തിരുവനന്തപുരം: സംസ്ഥാനത്തെ ദുരിതാശ്വാസ ക്യാമ്പുകളില്‍ സ്ത്രീകള്‍ക്ക് കൈത്താങ്ങായി സാക്ഷരതാമിഷന്‍. ദുരിതാശ്വാസ ക്യാമ്പുകളില്‍ സ്ത്രീകളുടെ അടിവസ്ത്രങ്ങള്‍ക്കും സാനിറ്ററി നാപ്കിനുകള്‍ക്കും ദൗര്‍ലഭ്യം നേരിടുന്നത് കണക്കിലെടുത്ത് സാക്ഷരതാമിഷന്‍ സംസ്ഥാനത്തൊട്ടാകെ ഇന്നലെ ആരംഭിച്ചത് 254 കളക്ഷന്‍ സെന്ററുകളായിരുന്നു. ഒറ്റദിവസം കൊണ്ട് ഇവയിലൂടെ സമാഹരിച്ചത് പത്തൊമ്പത് ലക്ഷത്തി എണ്ണൂറ് രൂപയുടെ ഉത്പന്നങ്ങളാണ്. വനിതാ പ്രേരക്മാരുടെ നേതൃത്വത്തില്‍ തുടങ്ങിയ കളക്ഷന്‍ സെന്ററുകളിലേക്ക് ഉത്പന്നങ്ങള്‍ എത്തിക്കുന്നതില്‍ സ്ത്രീകള്‍ മത്സരിക്കുന്ന കാഴ്ചയായിരുന്നു ഭൂരിഭാഗങ്ങളിലും. അതാത് ജില്ല സാക്ഷരതാമിഷനുകളുടെ നേതൃത്വത്തിലായിരുന്നു കളക്ഷന്‍ സെന്ററുകളുടെ പ്രവര്‍ത്തനം സംഘടിപ്പിച്ചത്. കൊല്ലം ജില്ലിയിലായിരുന്നു ഏറ്റവും കൂടുതല്‍ സെന്ററുകള്‍ തുടങ്ങിയത് 42 എണ്ണം. 40 സെന്ററുകള്‍ പ്രവര്‍ത്തിച്ച തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ഉത്പന്നങ്ങള്‍ സമാഹരിച്ചത്. നാല്ലക്ഷം രൂപയ്ക്കുള്ള സ്ത്രീകള്‍ക്കുള്ള അടിവസ്ത്രങ്ങളും നാപ്കിനുകളുമാണ് ഇവിടെ ശേഖരിച്ചത്.
അതാത് ജില്ലകളില്‍ ശേഖരിച്ച ഉത്പന്നങ്ങള്‍ ജില്ലകളിലെ ബന്ധപ്പെട്ട അധികാരികള്‍ക്ക് കൈമാറി. സാക്ഷരതാമിഷന്റെ വഞ്ചിയൂരിലെ സംസ്ഥാന ഓഫീസ് കേന്ദ്രീകരിച്ച് ശുചീകരണ, രോഗപ്രതിരോധ സാമഗ്രികളുടെയും അവശ്യമരുന്നുകളുടെയും സംഭരണം നടന്നുവരികയാണ്. ദുരിതാശ്വാസ കേന്ദ്രങ്ങളിലെ ഡയബറ്റിക് രോഗികള്‍ക്കുള്ള ഇന്‍സുലിന്‍ മരുന്നുകള്‍ ജ്യോതിദേവ് ഡയബറ്റിക് ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ പ്രസാദ് സാക്ഷരതാമിഷന്‍ ഡയറക്ടര്‍ ഡോ.പി.എസ്.ശ്രീകലയ്ക്ക് കൈമാറി. ഒന്നാംഘട്ടമായി ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലേക്കുള്ള ശുചീകരണ സാമഗ്രികളുമായി വാഹനങ്ങള്‍ പുറപ്പെട്ടു.