നവതിയുടെ നിറവില്‍ മുത്തശ്ശിയ്ക്ക് നൂറില്‍ നൂറിന്റെ മധുരം. കോഴിക്കോട് കുര്യാടി വളപ്പില്‍ വീട്ടില്‍ മൈഥിലി (90)യുടെ പഠനാവേശമാണ് പുതുതലമുറയ്ക്കു വഴിവിളക്കായത്. സാക്ഷരതാമിഷന്റെ തീരദേശ സാക്ഷരതാ പദ്ധതിയായ ‘അക്ഷരസാഗരം’ പരീക്ഷയിലാണ് ഈ മുത്തശ്ശി നൂറില്‍ നൂറു നേടി ഞെട്ടിച്ചിരിക്കുന്നത്. മക്കളൊക്കെ മത്സ്യത്തൊഴിലാളികളാണ്. ഒരുകാലത്ത് കടലിനെ നമ്പിയാണ് മത്സ്യത്തൊഴിലാളികള്‍ ജീവിച്ചിരുന്നതെങ്കില്‍ ഇന്നു പഠിപ്പിനെക്കൂടി നമ്പണമെന്നാണു മൈഥിലിയുടെ പക്ഷം. മൈഥിലിയെ പോലെ തന്നെ നൂറില്‍ നൂറുവാങ്ങിയവര് അഞ്ചുപേരുണ്ടെങ്കിലും ഒഡിഷ സ്വദേശിനി മുദാദ് രേവതിയുടെ നൂറുമേനിയ്ക്ക് തിളക്കമേറും. ഇതര സംസ്ഥാന തൊഴിലാളികളെ മലയാളം പഠിപ്പിക്കുന്ന സാക്ഷരതാമിഷന്റെ ‘ചങ്ങാതി’ പദ്ധതിയിലാണ് 22 കാരിയായ രേവതി നുറുമേനി വിജയം നേടിയത്. ടെക്നോപാര്‍ക്കിലെ ഒരു വസ്ത്രനിര്‍മ്മാണ കമ്പനിയിലെ തൊഴിലാളിയാണ് രേവതി. ജോലി കഴിഞ്ഞാല്‍ നേരെ വീട്ടിലേക്ക്. വീട്ടിലെ പണികളെല്ലാം തീര്‍ത്ത് കഴിഞ്ഞാല്‍ പിന്നെ രാത്രിവൈകിയാലും രണ്ട് മണിക്കൂര്‍ മലയാളം പഠനം നിര്‍ബന്ധം. അതുപോലെ തന്നെ രാവിലെയും. ചങ്ങാതി പദ്ധതിയില്‍ ബിഹാറില്‍ നിന്നുള്ള വിക്കി കുമാറും നൂറില്‍ നൂറു നേടി. പട്ടികജാതി കോളനികളിലെ സാക്ഷരതാ പദ്ധതിയായ ‘നവചേതന’ യില്‍ പരീക്ഷയെഴുതിയ മണിയമ്മ എ.ജെ (ആലപ്പുഴ), ആദിവാസി കോളനികളില്‍ നടത്തിവരുന്ന ‘സമഗ്ര’ സാക്ഷരതാപദ്ധതിയില്‍ കമലാക്ഷി ഭാസ്കരന് (ഇടുക്കി),ബിന്ദു.എസ് (മലപ്പുറം) എന്നിവരും നൂറില്‍ നൂറു നേടി.
