ഹയര്‍സെക്കന്‍ഡറി തുല്യതാ കോഴ്സ് രജിസ്ട്രേഷന് ഫോമുമായി മന്ത്രി കടകംപള്ളി സുരേന്ദ്രന് ചെന്നിലോട് കോളനിയില്‍
തിരുവനന്തപുരം: ‘വലുതാകുമ്പോള്‍ ആരാകണമെന്ന് ചോദിച്ചാല്‍ മോള്‍ക്ക് രണ്ടാമതൊന്ന് ചിന്തിക്കേണ്ടി വന്നിട്ടില്ല. മറുപടി റെഡിയാണ്. എനിയ്ക്ക് ടീച്ചര്‍ ആകണം.’- വര്‍ഷങ്ങള്‍ക്കിപ്പുറം മകള്‍ ശ്രീദേവിയുടെ ആഗ്രഹസാഫല്യത്തിന് വാതായനം തുറന്നു കിട്ടിയ സന്തോഷത്തിലാണ് നഗരസഭയിലെ ശുചീകരണ തൊഴിലാളിയായ പ്രഭാകരന്. സംസ്ഥാന സാക്ഷരതാമിഷനിലൂടെ ശ്രീദേവിക്ക് തുടര്‍ പഠനം സാധ്യമായപ്പോള്‍ നിര്‍ധന കുടുംബത്തിന്റെ ആഹ്ലാദം കൊടുമുടിയേറി. പഠനത്തില്‍ മിടുക്കിയായിരുന്ന ശ്രീദേവി പത്താംക്ലാസുവരെ പഠിച്ചു. നല്ല മാര്‍ക്കില്‍ പാസായി. കുടുംബത്തിലെ പരാധീനത കാരണം ഉപരിപഠനം വഴിമുട്ടുകയായിരുന്നു.
സംസ്ഥാന സാക്ഷരതാമിഷന്റെ ഹയര്‍ സെക്കന്‍ഡറി തുല്യതാ കോഴ്സ് രജിസ്ട്രേഷന് ഫോറവുമായി ഇന്നലെ രാവിലെയാണ് മന്ത്രി കടകംപള്ളി സുരേന്ദ്രന് ചെന്നിലോട് കോളനിയിലെ ശ്രീദേവിയുടെ വീട്ടിലെത്തിയത്. ആകസ്മകമായി മന്ത്രിയെക്കണ്ടപ്പോള്‍ വീട്ടുകാരില്‍ അമ്പരപ്പ്. സംസ്ഥാന സാക്ഷരതാമിഷന്റെ പത്താംതരം, ഹയര്‍ സെക്കന്‍ഡറി തുല്യതാ കോഴ്സ് രജിസ്ട്രേഷന്റെ ഭാഗമായിട്ടുള്ള ഭവന സന്ദര്ശനമാണെന്നറിയിച്ചപ്പോള് അമ്പരപ്പ് ആഹ്ലാദത്തിന് വഴിമാറി. പാതിവഴിയില്‍ ഉപേക്ഷിച്ച ജീവിതാഭിലാഷം സാക്ഷരതാമിഷന്‍ മുഖേന വീണ്ടും കരുപിടിക്കുന്നതിന്റെ സന്തോഷം ശ്രീദേവി മറച്ചുവച്ചില്ല. തുടര്‍പഠനത്തിനുള്ള അക്ഷരദൂതുമായെത്തിയ മന്ത്രി കടകംപള്ളി സുരേന്ദ്രന് ഒരായിരം നന്ദി അറിയിച്ചാണ് ശ്രീദേവി മടക്കിയത്.
ചെന്നിലോട് കോളനിയിലെ മന്ത്രിയുടെ ഭവന സന്ദര്‍ശനം അക്ഷരാര്‍ത്ഥത്തില്‍ ഫലം കണ്ടു. സാക്ഷരതാമിഷന്റെ പത്താംതരം, ഹയര്‍ സെക്കന്‍ഡറി തുല്യതാ കോഴ്സുകളില്‍ ചേരാന്‍ നിരവധി പേരാണ് സന്നദ്ധത അറിയിച്ചെത്തിയത്. എല്ലാവര്ക്കും മന്ത്രി രജിസ്ട്രേഷന് ഫോറങ്ങള്‍ വിതരണം ചെയ്തു.
