തിരുവനന്തപുരം: ”മനുഷ്യന് മതങ്ങളെ സൃഷ്ടിച്ചു… മതങ്ങള്‍ ദൈവങ്ങളെ സൃഷ്ടിച്ചു..” മലയാളത്തിന്റെ പ്രിയ കവി വയലാറിന്റെ വരികള്‍ കാര്ത്തികേയന് എങ്ങണ്ടിയൂര്‍ പാടുമ്പോള്‍ ക്യാന്‍വാസിലൂടെ അദ്ദേഹത്തിന്റെ വിരലുകളും ചലിച്ചു. പാടിത്തീരുമ്പോള്‍ ക്യാന്‍വാസില്‍ തെളിഞ്ഞത് ഭരണഘടനാ ശില്പി ഡോ.ബി.ആര്. അംബേദ്കറുടെ ചിത്രം. കാണികളെ വിസ്മയിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന പ്രകടനങ്ങളുമായി ഈ മാസം 3ന് മലപ്പുറത്ത് നിന്ന് ആരംഭിച്ച സംസ്ഥാന സാക്ഷരതാമിഷന്റെ ‘ഇന്ത്യ എന്ന റിപ്പബ്ലിക്’ കലാജാഥ ഇന്നലെ ഗാന്ധിപാര്‍ക്കില്‍ സമാപിച്ചു.
നമ്മള് ജനങ്ങളാണ് ഇന്ത്യ… എന്ന സംഗീതശില്പത്തോടെയാണ് ദൃശ്യാവിഷ്കാരം തുടങ്ങിയത്. ഭരണഘടനയുടെ മഹത്വം ഉയര്‍ത്തിപ്പിടിക്കുന്ന സംഗീതശില്പം, എ സാഗാ ഓഫ് മഹാത്മ, ജോസഫിന്റെ റേഡിയോ എകപാത്ര നാടകം, എന്‍.എസ്.മാധവന്റെ ബോംബെ എന്ന കഥയുടെയും, സുഗതകുമാരിയുടെ കവിതയുടെയും ദൃശ്യാവിഷ്കാരം, ഡോ. രാവുണ്ണി എഴുതിയ ‘ഇത് നമ്മുടെ റിപ്പബ്ലിക’് എന്ന പാട്ടിനെ അധികരിച്ചുള്ള കലാവതരണം തുടങ്ങിയവയെല്ലാം ഇന്ത്യന്‍ ഭരണഘടനയുടെ മഹത്വം വിളിച്ചോതി. കേരളത്തിലെ അറിയപ്പെടുന്ന 22 കലാകാരന്മാരുടെ നേതൃത്വത്തിലായിരുന്നു ഒന്നര മണിക്കൂര്‍ നീണ്ടുനിന്ന കലാപരിപാടികള്‍. കലാസംഘത്തില്‍ 6 പേര് സ്ത്രീകളാണ്. വര്‍ഗീയതയെ തീക്ഷ്ണമായ മനുഷ്യസ്നേഹം കൊണ്ട് നേരിടാമെന്നുള്ള സന്ദേശമാണ് കലാജാഥ മുന്നോട്ടുവച്ചത്്. ഇന്ത്യന്‍ ഭരണഘടനയുടെ മാനവിക തലങ്ങളും ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ ചരിത്രവും വിവിധ സര്‍ഗസൃഷ്ടികളിലൂടെ സാധാരണക്കാരിലെത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കലാജാഥ സംഘടിപ്പിച്ചതെന്ന് സാക്ഷരതാമിഷന്‍ ഡയറക്ടര്‍ ഡോ.പി.എസ്.ശ്രീകല പറഞ്ഞു.
രാജ്യത്തെ വിവിധ ജനവിഭാഗങ്ങള്‍ക്ക് ഒരുകാലത്ത് അനുഭവിക്കേണ്ടിവന്ന സാമൂഹിക വിഷമതകളും അതിനെ ചെറുക്കുന്ന ഭരണഘടനയിലെ വിഭാവനകളും കോര്‍ത്തിണക്കിയായിരുന്നു കലാപരിപാടിയിലെ ഓരോ ഇനവും. അസമത്വവും അനാചാരങ്ങളും കൊടിക്കുത്തിവാണ പഴയകാലത്തിന്റെ ഓര്‍മപ്പെടുത്തലുകളും പുതിയകാലത്തെ ഉണര്‍വും കലാജാഥ വരച്ചുകാട്ടി. സച്ചിദാനന്ദന്റെ ഗാന്ധി എന്ന കവിതയെ ആസ്പദമാക്കി രാജേഷ് കോക്കൂറാണ് സംഗീതശില്പം അവതരിപ്പിച്ചത്. വര്‍ത്തമാനകാലത്ത് ഇന്ത്യന്‍ ജനാധിപത്യം നേരിടുന്ന മൂല്യച്യുതികള്‍ വിവരിച്ചായിരുന്നു ജയചന്ദ്രന് തകഴിയുടെ ഏകാംഗനാടകം. മതനിരപേക്ഷതയെ കണ്ണിലെ കൃഷ്ണമണി പോലെ പരിരക്ഷിക്കുക എന്ന സന്ദേശം നല്കുന്ന ‘ഗാന്ധാരീ വിലാപം’ എന്ന ദൃശ്യാവിഷ്കാരവും ശ്രദ്ധേയമായി. സുഗതകുമാരിയുടെ കവിതയെ അടിസ്ഥാനമാക്കി സോവിയറ്റ് ബ്രീസെയാണ് ഈ ദൃശ്യാവിഷ്കാരം അവതരിപ്പിച്ചത്. നാടന്‍ പാട്ടുകളും പരിസ്ഥിതി സന്ദേശഗാനങ്ങളും ജാഥയില്‍ ആലപിച്ചു.
കേരള സംഗീതനാടക അക്കാദമി എക്സിക്യുട്ടീവ് അംഗം അഡ്വ.പ്രേം പ്രസാദാണ് കലാജാഥ സംവിധാനം ചെയ്തത്.