“രണ്ടക്ഷരം എഴുതാനും വായിക്കാനും പഠിച്ചിട്ട് മരിക്കണം…” ജീവിതത്തില്‍ ദുരിതങ്ങളുടെ പെരുമഴ മാത്രം പെയ്തിറങ്ങുമ്പോഴും എറണാകുളത്തു നിന്നുള്ള കനക അഗ്രഹിച്ചത് അതുമാത്രമായിരുന്നു. വീട്ടില പ്രാരാബ്ധം ഏറ്റെടുക്കാന്‍ ഒന്നാംക്ലാസില്‍ തന്നെ പഠനം നിര്‍ത്തി, ഏഴാം വയസ്സില്‍ കൂലിവേലയ്ക്ക് പോയ കനക. പതിറ്റാണ്ടുകള്‍ കൂലിവേല ചെയ്ത് ജീവിതം തള്ളിനീക്കുന്നതിനിയില് കടന്നുവന്ന ഹൃദ്രോഹം മറ്റൊരു വില്ലനായപ്പോള്‍ ജീവിക്കാന്‍ ലോട്ടറി ടിക്കറ്റ് വില്‍പ്പന ആരംഭിച്ച കനക. ഭര്‍ത്താവ് ഉപേക്ഷിച്ച് പോയപ്പോഴും രണ്ടു മക്കളെ വളര്‍ത്തി തനിയെ ജീവിതത്തോട് പൊരുതിയ കനക. ഒടുവില്‍ അറുപതാം വയസ്സില്‍ അക്ഷരങ്ങളും അക്കങ്ങളും പഠിച്ച് മുന്നേറുന്നു. ‘നവചേതന’ പരീക്ഷയില്‍ 70 മാര്‍ക്ക് നേടി കനക മികച്ച വിജയം നേടി. ഇപ്പോള്‍ എറണാകുളത്തും സമീപ ജില്ലകളിലുമൊക്കെ കനക ലോട്ടറി വില്‍പ്പന നടത്തുന്നു.
മികച്ച വിജയം നേടിയ 42 പഠിതാക്കള്‍ക്കു മന്ത്രി സി.രവീന്ദ്രനാഥ് സര്‍ട്ടിഫിക്കറ്റും മെഡലുകളും സമ്മാനിച്ചു. ജനിക്കുമ്പോള്‍ തന്നെ പ്രകൃതി മനുഷ്യന് നല്‍കിയതാണ് പഠനത്തിനുള്ള അവകാശമെന്നും ഏതു പ്രായത്തിലും പഠിക്കാന്‍ താല്പര്യം പ്രകടിപ്പിക്കുന്നവര്‍ക്ക് അതിനുള്ള സാഹചര്യം ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു. പതിവുരീതിയിലുളള സാക്ഷരതാ പരീക്ഷകളില്‍ നിന്ന് മാറി സാക്ഷരതാമിഷന്‍ സംസ്ഥാനത്തെ 625 കേന്ദ്രങ്ങളിലായി നടത്തിയ മികവുത്സവത്തില്‍ മൊത്തം 8605 പേരാണ് വിജയിച്ചു. ഇതര സംസ്ഥാന തൊഴിലാളികളെ മലയാളം പഠിപ്പിക്കാനുള്ള ‘ചങ്ങാതി’, പട്ടികജാതി കോളനികളില്‍ നടപ്പിലാക്കിവരുന്ന ‘നവചേതന’, ആദിവാസി കോളികള്‍ കേന്ദ്രീകരിച്ചുള്ള ‘സമഗ്ര’, തീരദേശ സാക്ഷരതാ പദ്ധതിയായ ‘അക്ഷരലക്ഷം’ എന്നീ പദ്ധതികളിലെ പഠിതാക്കള്‍ക്കായാണ് മികവുത്സവം സംഘടിപ്പിച്ചത്. ‘ചങ്ങാതി’ പദ്ധതിയില്‍ 1738, ‘നവചേതന’ യില്‍ 1756, ‘സമഗ്ര’ യില്‍ 1996, ‘അക്ഷരസാഗരം’ പദ്ധതിയില്‍ 3115 എന്നിങ്ങനെയാണ് വിജയിച്ചവരുടെ കണക്ക്. നാല് പദ്ധതികളിലുമായി ഏറ്റവും കൂടുതല്‍ പേര് മികവുത്സവത്തില്‍ വിജയിച്ചത് കോഴിക്കോട് ജില്ലയില്‍ നിന്നാണ്. 1615 പേര്.
ചങ്ങാതിയില്‍ ഏറ്റവും കൂടുതല്‍ പേര് വിജയിച്ചത് ഇടുക്കി ജില്ലയിലാണ്- 239, നവചതനയില് കൊല്ലം-296, അക്ഷരസാഗരത്തില്‍ കോഴിക്കോട് – 1298 എന്നിങ്ങനെയാണ് ഏറ്റവും കൂടുതല്‍ പേര് വിജയിച്ച ജില്ലകളില്‍ നിന്നുള്ള കണക്ക്.
