തിരുവനന്തപുരം: ഇരച്ചുകയറുന്ന വെള്ളത്തിനും ഇരമ്പിയാര്‍ക്കുന്ന ആകാശത്തിനും മരണത്തിന്റെ മുഖമായിരുന്നു. രണ്ടുദിവസമായി പച്ചവെള്ളം പോലും കിട്ടാത്ത അവസ്ഥ. വൈദ്യുതിയില്ല. ഫോണ്‍ ബന്ധം നിലച്ചു. മലവെള്ളപ്പാച്ചിലില്‍ മരണത്തെ മുഖാമുഖം കണ്ട് വീടുകള്‍ക്ക് മുകളില്‍ പകച്ചുനില്‍ക്കുന്ന ജനക്കൂട്ടം. അടിവച്ചടിവച്ചുയരുന്ന പ്രളയജലത്തിലമര്ന്നടിയാവുന്ന ഈയാംപാറ്റകളെപോലെ. വിറങ്ങലിച്ചുനിന്ന നിരാലംബര്‍ക്കു മുന്നില്‍ അതാ മിശിഖാപോലെ ഒരാളെത്തി. മരണമുഖത്തു നിന്നും ജീവിതത്തിലേക്ക് കൈപിടിച്ചുകയറ്റാന്‍. ആ മിശിഖ ആരെന്നറിയണ്ടേ?. മത്സ്യത്തൊഴിലാളിയും സാക്ഷരതാമിഷന്റെ പത്താംതരം തുല്യത പഠിതാവുമായ അബു സാലി. വിഴിഞ്ഞത്തുനിന്നും 10 ബോട്ടുകളിലായി അബു സാലിയുടെ നേതൃത്വത്തിലെത്തിയ 34 പേരടങ്ങിയ മത്സ്യത്തൊഴിലാളി സംഘം രക്ഷിച്ചത് 800 പേരെ!. കടുത്ത പ്രളയം നേരിട്ട ചങ്ങനാശ്ശേരി, ചമ്പക്കുളം, കുട്ടനാട്, പമ്പ തുടങ്ങിയ ഇടങ്ങളിലായിരുന്നു രക്ഷാപ്രവര്‍ത്തനം.
”ഏതു മനുഷ്യര്‍ക്കും എന്ത് ദുരന്തം ഉണ്ടായാലും സ്വന്തം ജീവന് നോക്കാതെ രക്ഷിക്കുന്നവരാണ് മത്സ്യത്തൊഴിലാളികള്‍. കടലിന്റെ മക്കള്‍ അങ്ങനെയാവണം. അതു നമ്മള് പഠിച്ച പാഠം. ഓഗസ്റ്റ് 16ന് ഉച്ചയ്ക്ക് രണ്ടരയ്ക്ക് പെരുമാതുറയില്‍ മത്സ്യബന്ധനം നടത്തുമ്പോഴായിരുന്നു കരക്കാരുടെ വിളിവരുന്നത്. വന്‍ പ്രളയത്തില്‍ മനുഷ്യര്‍ മരിക്കാന്‍ പോകുന്നെന്ന്. അപ്പോള്‍ തന്നെ വിഴിഞ്ഞത്തേക്ക് പാഞ്ഞു. കിട്ടിയ മത്സ്യമൊക്കെ കിട്ടിയവരെ ഏല്പിച്ചു. 10 ബോട്ടുകള്‍ ലോറികളില്‍ കയറ്റി 34 മത്സ്യത്തൊഴിലാളി സുഹൃത്തുകള്‍ക്കുമൊപ്പം ചങ്ങനാശ്ശേരിയിലേക്ക്. രക്ഷാപ്രവര്‍ത്തനം നടത്തുമ്പോള്‍ യാതൊരു ഭയവുമുണ്ടായിരുന്നില്ല. എന്നാല്‍, ഇപ്പോള്‍ ഈ സ്റ്റേജില്‍ സംസാരിക്കുമ്പോള്‍ ഇമ്മിണി ഭയമുണ്ട് ”. സംസ്ഥാന സാക്ഷരതാമിഷന്റെ നേതൃത്വത്തില്‍ തനിക്കുള്ള ആദരണചടങ്ങില് സംസാരിക്കുകയായിരുന്നു അബു സാലി. മന്ത്രി കടകംപള്ളി സുരേന്ദ്രന് അബു സാലയെ പൊന്നാട അണിയിച്ചു. ഉപഹാരവും നല്കി. അബു സാലി കാട്ടിയ ധീരതയക്കും കര്മോത്സുകതയ്ക്കും അദ്ദേഹത്തെ ആദരിക്കാന്‍ കഴിഞ്ഞത് ജീവിതത്തിലെ മറക്കാനാവാത്ത മുഹൂര്‍ത്തമാണെന്ന് മന്ത്രി പറഞ്ഞു. അബു സാലയെ പോലെ തന്നെ കേരളത്തെ മുന്നോട്ട് കൊണ്ടുപോകേണ്ട വലിയ ദൗത്യം സാക്ഷരതാമിഷന്റെ മുഴുവന്‍ പഠിതാക്കളും ഏറ്റെടുക്കണം. സാക്ഷരതാമിഷന്‍ നടത്തിവരുന്ന സാമൂഹ്യസാക്ഷരതാ പദ്ധതികള്‍ അതിനു നിങ്ങളെ പ്രാപ്തരാക്കും. ദുരന്തമുണ്ടാകുമ്പോള്‍ സ്വയംരക്ഷ കണ്ടെത്താന്‍ കഴിയണം. ‘പ്രളയാനന്തരകേരളം എങ്ങനെ ചിന്തിക്കുന്നു’ എന്നതിനെ ആസ്പദമാക്കി ഒക്ടോബര്‍ രണ്ടിന് സാക്ഷരതാമിഷന്റെ 50000 തുല്യതാ പഠിതാക്കളുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് നടത്തുന്ന സര്‍വേ അതിലേക്കാണ് വിരല്‍ചൂണ്ടുന്നതെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന് പറഞ്ഞു.
സാക്ഷരതാമിഷന്റെ ഹയര്‍സെക്കന്‍ഡറി തുല്യത വരെ അബു സാലിയ്ക്ക് സൗജന്യമായി വിദ്യാഭ്യാസം നല്‍കുമെന്ന് ഡയറക്ടര്‍ ഡോ.പി.എസ്.ശ്രീകല പറഞ്ഞു. സാക്ഷരതാമിഷന്‍ നടത്തിവരുന്ന സര്‍ട്ടിഫിക്കറ്റ് കോഴ്സുകളടക്കം ഏതിനും അബു സാലിയ്ക്ക് സൗജന്യമായി പഠിക്കാമെന്നും അവര്‍ പറഞ്ഞു. നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷന്‍ സുദര്ശനന്, സാക്ഷരതാമിഷന്‍ അസി.ഡയറക്ടര്‍ ഡോ.വിജയമ്മ, കോ-ഓര്‍ഡിനേറ്റര്‍മാരായ ഇ.വി.അനില്‍കുമാര്‍, പ്രശാന്ത് കുമാര്‍, അസി.കോ-ഓര്‍ഡിനേറ്റര്‍ സജീവ് തുടങ്ങിയവര്‍ പങ്കെടുത്തു.
വിഴിഞ്ഞം മൈലാഞ്ചിക്കല്ല് ഹാര്‍ബര്‍ റോഡില്‍ പരേതനായ ഹസന് കണ്ണിന്റെയും രഹ്മാബീവിയുടെയും എട്ട് മക്കളില്‍ നാലാമത്തെയാളാണ് അബു സാലി.