തിരുവനന്തപുരം: മലയാളത്തിന്റെ മധുരം നുകരാന്‍ ഒരേ ക്ലാസില്‍ പഠിച്ച ചേച്ചിയും അനിയനും പരീക്ഷ എഴുതിയതും ഒരുമിച്ച്. പട്ടം കെവി സ്കൂളിലെ 12-ാം ക്ലാസുകാരിയായ കൃഷ്ണയും എട്ടാം ക്ലാസുകാരനായ അനിയന് എം അതുലുമാണ് സാക്ഷരതാ മിഷന്റെ പച്ചമലയാളം കോഴ്സ് പഠിച്ച് ഒരുമിച്ച് പരീക്ഷയെഴുതിയത്.
സ്കൂളില്‍ മലയാളം പഠിപ്പിക്കുന്നത് ആറുമുതല്‍ എട്ടുവരെ ക്ലാസുകളിലാണ്. നാലുമാസം മുമ്പുവരെ മലയാളം ശരിക്കും അറിയില്ലായിരുന്നു. ഇപ്പോള്‍ നന്നായി എഴുതാനും വായിക്കാനും പഠിച്ചു. ആദ്യമെത്തിയത് കൃഷ്ണയാണ്. ചേച്ചി നന്നായി മലയാളം പഠിച്ചപ്പോള്‍ അനിയനും കൂടെയെത്തി. ഇരുവരും ഒരേ ബെഞ്ചിലിരുന്ന് പഠിച്ചു. രണ്ടുമാസം കഴിഞ്ഞപ്പോഴാണ് അതുലിന് ഭാഷ ഇണങ്ങിയത്. ബഷീറിനോടും ഉറൂബിനോടുമെല്ലാം പ്രിയം കൂടിയതായി കൃഷ്ണ പറഞ്ഞു.