തീരപ്രദേശങ്ങളിലെ നിരക്ഷരത നിര്‍മ്മാര്‍ജനം ചെയ്യുകയെന്ന ലക്ഷ്യത്തോടെ ഫിഷറീസ് വകുപ്പിന്റെ സഹായത്തോടെ സംസ്ഥാന സാക്ഷരതാമിഷന്‍ ആരംഭിച്ച ‘അക്ഷരസാഗരം’ പദ്ധതിയില്‍ മൊത്തം 1605 പേര് നാലാംതരം തുല്യതാ പരീക്ഷയെഴുതി. പട്ടികജാതി വിഭാഗത്തില്‍ നിന്ന് 59 പേരും പട്ടികവര്‍ഗത്തില്‍ നിന്ന് ഒരാളും പരീക്ഷയെഴുതിയവരില്‍ ഉള്‍പ്പെടുന്നു. തിരുവനന്തപുരം, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ സാക്ഷരതാ നിരക്ക് കുറഞ്ഞ 13 തീരദേശ പഞ്ചായത്തുകളിലെ 65 വാര്‍ഡുകളിലാണ് പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയില്‍ നാലാംതരം തുല്യതാ പരിപാടി ആരംഭിച്ചത്.
തിരുവനന്തപുരം ജില്ലയില്‍ 606 പേര് പരീക്ഷയെഴുതി. ചിറയിന്‍കീഴ് ഗ്രാമപഞ്ചായത്തിലെ 75 വയസ്സുകാരി ലില്ലി പാപ്പച്ചനാണ് ഏറ്റവും പ്രായം കൂടിയ പഠിതാവ്. കാസര്‍ഗോഡ് ജില്ലയില്‍ 464 പേര് പരീക്ഷയെഴുതി. വലിയപറമ്പ് ഗ്രാമപഞ്ചായത്തിലെ 76 വയസ്സുളള നാരായണിയാണ് ഏറ്റവും പ്രായം കൂടിയ പഠിതാവ്. 535 പേരാണ് മലപ്പുറം ജില്ലയില്‍ പരീക്ഷയെഴുതിയത്. പുറത്തൂര്‍ ഗ്രാമപഞ്ചായത്തിലെ 81 വയസ്സുകാരി ജാനകിയാണ് ഇവിടെ പരീക്ഷയെഴുതിയവരില്‍ ഏറ്റവും പ്രായം കൂടിയത്. ഉത്തരക്കടലാസുകള്‍ അതത് ജില്ലകളിലെ ഡയറ്റിന്റെ നേതൃത്വത്തില്‍ മൂല്യനിര്‍ണയം നടത്തി വിജയികള്‍ക്ക് സെപ്റ്റംബര്‍ മാസത്തില്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യും. ഇവര്‍ക്ക് സാക്ഷരതാമിഷന്റെ ഏഴാംതരം തുല്യതാ കോഴ്സില്‍ ചേരാം.
ഫിഷറീസ് വകുപ്പ് മന്ത്രി ജെ.മെഴ്സിക്കുട്ടിയമ്മ ജനുവരി 31ന് സംസ്ഥാനതല ഉദ്ഘാടനം നിര്‍വ്വഹിച്ച അക്ഷരസാഗരം ഒന്നാംഘട്ട പദ്ധതിയുടെ ഭാഗമായി നേരത്തെ 3746 പേര് സാക്ഷരതാ പരീക്ഷയെഴുതിയിരുന്നു.
കൊല്ലം, എറണാകുളം, കോഴിക്കോട് ജില്ലകളികളില്‍ പദ്ധതിയുടെ രണ്ടാംഘട്ട പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കും.