പലവിധ കാരണങ്ങള്‍ കൊണ്ട് ജീവിതത്തില്‍ പഠനം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടിവന്നവര്‍ സംസ്ഥാന സാക്ഷരതാമിഷന്റെ തുല്യതാ കോഴ്സുകളെ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന് പറഞ്ഞു. സംസ്ഥാന സാക്ഷരതാമിഷന്‍ ഡയറക്ടര്‍ ഡോ. പി.എസ്.ശ്രീകല, കോര്‍ഡിനേറ്റര്‍മാരായ ഇ.വി.അനില്‍, പ്രശാന്ത്കുമാര്‍ തുടങ്ങിയവരും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു. തുടര്‍ന്ന് കരിയം രണ്ടാംചിറ കോളനിയില്‍ നടന്ന ഗൃഹസന്ദര്‍ശനത്തിന് ഡോ.പി.എസ്.ശ്രീകല നേതൃത്വം നല്കി.
ഔപചാരിക വിദ്യാഭ്യാസത്തിന് അവസരം ലഭിക്കാതെ പോയവര്‍ക്കും അപൂര്‍ണമായി പഠനം നിര്ത്തേണ്ടവന്നവര്ക്കും തുടര്‍പഠനത്തിന് അവസരം നല്കുന്ന പരിപാടിയാണ് സാക്ഷരതാമിഷന്‍ 1998 ഒക്ടോബര്‍ രണ്ടിന് ആരംഭിച്ച തുല്യതാ കോഴ്സുകള്‍. പത്താംതരം തുല്യതാകോഴ്സ് ആരംഭിച്ചത് 2006 മുതലാണ്. ഔപചാരിക ഏഴാം ക്ലാസോ, തുല്യത ഏഴാം ക്ലാസോ പാസായിട്ടുള്ള 17 വയസ്സ് പൂര്‍ത്തിയായ ഏതൊരാള്‍ക്കും പത്താംതരം തുല്യതാ കോഴ്സിന് ചേരാം. പത്താംതരം തുല്യതാകോഴ്സ് പാസാകുന്നവര്‍ക്ക് എസ്.എസ്.എല്‍.സി പാസായവരെ പോലെ തന്നെ ഉപരിപഠനത്തിനും പി.എസ്.സി നിയമനത്തിനും പ്രൊമോഷനും അര്‍ഹതയുണ്ട്. പത്താംതരം തുല്യതാ കോഴ്സ് കേരളത്തിനു പുറമെ കേന്ദ്രഭരണ പ്രദേശമായ മാഹിയിലും ലക്ഷദ്വീപിലും ഗള്‍ഫ് രാജ്യങ്ങളിലും ആരംഭിച്ചു.
2015- ലാണ് ഹയര്‍ സെക്കന്‍ഡറി തുല്യതാ കോഴ്സ് ആരംഭിച്ചത്. ഔപചാരിക വിദ്യാഭ്യാസത്തിലെ ഹയര്‍ സെക്കന്‍ഡറി കോഴ്സിനു സമാനമായ എല്ലാ വിഷയങ്ങളും (ഹ്യുമാനിറ്റീസ്, കോമേഴ്സ്, ഗ്രൂപ്പുകളില്‍) ഉള്‍പ്പെടുത്തിയ പാഠ്യ പദ്ധതിയാണ് ഹയര്‍ സെക്കന്‍ഡറി തുല്യതാ കോഴ്സിനുമുള്ളത്. സാക്ഷരതാമിഷന്റെ പത്താംതരം തുല്യതാ കോഴ്സ് പരീക്ഷ വിജയിച്ചവര്‍, ഔപചാരിക തലത്തിലുള്ള എസ്.എസ്.എല്‍.സി വിജയിച്ചതിനുശേഷം പഠനം നിറുത്തിയവര്‍ എന്നിവര്‍ക്ക് ഹയര്‍ സെക്കന്‍ഡറി തുല്യതാ കോഴ്സിനു ചേരാം. 22 വയസ്സ് പൂര്‍ത്തിയായിരിക്കണം.