മികവുത്സവത്തില്‍ ഓരോ ചോദ്യവും പ്രവര്‍ത്തനമാണ്. പഠിതാക്കളെ വിവിധ ഗ്രൂപ്പുകളായി തിരിച്ചാണ് പ്രവര്‍ത്തനങ്ങള്‍ നല്‍കുന്നത്. വായന, എഴുത്ത്, കണക്ക് എന്നിവയ്ക്കു പ്രാധാന്യം നല്‍കിയുള്ള മൊത്തം 100 മാര്‍ക്കിന്റെ വിവിധ പ്രവര്‍ത്തനങ്ങള്‍ അതാത് ഗ്രൂപ്പുകള്‍ നിശ്ചിത സമയത്തിനുള്ളില്‍ പൂര്‍ത്തിയാക്കണം. ജയിക്കാന്‍ വേണ്ടത് 30 മാര്‍ക്കാണ്.
40 മാര്‍ക്കിന്റെ എഴുത്തുപരീക്ഷ, 30 മാര്‍ക്കിന്റെ വായന പരിശോധന, 30 മാര്‍ക്കിന്റെ കണക്ക് എന്നിങ്ങനെയായിരുന്നു ഇതുവരെ സാക്ഷരതാ പരീക്ഷകള്‍ നടത്തിവന്നിരുന്നത്. വായനയ്ക്ക് 30 മാര്‍ക്കില്‍ ഒമ്പത്, എഴുത്തിന് 40 മാര്‍ക്കില്‍ 12, കണക്കിന് 30 മാര്‍ക്കില്‍ 9 എന്നിങ്ങനെയായിരുന്നു പാസ് മാര്‍ക്ക്.
പരമ്പരാഗതമായ സാക്ഷരതാ പരീക്ഷാ സമ്പ്രദായത്തെ അടിമുടി മാറ്റിയുള്ളതാണ് മികവുത്സവം. പുസ്തകങ്ങളില്‍ നിന്നുള്ള അറിവ് പകര്‍ന്നു നല്‍കുന്നതോടൊപ്പം പഠിതാക്കളില്‍ സാമൂഹ്യബോധം കൂടി വളര്‍ത്തിയെടുക്കുക, ഒരാളുടെ മനസ്സിലെ തെറ്റായ ധാരണകള്‍ മാറ്റി ശാസ്ത്രീയമായ ബോധം പകര്‍ന്നു നല്‍കുക, പഠിതാക്കളുടെ മനസ്സില്‍ രൂഢമായിട്ടുള്ള തെറ്റായ ധാരണകളെ ശാസ്ത്രീയ ബോധം നല്കി മാറ്റിയെടുക്കുക, പുസ്തകങ്ങളിലെ അറിവ് പകര്‍ന്നു നല്‍കുന്നതോടൊപ്പം സംവാദങ്ങള്‍ പോലുള്ള അഭിപ്രായ പ്രകടന മാര്‍ഗങ്ങളിലൂടെ പഠിതാക്കളില്‍ അന്തര്‍ലീനമായിട്ടുള്ള അറിവുകള്‍ പുറത്തുകൊണ്ടുവരിക തുടങ്ങിയവയാണ് മികവുത്സവം ലക്ഷ്യമിടുന്നതെന്ന് ഡോ.പി.എസ്.ശ്രീകല പറഞ്ഞു.
സാക്ഷരതാമിഷനും നിയമസഭയും സംയുക്തമായി നടപ്പിലാക്കുന്ന ഭരണഘടനാ സാക്ഷരതാ ജനകീയ വിദ്യാഭ്യാസ പരിപാടിയുമായി ബന്ധപ്പെട്ട് കേരള മനുഷ്യാവകാശ കമ്മീഷന് ചെയര്മാന് ജസ്റ്റീസ് ആന്റണി ഡൊമനിക് ‘പൗരാവകാശത്തിന്റെ വര്‍ത്തമാനം’ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി. സാക്ഷരതാമിഷന്‍ അസി.ഡയറക്ടര്‍മാരായ ഡോ.വിജയമ്മ, കെ.അയ്യപ്പന്‍നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.