തിരുവനന്തപുരം: ഭരണഘടന കേവലം ഒരു ഗ്രന്ഥമല്ല, മറിച്ച്, ഇന്ത്യയുടെ സംസ്കാരമാണെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്. നമ്മുടെ രാജ്യത്തിന്റെ ബഹുസ്വരതയുടെ എല്ലാ സൂക്ഷ്മാംശങ്ങളും സ്വാംശീകരിച്ച മഹത്തായ മൂല്യസംഭരണിയാണത്. ഇതിഹാസങ്ങളുടെ ചരിത്രം മുതല്‍ മുഗള്‍ ഭരണം വരെയുള്ള സംസ്കാരങ്ങള്‍ അതില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നു. വൈവിധ്യത്തെ സംഹരിക്കാനല്ല, മറിച്ച് സംവാദങ്ങള്‍ക്ക് വേദിയൊരുക്കുന്നതാണ് ഇന്ത്യന്‍ ഭരണഘടന. അതുകൊണ്ടാണ് ഇന്ത്യന്‍ ഭരണഘടന ലോകത്ത് തന്നെ മഹത്തായ ഭരണഘടനയുടെ പട്ടികയില്‍ ഇടംപിടിച്ചത്. സമാധാനവും സഹിഷ്ണുതയും സമഭാവനയുമുള്ള ഒരുജനതയാണ് ഇന്ന് രാജ്യത്തിന് അനിവാര്യമായിട്ടുള്ളത്. ഇതിന് ഭരണഘടനയെക്കുറിച്ചുള്ള അവബോധം സാമാന്യ ജനങ്ങളില്‍ ശക്തമാകേണ്ടതുണ്ട്. സാക്ഷരതാമിഷനും നിയമസഭയും സംയുക്തമായി സംസ്ഥാനത്തെ മുഴുവന്‍ വാര്‍ഡുകളിലും നടത്തുന്ന ഭരണഘടനാ സാക്ഷരതാ ജനകീയ വിദ്യാഭ്യാസപരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം വി.ജെ.ടി ഹാളില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണഘടനയുടെ ആമുഖം ചൊല്ലിയായിരുന്നു ഉദ്ഘാടനം.
നവോത്ഥാനം എന്നത് പൊതുസമൂഹത്തിന്റെ മനസ്സിന്റെ നവീകരണമാണെന്ന് ചടങ്ങില്‍ അധ്യക്ഷതവഹിച്ച് സംസാരിച്ച മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് പറഞ്ഞു. അടിമത്വം നിറഞ്ഞുനിന്ന അവസ്ഥയില്‍ നിന്നും രാജ്യം ഇന്നത്തെ നിലയിലെത്തിയത് നവോത്ഥാനത്തിലൂടെയായിരുന്നു. നവോത്ഥാനം എന്നത് മാനവികതയില്‍ അധിഷ്ഠിതമായ ആശയരൂപീകരണമാണ്. ഇന്ത്യന്‍ ഭരണഘടന ഇതിന്റെ ഉത്പന്നമാണ്. അതുകൊണ്ടുതന്നെ സാക്ഷരതാമിഷന്റെ നേതൃത്വത്തില്‍ നടത്തുന്ന ഭരണഘടനാ സാക്ഷരതാ ജനകീയ വിദ്യാഭ്യാസ പദ്ധതി രാജ്യത്തിന് മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു.
