വനിതാദിനത്തോടനുബന്ധിച്ചുള്ള കേന്ദ്ര സര്‍ക്കാരിന്റെ നാരീശക്തി പുരസ്കാരം തൊണ്ണൂറ്റെട്ടുകാരി കാര്‍ത്യായനിയമ്മ രാഷ്ട്രപതി രാംനാഥ് കോവിന്ദില്‍ നിന്നും ഏറ്റുവാങ്ങി. സാക്ഷരതാമിഷന്റെ അക്ഷരലക്ഷം സാക്ഷരതാപരീക്ഷയിലാണ് ഹരിപ്പാട് മുട്ടം പടീറ്റതില്‍ വീട്ടില്‍ കാര്‍ത്യായനിയമ്മ 100- ല്‍ 98 മാര്‍ക്ക് നേടി 96-ാം വയസ്സില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കിയത്. ഈ നേട്ടമാണ് പുരസ്കാരത്തിന് അര്‍ഹയാക്കിയത്. പുരസ്കാരം ഏറ്റുവാങ്ങാനായി വേദിയിലേക്കു കടന്നുവന്ന കാര്‍ത്യായനി അമ്മയെ സദസ് ഏഴുന്നേറ്റുനിന്ന് കയ്യടിച്ചാണ് എതിരേറ്റത്. സാക്ഷരതാമിഷന്റെ നാലാംതരം തുല്യത വിജയിച്ച കൊല്ലം പ്രാക്കുളം സ്വദേശി കെ.ഭാഗീരഥിയമ്മയ്ക്കും നാരീപുരസ്കാരം ലഭിച്ചെങ്കിലും അനാരോഗ്യത്തെ തുടര്‍ന്ന് എത്താന്‍ കഴിഞ്ഞില്ല. കേന്ദ്ര വനിതാശിശുക്ഷേമ മന്ത്രാലയമാണ് പുരസ്കാരം സമ്മാനിച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോഡിയടക്കമുള്ളവരുമായി കാര്‍ത്യായനിയമ്മ സംവദിച്ചു. ”ഞാന്‍ കാര്‍ത്യായനിയമ്മ 98 വയസ്സായി. അക്ഷരലക്ഷം പരീക്ഷയില്‍ നൂറുമാര്‍ക്ക് കിട്ടുമെന്നാ കരിതിയേ. തൊണ്ണൂറ്റിയെട്ടേ കിട്ടിയുളളൂ. ഇനി പത്ത് വരെ പഠിക്കണം. അപ്പോളെനിക്ക് 100 വയസ്സാകും.”- ചിരിച്ചുകൊണ്ട് കാര്‍ത്യായനിയമ്മ പറഞ്ഞു. കംപൂട്ടര്‍ പഠിച്ചിട്ടുണ്ടോയെന്ന് മോഡി ചോദിച്ചു- കുറച്ച് പഠിച്ചെന്നും പഠനം തുടരുന്നുണ്ടെന്നും മറുപടി. കാര്ത്യായനിയമ്മയെപ്പോലുള്ളവര് പ്രചോദനമാണെന്ന് മോഡി പറഞ്ഞു.
രാജ്യത്ത് വനിതകള്‍ക്ക് നല്കുന്ന പരമോന്നത സിവിലിയന്‍ ബഹുമതിയാണ് ഈ പുരസ്കാരം. സംസ്ഥാന സാക്ഷരതാമിഷന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരം കൂടിയാണ് ഇരുവര്‍ക്കും ലഭിക്കുന്ന ആദരം. വനിതാ ശാക്തീകരണത്തിനായി നിരന്തരം പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന വനിതകള്‍ക്കും സ്ഥാപനങ്ങള്‍ക്കുമാണ് നാരീശക്തി പുരസ്കാരം നല്‍കുന്നത്.
2018 ഓഗസ്റ്റിലാണ് കാര്‍ത്യായനിയമ്മ അക്ഷരലക്ഷം പരീക്ഷ വിജയിച്ചത്. ആദ്യം പത്ത് ജയിക്കണം. പിന്നെ വേണം കംപ്യൂട്ടര്‍ പഠിക്കാന്‍- കാര്‍ത്യായനിയമ്മയ്ക്ക് അക്ഷരലക്ഷം സര്‍ട്ടിഫിക്കറ്റ് സമ്മാനിച്ച മുഖ്യമന്ത്രി പിണറായിജയനോടാണ് മുത്തശ്ശി തന്റെ ശരിക്കുള്ള ആഗ്രഹം വെളിപ്പെടുത്തിയത്. ഒട്ടും വൈകിയില്ല, വിദ്യാഭ്യാസവകുപ്പ് മന്ത്രി സി.രവീന്ദ്രനാഥ് ലാപ്ടോപ്പുമായി കാര്‍ത്യായനിയമ്മയുടെ വീട്ടിലെത്തി സമ്മാനിച്ചു.
രാജ്യത്തെ തന്നെ ഏറ്റവും മുതിര്‍ന്ന സാക്ഷരതാ പഠിതാവായ കാര്‍ത്യായനിയമ്മ ഇപ്പോള്‍ 53 രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന കോമണ്‍വെല്‍ത്ത് ലേണിങ്ങിന്റെ ഗുഡ്വില് അംബാസഡറാണ്.
കാര്‍ത്യായനിയമ്മ സ്കൂളില്‍ പോയിട്ടേയില്ല. ആറ് പെണ്മക്കളുള്ള കുടുംബമായിരുന്നു. വീട്ടിലെ കഷ്ടപ്പാട് നിമിത്തം കുട്ടിയായിരിക്കുമ്പോഴെ ജോലിക്ക് പേകേണ്ടിവന്നു. ക്ഷേത്രങ്ങളിലെ തൂപ്പുജോലിയായിരുന്നു. മാവേലിക്കരയിലും ഹരിപ്പാട്ടുമുള്ള ക്ഷേത്രങ്ങളില്‍ ജോലിയുണ്ടായിരുന്നു. എത്രദൂരമായാലും നടക്കുന്നതായിരുന്നു പതിവ്. ചെരിപ്പിടുന്ന ശീലവുമില്ല. തൊണ്ണൂറുവയസ്സുവരെ ഇങ്ങനെ ജോലിചെയ്തു. അപ്പോഴും നടപ്പിന് കുറവില്ലായിരുന്നു. ഇപ്പോള്‍ 98 വയസ്സായി. സമപ്രായക്കാര്‍ എഴുന്നേറ്റിരിക്കാന്‍പോലും ബുദ്ധിമുട്ടുമ്പോള്‍ കാര്‍ത്യായനിയമ്മ ഓടിനടക്കുന്നു. കുട്ടിക്കാലം മുതലുള്ള കാര്യങ്ങളെല്ലാം ഓര്‍ത്തുപറയാനും ബുദ്ധിമുട്ടില്ല.
കഴിഞ്ഞ (2019) ഡിസംബറില്‍ നാലാം ക്ലാസ് തുല്യതാപരീക്ഷ എഴുതാന്‍ തയ്യാറെടുത്തതാണ്. പനിപിടിച്ച് കിടപ്പായിപ്പോയതിനാല് എഴുതാന്‍ കഴിഞ്ഞില്ല. അടുത്ത ഡിസംബറില്‍ റാങ്ക് വാങ്ങി ജയിക്കുമെന്ന് ഈ മുത്തശ്ശി ഉറപ്പിച്ചുപറയുന്നു.