തിരുവനന്തപുരം: 90- കളിലെ സാക്ഷരതായജ്ഞത്തിനു ശേഷം കേരളം ഒരുങ്ങുന്നു, മറ്റൊരു ചരിത്ര നേട്ടത്തിന് സാക്ഷ്യം വഹിക്കാന്‍. ഊരുകളില്‍ അക്ഷരവെളിച്ചമെത്തിച്ച് ആദിവാസി വിഭാഗത്തെ പരിപൂര്‍ണ സാക്ഷരതയിലേക്ക് എത്തിക്കാനുള്ള സാക്ഷരതാമിഷന്‍ യജ്ഞം അട്ടപ്പാടിയില്‍ ഫലപ്രാപ്തിയിലേക്ക്. 2020 ജൂണില്‍ അട്ടപ്പാടിയെ സമ്പൂര്‍ണ സാക്ഷരതാ ബ്ലോക്കായി പ്രഖ്യാപിക്കവാനുള്ള തീവ്രയത്ന പരിപാടികളിലാണ് സാക്ഷരതാമിഷന്‍. ഇതോടെ രാജ്യത്ത്്് സമ്പൂര്‍ണ സാക്ഷരത നേടുന്ന ഇന്ത്യയിലെ ആദ്യ ആദിവാസി ബ്ലോക്കെന്ന ഖ്യാതി അട്ടപ്പാടിയ്ക്ക്് സ്വന്തം. യുനെസ്കോ മാനദണ്ഡം അനുസരിച്ച് ഒരു പ്രദേശം 90 ശതമാനത്തിനുമേല്‍ സാക്ഷരത നേടിയാല്‍ ആ പ്രദേശത്തെ സമ്പൂര്‍ണ സാക്ഷരതാ പ്രദേശമായി പ്രഖ്യാപിക്കാമെന്നാണ്. അട്ടപ്പാടിയെ സമ്പൂര്‍ണ ആദിവാസി സാക്ഷരതാ ബ്ലോക്കായി പ്രഖ്യാപിക്കാനുള്ള പദ്ധതിയുടെ ഉദ്ഘാടനം ഈ മാസം 27ന് മന്ത്രി സി.രവീന്ദ്രനാഥ് നിര്‍വഹിക്കും.
2016 ഡിസംബറിലാണ് അട്ടപ്പാടിയില്‍ പ്രത്യേക സാക്ഷരതാ തുല്യതാ പരിപാടിയ്ക്ക് സാക്ഷരതാമിഷന്‍ തുടക്കം കുറിച്ചത്. അട്ടപ്പാടി ബ്ലോക്കിലെ മൂന്ന് ഗ്രാമപഞ്ചായത്തുകളായ അഗളി, ഷോളയൂര്‍, പുത്തൂര്‍ എന്നിവിടങ്ങളിലെ മൊത്തം 192 ഊരുകളിലായി നടന്ന ഒന്നും രണ്ടും ഘട്ട പ്രവര്‍ത്തനങ്ങളിലൂടെ മികച്ച വിജയമാണ് കൈവരിക്കാനായത്. ആദ്യ ഘട്ട സര്‍വേയില്‍ മൊത്തം 5031 നിരക്ഷരരെ കണ്ടെത്തി. ഇതില്‍ 1117 പേര് ആദ്യഘട്ടത്തിലും 2553 പേര് രണ്ടാംഘട്ടത്തിലുമായി മൊത്തം 3670 പേര് സാക്ഷരരായി. ഇനി സാക്ഷരത നേടാന്‍ അവശേഷിക്കുന്നത് 1361 പേര് മാത്രമാണ്. ഇവരെ സാക്ഷരരാക്കുന്നതിനുള്ള മൂന്നാംഘട്ട പദ്ധതിയ്ക്കാണ് ഈ മാസം 27ന് (2019, സെപ്റ്റംബര്‍) തുടക്കം കുറിക്കുന്നത്.
സാക്ഷരതയോടൊപ്പം തന്നെ നാലാംതരം തുല്യതാ പരിപാടികളും ഊര്‍ജ്ജിതമായി നടന്നുവരുന്നു. ഒന്നും രണ്ടും ഘട്ടത്തില്‍ സാക്ഷരത നേടിയവരില്‍ 576 പേര് നാലാംതരം തുല്യതാ പരീക്ഷ വിജയിച്ചു. അട്ടപ്പാടിയിലെ പ്രത്യേക സാക്ഷരതാ തുല്യതാ പദ്ധതിക്കായി മൊത്തം 275 ഇന്‍സ്ട്രക്ടര്‍മാരെയാണ് നിയോഗിച്ചിരിക്കുന്നത്. ഇതില്‍ 218 ഇന്‍സ്ട്രക്ടര്‍മാര്‍ ആദിവാസികളാണ്. വ്യത്യസ്ത ഗോത്രഭാഷകള്‍ സംസാരിക്കുന്ന ആദിവാസികള്‍ക്കിടയില്‍ നിന്നു തന്നെ ഇന്‍സ്ട്രക്ടര്‍മാരെ നിയോഗിച്ചതാണ് പദ്ധതിയെ ഫലപ്രദമാക്കുന്നത്. ഇന്‍സ്ട്രക്ടര്‍മാരില്‍ ഭൂരിഭാഗവും സ്ത്രീകളാണ്. 211 പേര്.
പഠിതാക്കളുടെ സൗകര്യം നോക്കിയാണ് ക്ലാസുകള്‍ സംഘടിപ്പിക്കുന്നത്. വൈകീട്ടും രാത്രിയിലുമാണ് ഊരുകളില്‍ ഓരോ മണിക്കൂര്‍ ക്ലാസ് നടത്തുന്നത്. കൂടാതെ തൊഴിലുറപ്പ് സ്ഥലങ്ങളില്‍ ഉച്ചസമയത്തും ക്ലാസ് നടത്തും. 15 മുതല്‍ 25 പേര് ക്രമത്തിലാണ് ക്ലാസ് ഒരുക്കുന്നത്. കുടംബശ്രീയുടെ കമ്മ്യൂണിറ്റി കിച്ചന് പദ്ധതി പ്രകാരം പഠിതാക്കള്‍ക്ക് സൗജന്യ ഭക്ഷണവും നല്‍കുന്നുണ്ട്. മൂന്നു മാസമാണ് സാക്ഷരതാ ക്ലാസുകളുടെ കാലാവധി.
അട്ടപ്പാടിയില്‍ സമ്പൂര്‍ണസാക്ഷരതാ ലക്ഷ്യത്തോടൊപ്പം നവസാക്ഷരര്‍ക്ക് തുടര്‍പഠനത്തിനുള്ള അവസരവും ഒരുക്കും. പത്രങ്ങളും ആനുകാലികങ്ങളും സൗജന്യമായി ലഭ്യമാക്കി, സ്ഥിരമായി വായന സൗകര്യം ഊരുകളില്‍ ഏര്‍പ്പെടുത്താന്‍ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുമായി ആലോചിച്ച് പദ്ധതി തയാറാക്കാനുള്ള ശ്രമങ്ങളാണ് സംസ്ഥാന സാക്ഷരതാമിഷന്‍ നടത്തിവരുന്നത്.