തിരുവനന്തപുരം: 90 -കളിലെ സമ്പൂര്‍ണ സാക്ഷരതായജ്ഞത്തിനുശേഷം സംസ്ഥാനം മറ്റൊരു അക്ഷരവിപ്ലവത്തിന് കൂടി സാക്ഷ്യംവഹിക്കുന്നു. ജൂലൈ 14നെ വരവേല്‍ക്കാന്‍ നഗരസഭയുടെ 100 വാര്‍ഡുകളും ഒരുങ്ങിക്കഴിഞ്ഞു. അവശേഷിക്കുന്ന നിരക്ഷരരെ കണ്ടെത്തി സാക്ഷരരാക്കുക, തുടര്‍വിദ്യാഭ്യാസം നല്‍കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ സംസ്ഥാന സാക്ഷരതാമിഷന്‍ നടപ്പാക്കുന്ന ‘അക്ഷരശ്രീ’ സാക്ഷരത-തുടര്‍വിദ്യാഭ്യാസപദ്ധതിയുടെ ഭാഗമായുള്ള സര്‍വേ ജൂലൈ 14ന് രാവിലെ 8.30 ന് ആരംഭിക്കും. സര്‍വേ നടത്തുന്ന നഗരസഭയിലെ 100 വാര്‍ഡുകളിലും ഇതിനുള്ള മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായി. ജൂലൈ 12ന് വൈകിട്ട് 6.30ന് ആശാന് സ്ക്വയറില്‍ വിദ്യാഭ്യാസവകുപ്പ് മന്ത്രി സി.രവീന്ദ്രനാഥ് അക്ഷരദീപം തെളിച്ച് പദ്ധതിയുടെ നഗരസഭാതല ഉദ്ഘാടനം നടത്തും. 13ന് സന്ധ്യക്ക് ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ നഗരസഭക്കു കീഴിലെ മുഴുവന്‍ വീടുകളിലും അക്ഷരത്തിരി കത്തിക്കും. 10,11 തീയതികളില്‍ എല്ലാ വാര്‍ഡ് കേന്ദ്രങ്ങളിലും സര്വേസാമഗ്രികള് എത്തിക്കും. സര്‍വേ ദിനം തന്നെ അതാത് വാര്‍ഡുകളില്‍ വിവരങ്ങളുടെ ക്രോഡീകരണവും നടക്കും. വാര്‍ഡ് തല വിവര ക്രോഡീകരണം 100 പ്രേരക്മാരുടെ നേതൃത്വത്തില്‍ ജൂലൈ 15ന് നടക്കും.