മലയാളികളില്‍ പലര്‍ക്കും മലയാളം പഠിക്കാനുള്ള താല്പര്യം കുറഞ്ഞുവരുമ്പോള്‍ ഇക്കാര്യത്തില്‍ ഇതാ മറുനാട്ടുകാര്‍ ആവേശത്തോടെ മുന്നോട്ട്. മറുനാടന്‍ തൊഴിലാളികളെ മലയാളം പഠിപ്പിക്കുന്ന സാക്ഷരതാമിഷന്റെ ‘ചങ്ങാതി’ പദ്ധതിയുടെ രണ്ടാംഘട്ടമാണ് മറുനാടന്‍ തൊഴിലാളികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമാകുന്നത്. ഒന്നാംഘട്ടത്തില്‍ ബംഗാള്‍, ബിഹാര്‍, ഒഡീഷ സംസ്ഥാനക്കാരായിരുന്നു മലയാളം പഠിക്കാനെത്തിയതെങ്കില് രണ്ടാംഘട്ടത്തില്‍ സ്ഥിതി ബഹുദൂരം മുന്നിലാണ്. ഇന്ത്യയിലെ 17 സംസ്ഥാനങ്ങളില്‍ നിന്നുള്ളവരെ കൂടാതെ അയല്‍ രാജ്യമായ നേപ്പാളില്‍ നിന്നുള്ളവര്‍ പോലും മലയാളം പഠിക്കാന്‍ താല്പര്യം പ്രകടിപ്പിച്ച് രംഗത്തെത്തിയതാണ് ഏറെ ശ്രദ്ധേയം. മൊത്തം 2886 പേരാണ് രണ്ടാംഘട്ട സര്‍വേയില്‍ മലയാളം പഠിക്കാന്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതില്‍ 145 പേര് സ്ത്രീകളാണ്. 15 മുതല്‍ 40 വയസ്സു വരെ പ്രായമുള്ള 1932 പേരും 40 വയസ്സിനു മേല്‍ പ്രായമുള്ള 954 പേരുമാണുള്ളത്.
നേപ്പാളില്‍ നിന്നും 26 പേരാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇടുക്കിയിലാണ് നേപ്പാളികളുടെ പങ്കാളിത്തം ഏറ്റവും കൂടുതല്‍. 20 പേര്. അലപ്പുഴ 3, പത്തനംതിട്ട 1, കാസര്‍കോട് 2 എന്നിങ്ങനെയാണ് കണക്ക്. സംസ്ഥാനങ്ങള്‍ താരതമ്യം ചെയ്യുമ്പോള്‍ രണ്ടാംഘട്ടത്തില്‍ ബംഗാളില്‍ നിന്നുമാണ് കൂടുതല്‍ പേര് മലയാളം പഠിക്കാനെത്തിയിരിക്കുന്നത്. 1390 പേര്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരുടെ എണ്ണം ഇപ്രകാരമാണ്: ബിഹാര്‍ (245), അസം (459), ഒഡീഷ (181), തമിഴ്നാട് (166), ഉത്തര്‍പ്രദേശ് (121), ജാര്‍ഖണ്ട് (94), കര്‍ണാടക (84), (ഛത്തീസ്ഗഢ് (49), രാജസ്ഥാന് (46), ത്രിപുര (7), ആന്ധ്രാപ്രദേശ് (6), മണിപ്പൂര്‍ (3), മഹാരാഷട്ര (6), ഡല്‍ഹി (1), ഗുജറാത്ത് (1), മധ്യപ്രദേശ് (1). രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ക്കായി മൊത്തം 144 ഇന്‍സ്ട്രക്ടര്‍മാരെ തെരഞ്ഞെടുത്തു. ഇവര്‍ക്കുള്ള പരിശീലനം നടന്നുവരുന്നു.
14 ജില്ലകളിലും തിരഞ്ഞെടുത്ത ഒരു തദ്ദേശസ്വയംഭരണ സ്ഥാപനത്തിലാണ് രണ്ടാംഘട്ടം നടപ്പിലാക്കുന്നത്. ജില്ലകളില്‍ രണ്ടാംഘട്ട പ്രവര്‍ത്തനം നടപ്പിലാക്കുന്ന തദ്ധേശസ്വയംഭരണ പ്രദേശങ്ങള്‍ ബ്രാക്കറ്റില്‍: തിരുവനന്തപുരം (കിളിമാനൂര്‍ ബ്ലോക്കിലെ പഴയക്കുന്നുമേല് പഞ്ചായത്ത്), കൊല്ലം (മയ്യനാട് ഗ്രാമപഞ്ചായത്ത്), ആലപ്പുഴ (പാണാവള്ളി ഗ്രാമപഞ്ചായത്ത്), കോട്ടയം (വാഴൂര്‍ ഗ്രാമപഞ്ചായത്ത്), പത്തനംതിട്ട (ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത്), എറണാകുളം (നെടുമ്പാശ്ശേരി ഗ്രാമപഞ്ചായത്ത്), തൃശ്ശൂര്‍ (കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത്), കോഴിക്കോട് (ഒളവണ്ണ ഗ്രാമപഞ്ചായത്ത്), മലപ്പുറം (തിരൂരങ്ങാടി നഗരസഭ), പാലക്കാട് (വാണിയംകുളം ഗ്രാമപഞ്ചായത്ത്), ഇടുക്കി (തൊടുപുഴ മുനിസിപ്പാലിറ്റി), വയനാട് (സുല്‍ത്താന്‍ ബത്തേരി നഗരസഭ), കണ്ണൂര്‍ (നാറാത്ത് ഗ്രാമപഞ്ചായത്ത്), കാസര്‍കോട് (ചെങ്കള ഗ്രാമപഞ്ചായത്ത്).
