പരിസ്ഥിതി സാക്ഷരത, നവകേരള സൃഷ്ടിയ്ക്ക് അനിവാര്യം:
എസ്.എം. വിജയാനന്ദ്
തിരുവനന്തപുരം: സാക്ഷരതയെന്നാല്‍ കേവലം അക്ഷരം അറിയുക മാത്രമല്ല, സാമൂഹ്യസാക്ഷരത കൂടിയാകണമെന്ന് മുന്‍ ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദ് അഭിപ്രായപ്പെട്ടു. ഇക്കാര്യത്തില്‍ സാക്ഷരതാമിഷന്റെ പരിസ്ഥിതി സാക്ഷരതാപദ്ധതി രാജ്യത്തിനു തന്നെ മാതൃകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചുള്ള സാക്ഷരതയാണ് നവകേരള സൃഷ്ടിയ്ക്ക് അനിവാര്യമായിരിക്കുന്നത്. സമൂഹത്തിനു നിലനില്ക്കാന് ആവശ്യമായ എല്ലാ വിഷയങ്ങളിലുമുള്ള അറിവ് ജനങ്ങളിലെത്തിക്കുന്നതാകണം യഥാര്‍ത്ഥ സാക്ഷരതാ പ്രവര്‍ത്തനം. സാമ്പത്തിക സാക്ഷരതയടക്കം സമൂഹത്തിന്റെ നിലനില്പ്പിനാവശ്യമായ വിഷയങ്ങളെ ആധാരമാക്കിയുള്ള പരിപാടികള്‍ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കണം. ഇത്തരം അറിവുകള്‍ ആദ്യമെത്തിക്കേണ്ടത് സമൂഹത്തിലെ പാര്‍ശ്വവത്കൃത വിഭാഗങ്ങളിലേക്കാണ്. ഇതിലൂടെ ജനകീയാസൂത്രണത്തിന്റെ രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഊര്‍ജ്ജം പകരാന്‍ കഴിയും. ഹരിതകേരളം മിഷനുമായി സഹകരിച്ച് സംസ്ഥാന സാക്ഷരതാമിഷന്‍ നടപ്പിലാക്കുന്ന പരിസ്ഥിതി സാക്ഷരതാ പദ്ധതിയുമായി ബന്ധപ്പെട്ട് ‘ജലസ്രോതസ്സുകളുടെ സ്ഥിതിവിവരപഠന’ത്തില്‍ സംഘടിപ്പിച്ച സംസ്ഥാനതല ശില്പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു വിജയാനന്ദ്.
വിദ്യാഭ്യാസം, ജീവിതം, തൊഴില്‍, ഭക്ഷണം, വിവരാവകാശം തുടങ്ങിയവയെല്ലാം മൗലിക അവകാശങ്ങളാണെന്ന് പട്ടികജാതി, പട്ടികവര്‍ഗ, ആദിവാസി, തീരദേശ മേഖകളില്‍ ജീവിക്കുന്നവരെ ബോധ്യപ്പെടുത്തണം. പുതിയ രോഗങ്ങള്‍, കാര്‍ഷിക മേഖലയിലെ പ്രതിസന്ധി തുടങ്ങിയ വിഷയങ്ങളിലെല്ലാം ജനങ്ങള്‍ ജാഗരൂകരാകണം. ഇതിനായി 90-കളിലെ സമ്പൂര്‍ണ സാക്ഷരതാ യജ്ഞത്തിന്റെ മാതൃകയില്‍ കേരളത്തില്‍ പരിസ്ഥിതി സാക്ഷരതാ യജ്ഞം നടപ്പിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.