90-കളിലെ സമ്പൂര്‍ണ സാക്ഷരതയ്ക്ക് പിന്നാലെ ഭരണഘടനാ സാക്ഷരതാപരിപാടി രാജ്യത്ത് ആദ്യമായി നടപ്പാക്കുന്ന സംസ്ഥാനമായി കേരളം. ഭരണഘടനാ മൂല്യങ്ങളെക്കുറിച്ച് ജനങ്ങളില്‍ കൂടുതല്‍ അവബോധം സൃഷ്ടിക്കാന്‍ സാക്ഷരതാമിഷനും നിയമസഭയും ചേര്‍ന്ന് നടപ്പിലാക്കുന്ന ഭരണഘടനാ സാക്ഷരതാ ജനകീയപരിപാടിയാണ് മറ്റൊരു ചരിത്രമാകുന്നത്.
ഭരണഘടനാ സാക്ഷരത സന്ദേശയാത്രയുടെ ഉദ്ഘാടനം മഞ്ചേശ്വരം ഹൊസങ്കടിയില്‍ പി കരുണാകരന് എം.പി സംസ്ഥാന സാക്ഷരതാ മിഷന് ഡയറക്ടര്‍ ഡോ. പി എസ് ശ്രീകലക്ക് പതാക കൈമാറി നിര്‍വഹിച്ചു. ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് എ ജി സി ബഷീര്‍ അധ്യക്ഷതവഹിച്ചു.
സംസ്ഥാനത്ത് ഭരണഘടനയ്ക്കും നവോത്ഥാനമൂല്യങ്ങള്‍ക്കും പ്രാമുഖ്യം നല്‍കിയുള്ള പുതിയൊരു സാക്ഷരതാ സംസ്കാരത്തിന് സാക്ഷരതാമിഷന്‍ തുടക്കം കുറിച്ചിരിക്കുകയാണെന്ന് പി.കരുണാകരന് പറഞ്ഞു. മധ്യകാലത്തെ ഇരുട്ടിലേക്ക് രാജ്യത്തെ തിരിച്ചുകൊണ്ടുപോകാനാണ് ചിലരുടെ ശ്രമം. നാടനുഭവിക്കുന്ന നീറുന്ന പ്രശ്നങ്ങളൊന്നും ഇക്കൂട്ടര്‍ക്ക് ഒരു പ്രശ്നമേയല്ല. ആചാരങ്ങളുടെയും വിശ്വാസങ്ങളുടെയും പേരില്‍ നാട്ടില്‍ കലാപം സൃഷ്ടിക്കാനുള്ള ബോധപൂര്‍വമായ ശ്രമങ്ങളാണ് നടന്നുവരുന്നത്. ഈ പശ്ചാത്തലത്തില്‍ ഭരണഘടനാ സംരക്ഷണം ഒരു ജനകീയ അജന്ഡയാകേണ്ടതുണ്ട്. സ്വതന്ത്ര ജുഡീഷ്യറി, നിയമവാഴ്ച, മതേതരത്വം, ഫെഡറലിസം, സ്വാതന്ത്ര്യം, സാമൂഹിക നീതി, ജനങ്ങളുടെ പരാമാധികാരം, ലിംഗസമത്വം എന്നിങ്ങനെയുള്ള അടിസ്ഥാന സ്വഭാവങ്ങളെ മാറ്റിവച്ചുകൊണ്ട് ഇന്ത്യന്‍ ഭരണഘടനയെക്കുറിച്ച് ചിന്തിക്കാനാവില്ല. ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന ഈ മൂല്യങ്ങള്‍ക്കെതിരെയുള്ള കടന്നാക്രമണങ്ങളും കാണാം. എന്ത് കാണണമെന്നതു മുതല്‍ എന്ത് കഴിക്കണമെന്നുവരെ നിശ്ചയിക്കാനുള്ള പൗരന്റെ അവകാശം ഞെരിച്ചമര്ത്തപ്പെടുകയാണ്. വിയോജന അഭിപ്രായങ്ങളും വിരുദ്ധ അഭിപ്രായങ്ങളും അനുവദിച്ചിരുന്ന ജനാധിപത്യ പൊതുമണ്ഡലം തകര്‍ക്കപ്പെടുകയാണ്. വിരുദ്ധാഭിപ്രായങ്ങളുടെ കാര്യം പോകട്ടെ, വിയോജനാഭിപ്രായങ്ങള്‍ പറയുന്നവരെപ്പോലും വെടിവച്ചുകൊല്ലുമെന്ന ഭീതിയുടെ അന്തരീക്ഷം സമൂഹത്തിലാകെ പടര്‍ത്തുകയാണ്.
