത- തുടര്‍വിദ്യാഭ്യാസ സര്‍വേ നടത്തും. 10000 സര്‍വേ വോളന്റിയര്‍മാരുടെ നേതൃത്വത്തിലാണ് സര്‍വേ. ഓരോ വാര്‍ഡിലും വീടുകളെ 50 വീതമുള്ള ക്ലസ്റ്ററാക്കി തിരിച്ച്, ഓരോ ക്ലസ്റ്ററിനും ഓരോ സര്‍വേ ടീമിനെ നിയോഗിക്കും. ഓരോ വാര്‍ഡിലും വിദ്യാര്‍ത്ഥികള്‍, സാക്ഷരതാ പഠിതാക്കള്‍, പ്രേരക്മാര്‍, സാക്ഷരതാമിഷന്‍ ജീവനക്കാര്‍, ഗ്രന്ഥശാലാ പ്രവര്‍ത്തകര്‍, റസി.അസോസിയേഷന് ഭാരവാഹികള്‍, സാമൂഹ്യസന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ഉള്‍പ്പെടുന്ന സര്‍വേ ടീമിനാണ് രൂപം നല്‍കുന്നത്.
സര്‍വേക്കുശേഷം ഓരോ വാര്‍ഡിലും സാക്ഷരതാക്ലാസുകള്‍ ആരംഭിക്കും. എന്‍എസ്എസ് യൂണിറ്റുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥികളുടെ സേവനം ഇതിനായി പ്രയോജനപ്പെടുത്തും. ഒരു വാര്‍ഡില്‍ 25 പേര് എന്ന കണക്കിന് നഗരസഭയിലാകെ 2500 പേര്‍ക്ക് ഈ പദ്ധതിയുടെ ഭാഗമായി സാക്ഷരതാക്ലാസ് നല്‍കും. മൂന്നു മാസത്തെ സാക്ഷരതാക്ലാസിനു ശേഷം പരീക്ഷയില്‍ വിജയിക്കുന്നവര്‍ക്ക് നാലാംതരം തുല്യതാ കോഴ്സില്‍ ചേരാം. ആറുമാസമാണ് കോഴ്സിന്റെ കാലാവധി. തുടര്‍ന്ന് ഹയര്‍ സെക്കന്‍ഡറി തുല്യത വരെ സൗജന്യമായി പഠിക്കാനുള്ള അവസരമാണ് ഒരുക്കുന്നത്. പത്താംതരം, ഹയര്‍സെക്കന്‍ഡറി തുല്യതാ കോഴ്സുകളുടെ അടുത്ത ബാച്ചില്‍ ‘അക്ഷരശ്രീ’ പദ്ധതി പ്രകാരം 1500 പേര്‍ക്ക് പത്താംതരം തുല്യതാ കോഴ്സും 1000 പേര്‍ക്ക് ഹയര്‍ സെക്കന്‍ഡറി തുല്യതാ കോഴ്സും ആരംഭിക്കും. പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ലൈബ്രറികള്‍, മറ്റ് പൊതുസ്ഥാപനങ്ങളുടെ ഭൗതിക സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തിയായിരിക്കും സാക്ഷരത-തുല്യതാ ക്ലാസുകള്‍ സംഘടിപ്പിക്കുന്നത്.
സംഘാടകസമിതി രൂപീകരണയോഗം മന്ത്രി കടകംപള്ളി സുരേന്ദ്രന് ഉദ്ഘാടനം ചെയ്തു. മേയര്‍ വി.കെ.പ്രശാന്ത് അധ്യക്ഷത വഹിച്ചു. സാക്ഷരതാമിഷന്‍ ഡയറക്ടര്‍ ഡോ.പി.എസ്.ശ്രീകല പദ്ധതി വിശദീകരണം നടത്തി. നഗസഭ വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന് വഞ്ചിയൂര്‍ ബാബു, ഠൗണ്‍ പ്ലാനിംഗ് കമ്മിറ്റി ചെയര്മാന് അഡ്വ.ആര്.സതീഷ്കുമാര്‍, സാക്ഷരതാമിഷന്‍ അസി.ഡയറക്ടര്‍മാരായ ഡോ.വിജയമ്മ, കെ.അയ്യപ്പന്‍നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.