ഭരണഘടനാ സംരക്ഷണസംഗമം 26ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
തിരുവനന്തപുരം: ഭരണഘടനാ മൂല്യങ്ങളെക്കുറിച്ച് ജനങ്ങളില്‍ കൂടുതല്‍ അവബോധം സൃഷ്ടിക്കാന്‍ നിയമസഭയും സാക്ഷരതാമിഷനും ചേര്‍ന്ന് കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ ഭരണഘടനാ സാക്ഷരതാ സന്ദേശയാത്ര നടത്തുമെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന് പത്രസമ്മേളനത്തില്‍ അറിയിച്ചു. സമൂഹത്തില്‍ ഭരണഘടനയുടെ അടിസ്ഥാന പ്രമാണങ്ങള്‍ പരിചയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ കേരളനിയമസഭയും സാക്ഷരതാമിഷനും സംയുക്തമായി നടപ്പിലാക്കുന്ന ഭരണഘടനാസാക്ഷരത – ജനകീയവിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായാണ് ഭരണഘടനാ സാക്ഷരതാ സംരക്ഷണയാത്ര സംഘടിപ്പിക്കുന്നത്. കാസര്‍കോട് മഞ്ചേശ്വരത്തുനിന്ന് 14ന് വൈകിട്ട് 4ന് ആരംഭിക്കുന്ന യാത്ര സംസ്ഥാനത്തെ 52 കേന്ദ്രങ്ങളിലൂടെ സഞ്ചരിച്ച് ജനുവരി 24 ന് തിരുവനന്തപുരം വെങ്ങാനൂരില്‍ സമാപിക്കും. യാത്ര എത്തിച്ചേരുന്ന കേന്ദ്രങ്ങള്‍ക്ക് നവോത്ഥാനനായകരുടെ പേരുകളാണ് നല്‍കിയിരിക്കുന്നത്. എല്ലാ കേന്ദ്രങ്ങളിലും ഭരണഘടനാസാക്ഷരതാപ്രദര്ശനവും ഉണ്ടായിരിക്കും. ഭരണഘടനാസാക്ഷരതാസന്ദേശയാത്രയ്ക്ക് മുന്നോടിയായി മഞ്ചേശ്വരം എസ് എ ടി ഹയര്‍സെക്കണ്ടറി സ്കൂളില്‍ ജനുവരി 12 ,13 തീയതികളില്‍ നിയമസഭാമ്യൂസിയം വകുപ്പ് ഒരുക്കുന്ന പ്രദര്‍ശനം ഉണ്ടായിരിക്കുമെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന് പറഞ്ഞു.
ഭരണഘടനയുടെ പ്രാഥമികവും അടിസ്ഥാനപരവുമായ വിവരങ്ങളെക്കുറിച്ച് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ 2018 നവംബര്‍ 26നാണ് ഭരണഘടനാ സാക്ഷരതാ ജനകീയ വിദ്യാഭ്യാസ പദ്ധതിയ്ക്ക് തുടക്കം കുറിച്ചത്. പരിപാടിയുടെ ഭാഗമായി സംസ്ഥാന-ജില്ലാ-തദ്ദേശസ്വയംഭരണസ്ഥാപന തലങ്ങളില്‍ റിസോഴ്സ് പഴ്സണ്‍ പരിശീലനം പൂര്‍ത്തിയാക്കി വാര്‍ഡുകളില്‍ ക്ലാസ്സുകള്‍ നടന്നുവരികയാണെന്ന് സാക്ഷരതാമിഷന്‍ ഡയറക്ടര്‍ ഡോ.പി.എസ്.ശ്രീകല പറഞ്ഞു. ജനകീയവിദ്യാഭ്യാസപരിപാടി 2019 ജനുവരി 26 റിപ്പബ്ലിക് ദിനത്തില്‍ തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഭരണഘടനാസംരക്ഷണസംഗമത്തോടെ സമാപിക്കും. മുഖ്യമന്ത്രി പിണറായി വിജയന് സംഗമം ഉദ്ഘാടനം ചെയ്യും. തുല്യതാ പഠിതാക്കള്‍, പ്രേരക്മാര്‍, സാക്ഷരതാ പ്രവര്‍ത്തകര്‍ തുടങ്ങി 15000 പേര് സംഗമത്തില്‍ പങ്കെടുക്കും. ജനകീയവിദ്യാഭ്യാസപരിപാടിയുടെ സമാപനത്തോട് അനുബന്ധിച്ച് 2019 ജനുവരി 25,26,, 27 തീയതികളില്‍ നിയമസഭാഹാളും മ്യൂസിയവും പൊതുജനങ്ങള്‍ക്ക് സന്ദര്‍ശിക്കാനായി തുറന്നുനല്‍കും.
ഭരണഘടനാ നിര്‍മാണത്തിന്റെ നാള്‍വഴികള്‍, മൗലികാവകാശങ്ങള്‍, മതനിരപേക്ഷത, വ്യക്തിസ്വാതന്ത്ര്യം, പൗരജീവിതം, ലിംഗസമത്വം തുടങ്ങിയ ഭരണഘടനാ ഭാഗങ്ങള്‍ക്ക് ഊന്നല്‍ നല്കി തയ്യാറാക്കിയ പുസ്തകത്തിലാണ് ക്ലാസുകള്‍ നടന്നുവരുന്നത്. വാര്‍ഡുകളില്‍ ഭരണഘടനാ സാക്ഷരതാ ക്ലാസ്സുകളോടൊപ്പം ജില്ലാതലത്തില്‍ ഭരണഘടനാ സാക്ഷരതാ സംഗമങ്ങളും ജനകീയ വിദ്യാഭ്യാസപരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചുവരുന്നു. പത്താംതരം-ഹയര്‍ സെക്കന്‍ഡറി തുല്യതാ പഠിതാക്കള്‍ വഴി അവരുടെ പഠനാനുബന്ധ പ്രവര്‍ത്തനമായി 15 പേര് വീതം പങ്കെടുക്കുന്ന 60,000 ക്ലാസുകള്‍ സംഘടിപ്പിക്കും. സാക്ഷരതാമിഷന്റെ 2000 തുടര്‍വിദ്യാകേന്ദ്രങ്ങളില്‍ പ്രേരക്മാരുടെ നേതൃത്വത്തില്‍ നാലാംതരം- ഏഴാംതരം തുല്യതാ പഠിതാക്കള്‍,മുന്‍ പഠിതാക്കള്‍ എന്നിവര്‍ക്കുള്ള ക്ലാസുകളും നടന്നുവരുന്നു. ഒരുലക്ഷത്തോളം റിസോഴ്സ് പഴ്സണ്മാരുടെ നേതൃത്വത്തില്‍ കേരളത്തിലങ്ങോളമിങ്ങോളം കുറഞ്ഞത് 50 ലക്ഷം പേര്‍ക്ക് ഭരണഘടനയുടെ അടിസ്ഥാന പ്രമാണങ്ങളില്‍ ക്ലാസ്സെടുക്കാനാണ് ജനകീയ വിദ്യാഭ്യാസപരിപാടി ലക്ഷ്യമിടുന്നതെന്ന് ഡോ.പി.എസ്.ശ്രീകല പറഞ്ഞു.