തിരുവനന്തപുരം: ” ഉള്ളിലുറങ്ങിക്കടന്ന അപരവ്യക്തിത്വം മാത്രമല്ല ലിംഗമാറ്റശത്രക്രിയയിലൂടെ ഞങ്ങള്‍ തിരിച്ചുപിടിച്ചത്. ഞങ്ങള്‍ വ്യത്യസ്തരല്ല; വ്യക്തിത്വമുള്ളവര്‍. സാക്ഷരതാമിഷനാണ് ഇന്ന് ഈ വേദിയില്‍ ഉറച്ച് നിന്ന് ഇതല്ലാം ഉറക്കെ വിളിച്ചു പറയാന്‍ ഞങ്ങളെ പ്രാപ്തരാക്കിയത്. എന്തെല്ലാം അവഹേളനങ്ങളാണ് സ്വന്തം കുടുംബത്തില്‍ നിന്നുപോലും ഞങ്ങള്‍ക്കു അനുഭവിക്കേണ്ടിവന്നത്. ഇപ്പോള്‍ ഞങ്ങളെ പൊതുസമൂഹം അംഗീകരിക്കുന്നു. വിവാഹം കഴിച്ച് സാധാരണ മനുഷ്യരെപ്പോലെ അന്തസ്സായി ജീവിക്കുന്നു.”- ഇടുക്കിയില്‍ നിന്നുള്ള ട്രാന്‍സ്ജെന്‍ഡര്‍ ബോബി ജോസിന് വികാരത്തള്ളിച്ചയില്‍ സ്വരമിടറി. സാക്ഷരതാമിഷന്റെ ട്രാന്‍സ്ജെന്‍ഡര്‍ തുടര്‍വിദ്യാഭ്യാസ പദ്ധതിയായ ‘സമന്വയ’ യില്‍ പത്താംതരം തുല്യത വിജയിച്ച 21 പേരെ അനുമോദിക്കാനായി വി.ജെ.ടി.ഹാളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ട്രാന്സ്ജെന്ഡറുകള് അവരുടെ ജീവിതാനുഭവങ്ങള്‍ വിവരിച്ചു. ട്രാന്‍സ്ജെന്‍ഡറുകളോട് മലയാളികല്‍ വച്ചുപുലര്‍ത്തുന്ന മനോഭാവത്തിന്റെ നേര്‍ചിത്രമായി തിരുവനന്തപുരത്ത് നിന്നുള്ള അസ്മയുടെയും കൊല്ലത്ത് നിന്നുള്ള സാംസണിന്റെയും ജീവിതാനുഭവങ്ങള്‍.. ആണുടലിന്റെ തടവുചാടിയ തങ്ങളെ പൊതുസമൂഹത്തോട് വിളക്കിച്ചേര്‍ക്കുന്നതില്‍ സാക്ഷരതാമിഷന്‍ വഹിച്ച പങ്കിനെ കുറിച്ചായിരുന്നു എല്ലാവരും ഒരേസ്വരത്തില്‍ പറഞ്ഞത്.
വിജയികളെ മന്ത്രി സി.രവീന്ദ്രനാഥ് അനുമോദിച്ചു. രാജ്യത്ത് വിദ്യാഭ്യാസമേഖലയെ സംബന്ധിച്ചുള്ള ഒരു ചര്‍ച്ച വന്നാല്‍ അതില്‍ സാക്ഷരതാമിഷന്റെ ഏതെങ്കിലുമൊരു പദ്ധതി വിഷയമാകുന്ന സാഹചര്യമാണുള്ളതെന്ന് മന്ത്രി പറഞ്ഞു. ലോകത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്ന പുതിയ കണ്ടുപിടിത്തങ്ങളും അറിവുകളും സമൂഹത്തിലെ എല്ലാവിഭാഗം ജനങ്ങളിലും എത്തണം. ഇക്കാര്യത്തില്‍ കേരളത്തിലെ അനൗപചാരിക വിദ്യാഭ്യാസമേഖല ഏറെ ക്രിയാത്മകമാണ്. രാജ്യത്ത് പാര്‍ശ്വത്കരിക്കപ്പെട്ട ഒരു വിഭാഗമായ ട്രാന്‍സ്ജെന്‍ഡറുകളെ മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ കേരളം നടത്തിയ ഇടപെടലുകള്‍ ഇതിന് തെളിവാണ്. ഔപചാരിക, അനൗപചാരിക വിദ്യാഭ്യാസ മേഖലകള്‍ പൂരകമായി പ്രവര്‍ത്തിക്കുന്നതാണ് യഥാര്‍ത്ഥ വിദ്യാഭ്യാസം. ഈ ബോധ്യത്തിലൂന്നിയ പ്രവര്‍ത്തനങ്ങളാണ് സാക്ഷരതാമിഷന്‍ നടത്തിവരുന്നത് – മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് പ്രായഭേദമന്യേ പഠിക്കാന്‍ താല്പര്യം പ്രകടിപ്പിച്ച് മുന്നോട്ട് വരുന്ന മുഴുവന്‍ പേര്‍ക്കും സാക്ഷരതാമിഷന്‍ പഠനസൗകര്യം ഒരുക്കുമെന്ന് ചടങ്ങില്‍ സംസാരിച്ച സാക്ഷരതാമിഷന്‍ ഡയറക്ടര്‍ ഡോ.പി.എസ്.ശ്രീകല പറഞ്ഞു. അസി.ഡയറക്ടര്‍ ഡോ.വിജയമ്മ, ‘സമന്വയ’ പദ്ധതി കോര്‍ഡിനേറ്റര്‍ ഇ.വി.അനില്‍കുമാര്‍, അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ഡാര്‍ളി ജോസഫ് തുടങ്ങിയവര്‍ സംസാരിച്ചു.
പത്താംതരം വിജയിച്ച 21 പേരും സാക്ഷരതാമിഷന്റെ ഹയര്‍സെക്കന്‍ഡറി തുല്യതാ കോഴ്സില്‍ ചേര്‍ന്നിട്ടുണ്ട്. മൊത്തം 27 ട്രാന്സ്ജെന്ഡറുകളാണ് പുതിയ അധ്യയന വര്‍ഷം ഹയര്‍സെക്കന്‍ഡറി തുല്യതാ കോഴ്സില്‍ ചേര്‍ന്ന് പഠിച്ചുവരുന്നത്. പത്താംതരംത്തിന് നിലവില്‍ 20 പേരും. നാലാംതരം തുല്യത മുതല്‍ ഹയര്‍സെക്കന്‍ഡറി വരെ ട്രാന്‍സ്ജെന്‍ഡറുകളെ സൗജ്യന്യമായി പഠിപ്പിക്കുന്നതിനായി സാക്ഷരതാമിഷന്‍ നടപ്പിലാക്കിവരുന്ന പദ്ധതിയാണ് സമന്വയ.