തിരുവനന്തപുരം: സാംസ്കാരികമായി കേരളം ഏറെ മുന്നോക്കം പോയെങ്കിലും പിന്തിരിപ്പന് ആശയങ്ങളുടെ സ്വാധീനം സമൂഹത്തില്‍ ഇപ്പോഴും നിലനില്‍ക്കുന്നുവെന്ന് മന്ത്രി കെ.കെ.ശൈലജ. സ്ത്രീകള്‍ക്കെതിരെ പ്രതിലോമപരമായ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ സ്ത്രീകള്‍ തന്നെ ശക്തമായി പ്രതികരിക്കണം. നവോത്ഥാന പ്രക്രിയയില്‍ സ്ത്രീകളുടെ പങ്ക് അടയാളപ്പെടുത്തുന്ന സാക്ഷരതാമിഷന്റെ പ്രദര്‍ശനം ‘നവോത്ഥാനത്തിലെ സ്ത്രീ മുന്നേറ്റങ്ങള്‍’ പാളയം രക്തസാക്ഷിമണ്ഡപത്തില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
പുരോഗമന ആശയങ്ങളും വിശ്വാസവും രണ്ടായി കാണുന്ന അവസ്ഥയ്ക്ക് മാറ്റം വരണം. വിശ്വാസങ്ങള്‍ തെറ്റാണെന്ന് ആരും പറഞ്ഞിട്ടില്ല. പുരോഗമന ആശയക്കാര്‍ക്കും വിശ്വാസം ആകാം. രവീന്ദ്രനാഥ ടാഗോറിന്റെ ജീവിതം വ്യക്തമാക്കുന്നത് അതാണ്. വിശ്വാസത്തോടൊപ്പം ശാസ്ത്രീയ ബോധവും വളരണം. അതാണ് പ്രധാനം.
ആര്‍ത്തവം അശുദ്ധമാണെന്നാണ് ഒരു കൂട്ടര് പറയുന്നത്. അന്നം നല്കുന്ന തൊഴിലും ദൈവികമാണല്ലോ. അങ്ങനെയെങ്കില്‍ ഡോക്ടര്‍, അധ്യാപകര്‍ തുടങ്ങി സമൂഹത്തിലെ വിവിധ തലങ്ങളിലുള്ള സ്ത്രീകള്‍ ആര്‍ത്തവസമയത്ത് തൊഴിലിടങ്ങളില്‍ നിന്ന് വിട്ടുനിന്നാലുള്ള അവസ്ഥയെന്താകും. യുവതികള്‍ ശബരിമലയില്‍ പ്രവേശിക്കാന്‍ പാടില്ലെന്നാണ് ഒരു കൂട്ടര് പറയുന്നത്. ഇതിനായി അവര്‍ നടത്തിയ പ്രതിഷേധങ്ങളില്‍ യുവതികള്‍ അയ്യപ്പജ്യോതി തെളിക്കുകയും അയ്യപ്പന്റെ ചിത്രം വഹിച്ച് നാമജപം നടത്തുകയും ചെയ്യുന്നുണ്ട്. എന്ത് വിരോധാഭാസമാണിതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
സ്ത്രീയും പുരുഷനും ദൈവാംശം ഉള്‍ക്കൊണ്ട സൃഷ്ടികളാണെന്നാണ് നബി പറഞ്ഞത്. സമൂഹം എന്നാല്‍ സ്ത്രീയും പുരുഷനും ചേര്‍ന്നതാണെന്നാണ് പ്രവാചകര്‍ പഠിപ്പിച്ചത്. സ്ത്രീ സ്വാതന്ത്ര്യത്തിന്റെ അനിവാര്യത ഉറപ്പിക്കുന്ന പ്രബോധനങ്ങളാണ് അവര്‍ നടത്തിയത്. പ്രവാചകര്‍ എന്ത് പറഞ്ഞോ, അതിന് കടകവിരുദ്ധമായ തരത്തിലുള്ള ആശയങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ സ്ത്രീകളില്‍ നിന്നു തന്നെ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരണം. അതിനു കഴിയുന്നില്ലെങ്കില്‍ ആധുനിക ഉപഭോഗ സംസ്കാരത്തിന്റെ മേലാളന്മാര്ക്കു മുന്നില്‍ കുമ്പിട്ടു നില്‍ക്കേണ്ട ഗതികേട് സ്ത്രീകള്ക്കുണ്ടാകുമെന്നും മന്ത്രി കെ.കെ.ശൈലജ പറഞ്ഞു. സാക്ഷരതാമിഷന്‍ ഡയറക്ടര്‍ ഡോ.പി.എസ്.ശ്രീകല രചിച്ച ‘നവോത്ഥാനത്തിലെ സ്ത്രീ മുന്നേറ്റങ്ങള്‍’ എന്ന പുസ്തകം സ്ത്രീകള്‍ പ്രത്യേകിച്ചും വായിച്ചിരിക്കേണ്ട ഗ്രന്ഥമാണെന്നും മന്ത്രി ഓര്‍മിപ്പിച്ചു.
സ്ത്രീയും പുരുഷനും തോളോടുതോള്‍ ചേര്‍ന്ന് നേടിയ നവോത്ഥാന മൂല്യങ്ങളെ തകര്‍ക്കാന്‍ സമൂഹത്തില്‍ ചിലര്‍ ബോധപൂര്‍വ്വം നടത്തുന്ന ശ്രമങ്ങള്‍ക്കെതിരെയുള്ള ചെറുത്തുനില്‍പ്പിന്റെ ഭാഗമാണ് ‘നവോത്ഥാനത്തിലെ സ്ത്രീ മുന്നേറ്റങ്ങള്‍’ എന്ന പ്രദര്‍ശനമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു സംസാരിച്ച സാക്ഷരതാമിഷന്‍ ഡയറക്ടര്‍ ഡോ.പി.എസ്.ശ്രീകല പറഞ്ഞു. ഡോ.എസ്.ശ്രീദേവി ‘നവോത്ഥാന പൂര്വ്വകേരളം’ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി. ‘നവോത്ഥാനത്തിന്റെ സ്വാധീനം വിവിധ മതങ്ങളില്‍’ എന്ന വിഷയത്തില്‍ പ്രഭാഷണം ഡോ.ഖദീജമുംതാസ് പ്രഭാഷണം നടത്തി. പാളയം വാര്‍ഡ് കൗണ്‍സിലര്‍ ഐഷാ ബേക്കര്‍, സാക്ഷരതാമിഷന്‍ അസി.ഡയറക്ടര്‍മാരായ ഡോ.വിജയമ്മ, കെ.അയ്യപ്പന്‍നായര്‍, അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ഡാര്‍ലി ജോസഫ്, തുടങ്ങിയവര്‍ സംസാരിച്ചു.