പെരുമ്പാവൂര്‍: സംസ്ഥാന സാക്ഷരതാമിഷന്റെ നേതൃത്വത്തില്‍ ഇതര തൊഴിലാളികള്‍ക്കായി പെരുമ്പാവൂരില്‍ നടപ്പിലാക്കിവരുന്ന മാതൃകാ പദ്ധതിയില്‍ പരീക്ഷ സംഘടിപ്പിച്ചു. പത്ത് കേന്ദ്രങ്ങളിലായി നടന്ന പരീക്ഷയില്‍ 568 പേര് പങ്കെടുത്തു.
‘ഹമാരി മലയാളം’ എന്ന പേരില്‍ സാക്ഷരതാമിഷന്‍ പുറത്തിറക്കിയ പുസ്തകത്തില്‍ നിന്നുള്ള ചോദ്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചായിരുന്നു പരീക്ഷ. എഴുത്ത്, വായന, കണക്ക് എന്നിങ്ങനെ ആകെ 100 മാര്‍ക്കിനായിരുന്നു പരീക്ഷ. ഒഡീഷയില്‍ നിന്നുള്ളവരായിരുന്നു പരീക്ഷയെഴുതിയവരില്‍ ഭൂരിഭാഗം.
സംസ്ഥാന സാക്ഷരതാമിഷന്‍ ഡയറക്ടര്‍ ഡോ.പി.എസ്.ശ്രീകല ചോദ്യപേപ്പര്‍ നല്കി ഉദ്ഘാടനം ചെയ്തു. പെരുമ്പാവൂര്‍ മുനിസിപ്പല്‍ ചെയര്മാന് സതി ജയകൃഷ്ണന്, പദ്ധതിയുടെ സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ ഇ.വി.അനില്‍കുമാര്‍, സാക്ഷരതാമിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍മാരായ വി.വി.മാത്യു, ദീപ ജെയിംസ് തുടങ്ങിയവര്‍ പങ്കെടുത്തു.
‘ചങ്ങാതി’ എന്ന പേരില്‍ പെരുമ്പാവൂരില്‍ ആരംഭിച്ച പദ്ധതി 2016 ഡിസംബര്‍ 16ന് മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്തത്. പഠിതാക്കളെ കണ്ടെത്തുന്നതിനുള്ള സര്‍വേ 2017 ജനുവരി 26ന് തുടങ്ങി. ഓഗസ്റ്റ് 15ന് പ്രവേശനോത്സവം സംഘടിപ്പിച്ചു. മാറമ്പള്ളി എം.ഇ.എസ്. കോളജിലെ 92 വിദ്യാര്‍ഥികള്‍ ഉള്‍പ്പെട്ട സംഘവും യജ്ഞത്തില്‍ പങ്കാളികളായി. ഇതര സംസ്ഥാന തൊഴിലാളികളെ മലയാളം എഴുതാനും വായിക്കാനും പ്രാപ്തരാക്കുകയാണ് ലക്ഷ്യം.
നിലവില്‍ ‘ചങ്ങാതി’ പദ്ധതി എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിച്ചു. ജില്ലകളില്‍ തിരഞ്ഞെടുത്ത ഒരു തദ്ദേശസ്വയംഭരണ സ്ഥാപനത്തില്‍ പദ്ധതി നടന്നുവരുന്നു.