സമൂഹത്തില്‍ സ്ത്രീ പുരുഷ സമത്വം ഉറപ്പാക്കുന്നതാണ് യഥാര്‍ത്ഥ വികസനമെന്നും ഇതിനായി നവോത്ഥാനകാലത്ത് സ്ത്രീകളുടെ നേതൃത്വത്തില്‍ നടത്തിയിട്ടുള്ള മുന്നേറ്റങ്ങളുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങള്‍ ഉള്‍പ്പെടുത്തി പാഠ്യപദ്ധതി പരിഷ്കരിക്കുമെന്ന് മന്ത്രി സി.രവീന്ദ്രനാഥ്. പാളയം രക്തസാക്ഷി മണ്ഡപത്തില്‍ സാക്ഷരതാമിഷന്റെ നേതൃത്വത്തില്‍ നടത്തിവരുന്ന ‘നവോത്ഥാനത്തിലെ സ്ത്രീ മുന്നേറ്റങ്ങള്‍’ പ്രദര്‍ശനം സന്ദര്‍ശിച്ചശേഷം സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
ലോകത്ത് പൊതുവില്‍ ശക്തമായി വരുന്ന കമ്പോള കേന്ദ്രീകൃത വിദ്യാഭ്യാസത്തില്‍ നിന്നും മനുഷ്യ കേന്ദ്രീകൃത വിദ്യാഭ്യാസത്തിലേക്കും അവിടെ നിന്നും കൂടുതല്‍ ഉയരങ്ങളില്‍ മാനവികതകയുടെ ചക്രവാളങ്ങളിലേക്ക് സ്ത്രീകള്‍ ഉയരണം. അത്തരത്തില്‍ പാഠ്യപദ്ധതി പരിഷ്കരിക്കും. മൂലധനത്തിലധിഷ്ഠിതമായ കോര്‍പറേറ്റ് വിദ്യാഭ്യാസ സമ്പ്രദായം സ്ത്രീ – പുരുഷ അസമത്വം വര്‍ധിപ്പിക്കുകയാണ്. കുട്ടികളുടെ ചിന്താശക്തിയെ അത് പരിമിതപ്പെടുത്തുന്നു. മൂലധനമല്ല, കേരളത്തിലെ ജനങ്ങളാണ് വിദ്യാഭ്യാസത്തെ നയിക്കേണ്ടതെന്ന കാഴ്ചപാടാണ് സര്‍ക്കാരിനുള്ളത്. ലോകത്ത് ഇന്ന് നിലനില്‍ക്കുന്ന നവലിബറല്‍ സാമ്പത്തിക നയം ജനങ്ങളെ രണ്ടായി തിരിക്കുകയാണ്. സമ്പത്തുള്ളവരും ഇല്ലാത്തവരും.
നവോത്ഥാന കാലത്ത് സ്ത്രീകള്‍ നടത്തിയ മുന്നേറ്റത്തിലൂടെയാണ് സമൂഹത്തില്‍ സ്ത്രീ-പുരുഷ സമത്വം ഉണ്ടായത്. ഒരുകാലത്ത് ജാതി വ്യവസ്ഥയായിരുന്നുവെങ്കില് ഇപ്പോള്‍ കമ്പോള വ്യവസ്ഥയാണ് സ്ത്രീ സമത്വത്തിന് വിലങ്ങുതടിയായിരിക്കുന്നത്. കമ്പോള സംസ്കാരം വളരുന്നതിനനുസരിച്ച് സ്ത്രീ കൂടുതല്‍ ഒറ്റപ്പെണ്ടുകൊണ്ടിരിക്കും. ജീവിതത്തിലെ സമസ്തമേഖലകളിലും സ്ത്രീയ്ക്ക് സമത്വഭാവം ആര്ജിക്കുന്നതിനായിട്ടായിരുന്നു നവോത്ഥാനം. അതിനായാണ് സ്ത്രീകളുടെ നേതൃത്വത്തില്‍ നിരവധി പോരാട്ടങ്ങള്‍ അക്കാലത്ത് ഉണ്ടായത്. ഇനിയും നവോത്ഥാനത്തിന് മുമ്പുള്ള കാലത്തേക്ക് സ്ത്രീകള്‍ എത്താതിരിക്കണമെങ്കില്‍ നവോത്ഥാനകാലത്തെക്കുറിച്ചുള്ള ചിന്തകള്‍ ശക്തിപ്പെടണം. അതിലൂടെ മാനവികതയുടെ പുതിയ ഉയരങ്ങളിലേക്ക് സ്ത്രീകള്‍ എത്തിച്ചേരണം. വര്‍ത്തമാനകാലത്ത് നിന്നുകൊണ്ട് ഭുതകാലത്തെ അറിയണം. അതിലൂടെ ഭാവിയെക്കെട്ടിപ്പടുക്കണം. ആ ചരിത്രബോധത്തെ നവീകരിക്കുന്നതാണ് സാക്ഷരതാമിഷന്‍ നടത്തിയ ‘നവോത്ഥാനത്തിലെ സ്ത്രീ മുന്നേറ്റങ്ങള്‍’ എന്ന പ്രദര്‍ശനമെന്നും മന്ത്രി സി.രവീന്ദ്രനാഥ് പറഞ്ഞു. സാക്ഷരതാമിഷന്‍ ഡയറക്ടര്‍ ഡോ.പി.എസ്. ശ്രീകല അധ്യക്ഷത വഹിച്ചു. ‘നവോത്ഥാനമൂല്യങ്ങളും വിശ്വാസവും എന്ന വിഷയത്തില്‍ പ്രൊഫ.സുജ സൂസന് ജോര്‍ജ് പ്രഭാഷണം നടത്തി. പ്രൊഫ.വസന്തകുമാര്‍ സാംബശിവന് ‘മാതംഗി’ എന്ന കഥാപ്രസംഗം അവതരിപ്പിച്ചു.