നാഷണല്‍ യൂണിവേഴ്സിറ്റി ഒഫ് അഡ്വാന്‍സ്ഡ് ലീഗല്തോട്സ് മുന്‍ വൈസ് ചാന്‍സലര്‍ ഡോ.എന്‍.കെ.ജയകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. സാക്ഷരതാമിഷന്‍ ഡയറക്ടര്‍ ഡോ.പി.എസ്.ശ്രീകല,പുരുഷന് കടലുണ്ടി എം.എല്‍.എ, നവകേരളമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ചെറിയാന് ഫിലിപ്പ്, കേരളനിയമസഭ സെക്രട്ടറി വി.കെ.ബാബു പ്രകാശ് തുടങ്ങിയവര്‍ പ്രസംഗിച്ചു. ഉദ്ഘാടനത്തിന് മുന്നോടിയായി രക്ഷസാക്ഷി മണ്ഡപത്തിനു മുന്നില്‍ നിന്നും സാക്ഷരതാമിഷന്‍ ഡയറക്ടര്‍ ഡോ.പി.എസ്.ശ്രീകലയുടെ നേതൃത്വത്തില്‍ ഭരണഘടനാ സാക്ഷരതാ സന്ദേശറാലി നടന്നു. സാക്ഷരതാമിഷന്റെ തുല്യതാ പഠിതാക്കള്‍, പ്രേരക്മാര്‍, ജീവനക്കാര്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാന ശിലകളായ പ്രമാണങ്ങള്‍ സാധാരണക്കാരെ പഠിപ്പിക്കാനുള്ള ബൃഹത്തായ ദൗത്യമാണ് ഇനിയുള്ള ദിവസങ്ങളില്‍ സാക്ഷരതാമിഷന്റെ നേതൃത്വത്തില്‍ സംസ്ഥാനത്ത് നടക്കുക. 2019 ലെ റിപ്പബ്ലിക് ദിനത്തില്‍ പരിപാടി സമാപിക്കും. ഭരണഘടനാ നിര്‍മാണത്തിന്റെ നാള്‍വഴികള്‍, മൗലികാവകാശങ്ങള്‍, മതനിരപേക്ഷത, വ്യക്തിസ്വാതന്ത്ര്യം, പൗരജീവിതം, ലിംഗസമത്വം തുടങ്ങിയ ഭരണഘടനാ ഭാഗങ്ങള്‍ക്ക് ഊന്നല്‍ നല്‍കിയുള്ള ജനകീയ വിദ്യാഭ്യാസ പരിപാടിയാണ് ആവിഷ്ക്കരിച്ചിരിക്കുന്നത്. ഇതിനുള്ള രൂപരേഖ തയ്യാറാക്കി. ഭരണഘടനാ സാക്ഷരതാ ക്ലാസിനായി നിയമ വിദഗ്ധരുടെ സഹായത്തോടെ തയ്യാറാക്കുന്ന ലഘുപുസ്തകത്തിന്റെ പ്രകാശനം ഡിസംബര്‍ 6ന് നടക്കും. സംസ്ഥാനതലത്തില്‍ റിസോഴ്സ് പേഴ്സന്മാരുടെ പാനല്‍ തയ്യാറാക്കി. ഇവരുടെ പരിശീലനം ഡിസംബര്‍ 4ന് തിരുവനന്തപുരത്ത് നടക്കും. ഇവരുടെ നേതൃത്വത്തില്‍ ജില്ലതലത്തില്‍ റിസോഴ്സ് പേഴ്സന്‍മാര്‍ക്ക് പരിശീലനം നല്‍കും. ജില്ലാതല റിസോഴ്സ് പേഴ്സന്മാരുടെ നേതൃത്വത്തില്‍ തദ്ദേശസ്ഥാപനതലത്തിലും വാര്‍ഡുതലത്തിലും പരിശീലനം നല്‍കും. എല്ലാ വാര്‍ഡുകളിലും ഭരണഘടനാ സാക്ഷരതാ ക്ലാസ് സംഘടിപ്പിക്കുന്നതിനോടൊപ്പം ജില്ലാതലത്തില്‍ ഭരണഘടനാ സാക്ഷരതാ സംഗമങ്ങളും സംഘടിപ്പിക്കും. പത്താംതരം-ഹയര്‍ സെക്കന്‍ഡറി തുല്യതാ പഠിതാക്കള്‍ വഴി അവരുടെ പഠനാനുബന്ധ പ്രവര്‍ത്തനമായി 15 പേര് വീതം പങ്കെടുക്കുന്ന 60,000 ക്ലാസുകള്‍ സംഘടിപ്പിക്കും. സാക്ഷരതാമിഷന്റെ 2000 തുടര്‍വിദ്യാകേന്ദ്രങ്ങളില്‍ പ്രേരക്മാരുടെ നേതൃത്വത്തില്‍ നാലാംതരം- ഏഴാംതരം തുല്യതാ പഠിതാക്കള്‍,മുന്‍ പഠിതാക്കള്‍ എന്നിവര്‍ക്കും ക്ലാസുകള്‍ നല്‍കും.
ഒരുലക്ഷത്തോളം റിസോഴ്സ് പേഴ്സന്മാരുടെ നേതൃത്വത്തില്‍ കേരളത്തിലങ്ങോളമിങ്ങോളം കുറഞ്ഞത് 50 ലക്ഷം പേര്‍ക്ക് ഭരണഘടനയുടെ അടിസ്ഥാന പ്രമാണങ്ങളില്‍ ക്ലാസ്സെടുക്കും.
ജനുവരി 26ന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടക്കുന്ന സംസ്ഥാനതല ഭരണഘടനാസംരക്ഷണ സംഗമത്തില്‍ വിവിധ ജില്ലകളില്‍ നിന്ന് 15000 പേര് പങ്കെടുക്കും.