ആരാധനാലയങ്ങളെ സംബന്ധിച്ച് ഭരണഘടനാ ബെഞ്ചിന്റെ വിധിയെ പോലും ജുഗുപ്സാവഹമായ രീതിയിലാണ് ചിലര്‍ വെല്ലുവിളിക്കുന്നത്. ഈ സാഹചര്യത്തിലാണ് ഭരണഘടനാ മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുള്ള സാക്ഷരതാ പ്രവര്‍ത്തനം അനിവാര്യമായിരിക്കുന്നത്. ഭരണഘടനാ നിര്‍മാണത്തിന്റെ നാള്‍വഴികള്‍, മൗലികാവകാശങ്ങള്‍, മതനിരപേക്ഷത, വ്യക്തിസ്വാതന്ത്ര്യം, പൗരജീവിതം, ലിംഗസമത്വം തുടങ്ങിയ ഭരണഘടനാ ഭാഗങ്ങള്‍ക്ക് ഊന്നല്‍ നല്‍കിയുള്ള ജനകീയ വിദ്യാഭ്യാസ പരിപാടിയ്ക്ക് രൂപം നല്‍കണം. ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാന ശിലകളായ പ്രമാണങ്ങള്‍ സാധാരണക്കാരെ പഠിപ്പിക്കാനുള്ള ബൃഹത്തായ ദൗത്യമാണ് സാക്ഷരതാമിഷന്‍ ഏറ്റെടുത്തിരിക്കുന്നതെന്നും പി കരുണാകരന് എം.പി പറഞ്ഞു.
വിവിധ ജില്ലകളിലെ 52 കേന്ദ്രങ്ങളിലൂടെ സഞ്ചരിച്ച് ജനുവരി 24ന് തിരുവനന്തപുരം വെങ്ങാനൂരില്‍ യാത്ര സമാപിക്കും. യാത്ര കടന്നുപോകുന്ന 52 കേന്ദ്രങ്ങള്‍ക്കും നവോത്ഥാന നായകരുടെ പേരുകളാണ് നാമകരണം ചെയ്തിരിക്കുന്നത്. യാത്ര അവസാനിക്കുന്ന വെങ്ങാനൂരിലെ സ്വീകരണ കേന്ദ്രത്തിന് അയ്യന്‍കാളി നഗര്‍ എന്നാണ് നാമകരണം ചെയ്തിരിക്കുന്നത്.
ഭരണഘടനയുടെ പ്രാഥമികവും അടിസ്ഥാനപരവുമായ വിവരങ്ങള്‍ സമൂഹത്തിന്റെ താഴെ തട്ടിലെത്തിക്കുകയെന്ന ലക്ഷ്യത്തോടെ 2018 നവംബര്‍ 26നാണ് ഭരണഘടനാ സാക്ഷരതാ ജനകീയ വിദ്യാഭ്യാസ പദ്ധതിയ്ക്ക് തുടക്കം കുറിച്ചത്. ഭരണഘടനാ സാക്ഷരത ജനകീയ വിദ്യാഭ്യാസപരിപാടിയ്ക്ക് ജനുവരി 26ന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ഭരണഘടനാ സംരക്ഷണ സംഗമം മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും.
സ്വാതന്ത്ര്യസമരസേനാനി ക്യാപ്റ്റന്‍ കെ എം കെനമ്പ്യാര് മുഖ്യാതിഥിയായിരുന്നു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ കെ എം അഷ്റഫ് ,വൈസ് പ്രസിഡണ്ട് മമത ദിവാകര്‍, സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന് മുഹമ്മദ് മുസ്തഫ, വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന് കെഎം കെ അബ്ദുറഹ്മാന് ഹാജി. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി നൂതന കുമാരി ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ഷാജൂ ജോണ്‍, കെ വി രാഘവന് മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.