നാല് മാസം പ്രായമുള്ള കൈക്കുഞ്ഞുമായെത്തി, മറുനാട്ടുകാരെ മലയാളം പഠിപ്പിക്കുന്ന സാക്ഷരതാമിഷന്റെ ചങ്ങാതി പരീക്ഷയെഴുതി നൂറില്‍ നൂറ് മാര്‍ക്ക് നേടിയ ബിഹാര്‍ സ്വദേശിനി റോമിയ കാത്തൂറിനെ സാക്ഷരതാമിഷന്‍ ഡയറക്ടര്‍ ഡോ.പി.എസ്. ശ്രീകല, ഉമയനല്ലൂരിലെ വീട്ടിലെത്തി അഭിനന്ദിച്ചു. റോമിയയെ പോലുള്ളവര്‍ മലയാളം പഠിക്കുമ്പോഴാണ് സാക്ഷരത അര്‍ത്ഥവത്താകുന്നതെന്ന് അറിയിച്ച ശ്രീകലയോട് 26 കാരി റോമിയയും ഒരാഗ്രഹം പങ്കുവച്ചു- സാക്ഷരതാമിഷനിലൂടെ ഹയര്‍സെക്കന്‍ഡറി തുല്യത പാസാകണം ടീച്ചര്‍. അതിനെന്താ, സാക്ഷരതാമിഷന്‍ കൂടെയുണ്ട്, ഏതു പ്രായക്കാര്‍ക്കും എപ്പോഴും പഠിക്കാം. ശ്രീകല ടീച്ചറുടെ മറുപടി ഉടനെത്തി. റോമിയ പിന്നെ സ്വന്തം അനുഭവങ്ങളിലേക്കും.
ആറു വര്‍ഷം മുമ്പാണ് തൊഴിലുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് സെയ്ഫുള്ളയ്ക്കൊപ്പം റോമിയ കൊല്ലത്തെത്തിയത്. ”ഞങ്ങള്‍ കിട്ടിയ ജോലികളെല്ലാം ചെയ്തു. അതില്‍ നിന്നുള്ള ചെറിയ സമ്പാദ്യം വച്ച് ഉമയനല്ലൂരില്‍ ജൂസ് കട തുടങ്ങിയത് കഴിഞ്ഞ വര്‍ഷമാണ്. മലയാളം സംസാരിക്കാന്‍ പഠിച്ചപ്പോള്‍ നമ്മുടെ (കേരളം) നാടിനെക്കുറിച്ച് കൂടുതല്‍ അറിയാനുള്ള ആഗ്രഹമായി. മലയാളം എഴുതാന്‍ പഠിക്കാന്‍ വലിയ ആഗ്രഹം തോന്നി. അപ്പോഴാണ് സാക്ഷരതാമിഷന്റെ ചങ്ങാതി പദ്ധതിയെക്കുറിച്ച് ശ്രീലത ചേച്ചി പറഞ്ഞത്. ചേച്ചിയാണ് ഉമയനല്ലൂരിലെ ചങ്ങാതി ക്ലാസില്‍ കൊണ്ടു പോയത്.”- റോമിയ പറഞ്ഞു.
ചങ്ങാതി ഇന്‍സ്ട്രക്ടര്‍ ആണ് ശ്രീലത. സാക്ഷരതാമിഷനിലൂടെ പത്താംതരവും ഹയര്‍സെക്കന്‍ഡറി തുല്യതയും വിജയിച്ച നാല്പത്തിരണ്ടുകാരി ശ്രീലത പിന്നെ ജെ.ഡി.സിയും പാസായി. ഇപ്പോള്‍ ഉമയനല്ലൂര്‍ കോ-ഓപ്പറേറ്റീവ് ബാങ്കില്‍ ട്രെയിനിയാണ്. ചങ്ങാതി സാക്ഷരതാ പാഠാവലിയായ ഹമാരി മലയാളം പഠനത്തിലുപരി ജീവിതത്തിലും ഏറെ സഹായകമായെന്ന് റോമിയ. ദിവസവും ജീവിതത്തില്‍ ഉപയോഗിക്കുന്ന കാര്യങ്ങളില്‍ എളുപ്പത്തില്‍ മലയാളത്തില്‍ ആശയ വിനിമം നടത്താന്‍ ഹമാരി മലയാളം പഠിപ്പിച്ചു. മാര്‍ക്കറ്റില്‍ പോയാല്‍ സാധനങ്ങള്‍ ചോദിക്കാന്‍ നേരത്തെ പ്രയാസമായിരുന്നു. ഇപ്പോഴില്ല. റെയില്‍വേ സ്റ്റേഷനിലെ കാര്യങ്ങളും യാത്ര റിസര്‍വ് ചെയ്യുന്നതിനും റദ്ദാക്കുന്നതിനുമുള്ള ഫോറങ്ങളെക്കുറിച്ചൊക്കെ മനസ്സിലാക്കിയത് ഹമാരി മലയാളത്തിലൂടെയാണ്. മൂന്ന് മക്കളുടെ മാതാവായ റോമിയ മക്കള്‍ മലയാളം പഠിച്ച് മുന്നേറണമെന്ന വാശിയിലാണ്. നാല് വയസ്സുളള ഉമറിനും രണ്ട് വയസ്സുള്ള ഫറൂഖിനും അതിനുള്ള പരിശീലനം റോമിയ തുടങ്ങിക്കഴിഞ്ഞു. ഇപ്പോള്‍ അഞ്ച് മാസമായ തമന്നയേയും ഒക്കത്തുവച്ചായിരുന്നു റോമിയ വെള്ളമണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പരീക്ഷാ കേന്ദ്രത്തില്‍ പരീക്ഷയെഴുതിയത്.
മലയാളം പാട്ടൊക്കെ അറിയാമോയെന്ന് ചോദിച്ച പി.എസ്. ശ്രീകലയെ മാവേലി നാടു വാണീടും കാലം… എന്ന ഗാനം ഈണത്തില്‍ ചൊല്ലി കേള്‍പ്പിച്ചു. മലയാളത്തോടുള്ള റോമിയയുടെ ആഴത്തിലുള്ള സ്നേഹം മനസ്സിലാക്കിയ സാക്ഷരതാമിഷന്‍ ഡയറക്ടര്‍ ഹിന്ദി – മലയാളം നിഘണ്ടു സമ്മാനിച്ചാണ് മടങ്ങിയത്.
കഴിഞ്ഞ മാസം 19നാണ് ചങ്ങാതിയുടെ രണ്ടാംഘട്ട പരീക്ഷ സംസ്ഥാനത്ത് നടന്നത്. മൊത്തം 1998 പേര് പരീക്ഷയെഴുതി. കൊല്ലത്ത് 298 പേരാണ് പരീക്ഷയെഴുതിയത്. നാല് മാസം കൊണ്ട് മറുനാട്ടുകാരെ മലയാളം എഴുതാനും വായിക്കാനും പഠിപ്പിക്കുന്ന പദ്ധതിയാണ് ചങ്ങാതി. 2017 ഓഗസ്റ്റ് 15ന് പെരുമ്പാവൂരില്‍ ആരംഭിച്ച ചങ്ങാതി മാതൃകാ പ്രോജക്ടിന് മികച്ച പ്രതികരണം ലഭിച്ച സാഹചര്യത്തിലാണ് പദ്ധതി മുഴുവന്‍ ജില്ലകളിലേക്കും വ്യാപിപ്പിച്ചത്. രണ്ടുഘട്ടങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ മൊത്തം 3736 പേരാണ് വിജയിച്ചത്.

