തിരുവനന്തപുരം: സംസ്ഥാന സാക്ഷരതാമിഷന്‍ അട്ടപ്പാടിയില്‍ നടത്തിവരുന്ന പ്രത്യേക സാക്ഷരത- തുല്യതാ പദ്ധതി പരീക്ഷയില്‍ മൊത്തം 2,553 പേര് വിജയിച്ചു (97%). ഇതില്‍ 1975 പേര് സ്ത്രീകളാണ്. നക്കുപ്പതി കമ്മ്യൂണിറ്റി ഹാളില്‍ പരീക്ഷയെഴുതിയ പാപ്പ (88)യാണ് പരീക്ഷയെഴുതിയവരില്‍ ഏറ്റവും പ്രായം കൂടിയത്.
പദ്ധതിയുടെ ഭാഗമായി മൊത്തം 2624 പേരാണ് പരീക്ഷ എഴുതിയത്. അട്ടപ്പാടി ബ്ലോക്കിലെ മൊത്തം മൂന്ന് ഗ്രാമപഞ്ചായത്തുകളായ അഗളി, ഷോളയൂര്‍,പുത്തൂര്‍ എന്നിവിടങ്ങളിലെ 138 കേന്ദ്രങ്ങളിലായിരുന്നു സാക്ഷരത പരീക്ഷ നടത്തിയത്. ഇതില്‍ പുതൂര്‍ ഗ്രാമപഞ്ചായത്തിലാണ് ഏറ്റവും കൂടുതല്‍ പേര് വിജയിച്ചത് – 1269. അഗളിയില്‍ 830 പേരും ഷോളയൂരില്‍ 454 പേരും വിജയിച്ചു. മൂന്നു ഗ്രാമപഞ്ചായത്തുകളിലെ മൊത്തം 129 ഊരുകളിലായി കഴിഞ്ഞ ഡിസംബറിലായിരുന്നു സാക്ഷരത ക്ലാസ് ആരംഭിച്ചത്.
സാക്ഷരതാമിഷന്‍ പുതുതായി തയ്യാറാക്കിയ സാക്ഷരതാപാഠാവലിയിലായിരുന്നു സാക്ഷരതാപരീക്ഷ നടത്തിയത്. വായന, എഴുത്ത്, കണക്ക് എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളെ ആസ്പദമാക്കി മൊത്തം 100 മാര്‍ക്കിനായിരുന്നു സാക്ഷരതാ പരീക്ഷ. 30 മാര്‍ക്കാണ് വിജയിക്കാന്‍ വേണ്ടത്. വായനയ്ക്ക് 30 മാര്‍ക്കില്‍ ഒമ്പത്, എഴുത്തിന് 40 മാര്‍ക്കില്‍ 12, കണക്കിന് 30 മാര്‍ക്കില്‍ 9 എന്നിങ്ങനെയാണ് പാസ് മാര്‍ക്ക്.
ആദ്യഘട്ടത്തില്‍ 1117 പേര് സാക്ഷരതാ പരീക്ഷ വിജയിച്ചിരുന്നു. ഇതില്‍ 783 പേര് നാലാംതരം തുല്യത പഠിച്ചുവരുന്നു. 43 ഊരുകളിലായാണ് നാലാംതരം തുല്യതക്ലാസ് നടന്നുവരുന്നത്.
അട്ടപ്പാടിയില്‍ നടപ്പിലാക്കിവരുന്ന പ്രത്യേക സാക്ഷരതാപരിപാടിയുടെ ഭാഗമായി മൊത്തം 275 ഇന്‍സ്ട്രക്ടര്‍മാരെയാണ് നിയോഗിച്ചത്. ഇതില്‍ 218 ഇന്‍സ്ട്രക്ടര്‍മാര്‍ ആദിവാസികളാണ്. വ്യത്യസ്ത ഗോത്രഭാഷകള്‍ സംസാരിക്കുന്ന ആദിവാസികള്‍ക്കിടയില്‍ നിന്നു തന്നെ ഇന്‍സ്ട്രക്ടര്‍മാരെ നിയോഗിച്ചതാണ് പദ്ധതിയെ ഫലപ്രദമാക്കുന്നത്. ഇന്‍സ്ട്രക്ടര്‍മാരില്‍ ഭൂരിഭാഗവും സ്ത്രീകളാണ്.