രണ്ടരലക്ഷം വീടുകളില്‍ സര്‍വേ നടത്തി
തിരുവനന്തപുരം: പ്രളയാനന്തര കേരളത്തെയും കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തെയും സംബന്ധിച്ച് സമൂഹത്തിന്റെ മനസ്സറിയാന്‍ സംസ്ഥാനത്ത് സാക്ഷരതാമിഷന്റെ നേതൃത്വത്തില്‍ നടത്തിയ സര്‍വേയ്ക്ക് മികച്ച പ്രതികരണം. സാക്ഷരതാമിഷന്റെ 50,000 തുല്യതാ പഠിതാക്കള്‍ വോളന്റിയര്‍മാരായ സര്‍വേയ്ക്ക് മന്ത്രിമാര്‍, എം.എല്‍.എമാര്‍ മറ്റു ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥ പ്രമുഖര്‍, സാമൂഹിക, സാംസ്കാരിക പ്രവര്‍ത്തകര്‍ റസി.അസോസിയേഷന് ഭാരവാഹികള്‍ തുടങ്ങി സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നുള്ളവര്‍ നേതൃത്വം നല്കി. ഒരു പഠിതാവ് അഞ്ച് വീടുകള്‍ എന്ന ക്രമത്തില്‍ സംസ്ഥാനത്തെ രണ്ടരലക്ഷം വീടുകളിലാണ് സര്‍വേ നടത്തിയത്.
സര്‍വേയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം അണമുഖം വാര്‍ഡില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന് നിര്‍വഹിച്ചു. അണമുഖം കാവുവിളയില്‍ പ്രളയത്തില്‍ മുങ്ങിയ സുരേന്ദ്രന്റെ വീട് സുരഭിയില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചായിരുന്നു ഉദ്ഘാടനം. കേവലം പുസ്തകങ്ങളില്‍ നിന്നുള്ള അറിവ് മാത്രമല്ല യഥാര്‍ത്ഥ വിദ്യാഭ്യാസം. വിവിധ സാമൂഹിക ജീവിതാവസ്ഥകളില്‍ നിന്നുള്ള അറിവ് നേരിട്ട് ആര്‍ജിക്കുന്നതു കൂടിയാവണം. ഇക്കാര്യത്തില്‍ സാക്ഷരതാമിഷന്റെ തുല്യതാ പഠിതാക്കള്‍ മാതൃകയാണ്. – മന്ത്രി പറഞ്ഞു. ഔപചാരിക, അനൗപചാരിക വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളെ കോര്‍ത്തിണക്കിയുള്ള പുതിയ വിദ്യാഭ്യാസ സമ്പ്രദായമാണ് സംസ്ഥാനത്തിന് ആവശ്യമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. സ്ഥിതി വിവരപഠനത്തിന്റെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ സാക്ഷരത മുതല്‍ ഹയര്‍സെക്കണ്ടറി വരെയുള്ള അനൗപചാരികവിദ്യാഭ്യാസത്തിന്റെ പഠനപ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച സാക്ഷരതാമിഷന്‍ ഡയറക്ടര്‍ ഡോ.പി.എസ്.ശ്രീകല പറഞ്ഞു. സാക്ഷരതാ തുല്യതാപഠിതാക്കള്ക്കുവേണ്ടി പ്രത്യേക പഠനസാമഗ്രികള്‍ തയാറാക്കുകയും ദുരന്തപതിരോധത്തെക്കുറിച്ചുള്ള പ്രാഥമിക പാഠങ്ങള്‍ തുല്യതാപഠനത്തിന്റെ ഭാഗമാക്കുകയും ചെയ്യുമെന്ന് അവര്‍ പറഞ്ഞു. ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പ്രശാന്ത്കുമാര്‍, അസി.കോ-ഓര്‍ഡിനേറ്റര്‍ സജീവ് തുടങ്ങിയവര്‍ പങ്കെടുത്തു.
ആലപ്പുഴ ജില്ലയില്‍ മന്ത്രി ജി.സുധാകരന്, കൊല്ലം ജില്ലയില്‍ മന്ത്രി കെ.രാജു സര്‍വേ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി. എം.എല്‍.എ മാരായ സി.കെ.ശശീന്ദ്രന്, എന്‍.എ.നെല്ലിക്കുന്ന്, കെ.ഡി. പ്രസേനന്‍, സി.കെ.ആശ തുടങ്ങിയവര്‍ വിവിധ ജില്ലകളില്‍ നടന്ന സര്‍വേ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി. വിവിധ തദ്ദേശസ്വയംഭരണ സ്ഥാപന പ്രതിനിധികളുടെ നേതൃത്വത്തില്‍ അതാത് പ്രദേശങ്ങളില്‍ സര്‍വേ പ്രവര്‍ത്തനങ്ങള്‍ നടന്നു. കല്പറ്റ നഗരസഭയിലെ പൂര്‍ണമായും വെളളം കയറിയ ഓണിവയല്‍ ആദിവാസി ഫ്ളാറ്റ് കോളനിയിലെ സര്‍വേ പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ അജിത്ത്കുമാര്‍ നേതൃത്വം നല്കി.
കാലവസ്ഥാവ്യതിയാനം, പ്രകൃതിക്ഷോഭം, മാലിന്യസംസ്കരണം, പരിസ്ഥിതിസൗഹാര്ദ്ദജീവിതം, ദുരന്ത പ്രതിരോധം,തുടങ്ങിയവയില്‍ ശാസ്ത്രീയവും പ്രായോഗികവുമായ അറിവ് സാമൂഹ്യ അവബോധ നിര്‍മ്മിതിയില്‍ പ്രധാനമാണ്. അനൗപചാരിക വിദ്യാഭ്യാസത്തിലൂടെ ഈ അവബോധ രൂപീകരണം നടത്താനാണ് സാക്ഷരതാമിഷന്‍ ഉദ്ദേശിക്കുന്നത്. അതിന്റെ തുടക്കമെന്ന നിലയിലാണ് സര്‍വേ നടത്തിയത്. ഒക്ടോബര്‍ 7ന് പഠനകേന്ദ്രങ്ങളില്‍ സര്‍വേ വിവരങ്ങളുടെ ക്രോഡീകരണം നടക്കും. പഠനകേന്ദ്രങ്ങളുടെ തലത്തിലും ജില്ലാതലത്തിലും സര്‍വേ റിപ്പോര്‍ട്ട് തയാറാക്കി പ്രസിദ്ധപ്പെടുത്തും. സര്‍വേയിലൂടെ കണ്ടെത്തുന്ന വിവരങ്ങളും ദുരന്തനിവാരണ നിര്‍ദേശങ്ങളുമടങ്ങിയ വിശദമായ റിപ്പോര്‍ട്ട് ദുരന്ത ലഘൂകരണ ദിനമായ ഒക്ടോബര്‍ 13ന് സര്‍ക്കാരിന് സമര്‍പ്പിക്കും.
ഏറ്റവും പ്രസക്തവും നിത്യജീവിതവുമായി ബന്ധപ്പെട്ടതുമായ ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയാണ് സര്‍വേ ഫോറം തയ്യാറാക്കിയത്. ഓരോ വ്യക്തിക്കും പുനരാലോചനയ്ക്കും തുടരന്വേഷണത്തിനും ബോധവല്ക്കരണത്തിനുമുള്ള സാധ്യതകള്‍ തുറന്നിടുന്ന തരത്തിലുള്ള ചോദ്യങ്ങളാണ് ഉള്‍പ്പെടുത്തിയത്.