നേരത്തെ എറണാകുളം ജില്ലയിലെ പെരുമ്പാവൂരില്‍ നടപ്പിലാക്കിയ ‘ചങ്ങാതി’ മാതൃകാ പ്രോജക്ടിന് മികച്ച പ്രതികരണം ലഭിച്ച സാഹചര്യത്തില്‍ പദ്ധതി സംസ്ഥാനതലത്തില്‍ ഒന്നാംഘട്ടമായി മുഴുവന്‍ ജില്ലകളിലേക്കും വ്യാപിപ്പിച്ചിരുന്നു. ജില്ലകളിലെ തെരഞ്ഞെടുത്ത ഒരു തദ്ദേശസ്വയംഭരണത്തില്‍ 2018 ഏപ്രില്‍ ഒന്നിന് ആരംഭിച്ച ഒന്നാംഘട്ടത്തില്‍ മൊത്തം 1738 പേര് പരീക്ഷ വിജയിച്ചിരുന്നു. ഒന്നാംഘട്ടത്തില്‍ ഭൂരിഭാഗവും ഒഡീഷയില്‍ നിന്നുള്ളവരായിരുന്നു. പെരുമ്പാവൂരില്‍ നടത്തിയ മാതൃക പദ്ധതിയില്‍ പരീക്ഷയെഴുതിയ 503 പേരില്‍ 469 പേര് വിജയിച്ചിരുന്നു. അന്ന് വിജയിച്ചവരില്‍ ഭൂരിഭാഗവും അസാമില്‍ നിന്നുള്ളവരായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്ത പെരുമ്പാവൂരിലെ ‘ചങ്ങാതി മാതൃകാ പദ്ധതിയില്‍ 2017 ഓഗസ്റ്റ് 15നായിരുന്നു ക്ലാസുകള്‍ ആരംഭിച്ചത്.
നാല് മാസം കൊണ്ട് തൊഴിലാളികളെ മലയാളത്തില്‍ സാക്ഷരരാക്കുന്നതാണ് പദ്ധതി. ആഴ്ചയില്‍ അഞ്ചുമണിക്കൂറാണ് ക്ലാസ്. വിദ്യാകേന്ദ്രങ്ങള്‍,തൊഴിലാളികളുടെ താമസ സ്ഥലങ്ങള്‍, തൊഴിലിടങ്ങള്‍ എന്നിവിടങ്ങളിലാണ് പഠന കേന്ദ്രങ്ങള്‍.
ഓരോ വിദ്യാകേന്ദ്രത്തിന്റെയും കീഴില്‍ 15 മുതല്‍ 20 വരെ പഠിതാക്കള്‍ ഉള്‍ക്കൊള്ളുന്നതാണ് സാക്ഷരതാപഠനകേന്ദ്രങ്ങള്. ഒരു വിദ്യാകേന്ദ്രത്തിന് കീഴില്‍ കുറഞ്ഞത് 5നും 10നും ഇടയില്‍ പഠനകേന്ദ്രങ്ങള്‍ എന്ന നിലയിലാണ് ക്രമീകരിക്കുന്നത്. തുടര്‍വിദ്യാകേന്ദ്രം പ്രേരക്മാര്‍ക്ക് പഠനകേന്ദ്രം കോ-ഓര്‍ഡിനേറ്റര്‍മാര്‍ എന്ന നിലയില്‍ പ്രതേ്യകം ചുമതലയാണ്. ഇന്‍സ്ട്രക്ടര്‍മാരുടെ തെരഞ്ഞെടുപ്പില്‍ ഇതര സംസ്ഥാന തൊഴിലാളികളിലെ യോഗ്യതയുള്ളവരെയും സാക്ഷരതാമിഷന്റെ ഹയര്‍ സെക്കണ്ടറി തുല്യതാപഠിതാക്കളെയും പരിഗണിച്ചിട്ടുണ്ട്.
” മലയാളം പഠിക്കുന്നതില്‍ വലിയ താല്പര്യമാണ് ഇതരസംസ്ഥാന തൊഴിലാളികള്‍ പ്രകടിപ്പിക്കുന്നത്. ഭാഷാപഠനത്തോടൊപ്പം ശുചിത്വം, ആരോഗ്യം, തൊഴില്‍ അവകാശങ്ങള്‍ തുടങ്ങിയവ സംബന്ധിച്ച് പഠിതാക്കള്‍ക്കായി പ്രത്യേകം ബോധവല്‍ക്കരണ ക്ലാസ് നടത്താന്‍ ഉദ്ദേശിക്കുന്നു. ക്ലാസുകളിലെത്തുന്ന ഇതരസംസ്ഥാന തൊഴിലാളികളുടെ വസ്ത്രധാരണത്തിലും പെരുമാറ്റത്തിലും പ്രകടമായ മാറ്റം ഉണ്ടായിട്ടുണ്ട്. ഇത് നല്ല സൂചനയാണ്.”-
ഡോ.പി.എസ്.ശ്രീകല (സാക്ഷരതാമിഷന്‍ ഡയറക്ടര്‍)