സാക്ഷരതാമിഷനും നിയമസഭയും ചേര്‍ന്ന് സംസ്ഥാനത്തെ മുഴുവന്‍ വാര്‍ഡുകളിലും നടത്തുന്ന ഭരണഘടനാ സാക്ഷരതാ ജനകീയ വിദ്യാഭ്യാസപരിപാടിയ്ക്കു തുടക്കമായി. ഇതുമായി ബന്ധപ്പെട്ട് സാക്ഷരതാമിഷന്റെ ജില്ലാ കോര്‍ഡിനേറ്റര്‍മാര്‍ക്കും അസി.കോ-ഓര്‍ഡിനേറ്റര്‍മാര്‍ക്കുമുള്ള പരിശീലന പരിപാടി എറണാകുളത്ത് നടന്നു. ഡയറക്ടര്‍ ഡോ.പി.എസ്.ശ്രീകല ക്ലാസ്സെടുത്തു.
ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാന ശിലകളായ പ്രമാണങ്ങള്‍ സാധാരണക്കാരെ പഠിപ്പിക്കാനുള്ള ബൃഹത്തായ ദൗത്യമാണ് തുടര്‍ന്നുള്ള ദിവസങ്ങളില്‍ സാക്ഷരതാമിഷന്റെ നേതൃത്വത്തില്‍ സംസ്ഥാനത്ത് നടക്കുക. 2019 ലെ റിപ്പബ്ലിക് ദിനത്തില്‍ പരിപാടി സമാപിക്കും. ഭരണഘടനാ നിര്‍മാണത്തിന്റെ നാള്‍വഴികള്‍, മൗലികാവകാശങ്ങള്‍, മതനിരപേക്ഷത, വ്യക്തിസ്വാതന്ത്ര്യം, പൗരജീവിതം, ലിംഗസമത്വം തുടങ്ങിയ ഭരണഘടനാ ഭാഗങ്ങള്‍ക്ക് ഊന്നല്‍ നല്‍കിയുള്ള ജനകീയ വിദ്യാഭ്യാസ പരിപാടിയാണ് ആവിഷ്ക്കരിച്ചിരിക്കുന്നത്. ഇതിനുള്ള രൂപരേഖ തയ്യാറാക്കി. ഭരണഘടനാ സാക്ഷരതാ ക്ലാസിനായി നിയമ വിദഗ്ധരുടെ സഹായത്തോടെ തയ്യാറാക്കുന്ന ലഘുപുസ്തകത്തിന്റെ പ്രകാശനം ഡിസംബര്‍ 6ന് നടക്കും. സംസ്ഥാനതലത്തില്‍ റിസോഴ്സ് പേഴ്സന്മാരുടെ പാനല്‍ തയ്യാറാക്കി. ഇവരുടെ പരിശീലനം ഡിസംബര്‍ 4ന് തിരുവനന്തപുരത്ത് നടക്കും. ഇവരുടെ നേതൃത്വത്തില്‍ ജില്ലതലത്തില്‍ റിസോഴ്സ് പേഴ്സന്‍മാര്‍ക്ക് പരിശീലനം നല്‍കും. ജില്ലാതല റിസോഴ്സ് പേഴ്സന്മാരുടെ നേതൃത്വത്തില്‍ തദ്ദേശസ്ഥാപനതലത്തിലും വാര്‍ഡുതലത്തിലും പരിശീലനം നല്‍കും. എല്ലാ വാര്‍ഡുകളിലും ഭരണഘടനാ സാക്ഷരതാ ക്ലാസ് സംഘടിപ്പിക്കുന്നതിനോടൊപ്പം ജില്ലാതലത്തില്‍ ഭരണഘടനാ സാക്ഷരതാ സംഗമങ്ങളും സംഘടിപ്പിക്കും. പത്താംതരം-ഹയര്‍ സെക്കന്‍ഡറി തുല്യതാ പഠിതാക്കള്‍ വഴി അവരുടെ പഠനാനുബന്ധ പ്രവര്‍ത്തനമായി 15 പേര് വീതം പങ്കെടുക്കുന്ന 60,000 ക്ലാസുകള്‍ സംഘടിപ്പിക്കും. സാക്ഷരതാമിഷന്റെ 2000 തുടര്‍വിദ്യാകേന്ദ്രങ്ങളില്‍ പ്രേരക്മാരുടെ നേതൃത്വത്തില്‍ നാലാംതരം- ഏഴാംതരം തുല്യതാ പഠിതാക്കള്‍,മുന്‍ പഠിതാക്കള്‍ എന്നിവര്‍ക്കും ക്ലാസുകള്‍ നല്‍കും. പ്രേരക്മാര്‍ക്കുള്ള പരിശീലനം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍മാരും അസി.കോ-ഓര്‍ഡിനേറ്റര്‍മാരും നല്‍കും.
ഒരുലക്ഷത്തോളം റിസോഴ്സ് പേഴ്സന്മാരുടെ നേതൃത്വത്തില്‍ കേരളത്തിലങ്ങോളമിങ്ങോളം കുറഞ്ഞത് 50 ലക്ഷം പേര്‍ക്ക് ഭരണഘടനയുടെ അടിസ്ഥാന പ്രമാണങ്ങളില്‍ ക്ലാസ്സെടുക്കും.
ജനുവരി 26ന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടക്കുന്ന സംസ്ഥാനതല ഭരണഘടനാസംരക്ഷണ സംഗമത്തില്‍ വിവിധ ജില്ലകളില്‍ നിന്ന് 15000 പേര് പങ്കെടുക്കും.