തിരുവനന്തപുരം: സാക്ഷരതാമിഷന്റെ വയനാട് ആദിവാസി സാക്ഷരതാ തുല്യതാ പദ്ധതിയുടെ രണ്ടാംഘട്ട സര്‍വേ പൂര്‍ത്തിയായപ്പോള്‍ നിരക്ഷരരുടെ എണ്ണം 5342. ഇതില്‍ 3133 പേര് സ്ത്രീകളും 2209 പേര് പുരുഷന്മാരുമാണ്. നിരക്ഷരരില്‍ 2993 പേര് 15 നും 50 നും ഇടയില്‍ പ്രായമുള്ളവരും 2349 പേര് 50 വയസിനുമേല്‍ പ്രായമുള്ളവരുമാണ്. രണ്ടാംഘട്ട പ്രവര്‍ത്തനം നടത്തുന്ന 200 ഊരുകളിലെ 4371 വീടുകളിലാണ് സര്‍വേ നടത്തിയത്. ഈ വീടുകളിലെ മൊത്തം 16,799 പേരില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചു. മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി,കല്പറ്റ നഗരസഭകളിലും 23 ഗ്രാമപഞ്ചായത്തുകളിലുമാണ് സര്‍വേ നടത്തിയത്.
നിരക്ഷരര്‍, നാല്, ഏഴ്, പത്ത്, ഹയര്‍സെക്കന്‍ഡറി തലങ്ങള്‍ വിജയിക്കാത്തവര്‍ എന്നിങ്ങനെ തിരിച്ചായിരുന്നു സര്‍വേ. നാലാംതരം വിജയിക്കാത്തവര്‍- 1642, നാലാംതരം വിജയിക്കുകയും എന്നാല്‍ ഏഴാംതരം വിജയിക്കാന്‍ കഴിയാതെപോയവരുമായ 2402 പേരെ കണ്ടെത്തി. ഏഴാംതരം വിജയിച്ചെങ്കിലും പത്താംതരം കടക്കാത്തവരുടെ എണ്ണം- 2285. പത്താംതരം വിജയിച്ചിട്ടും ഹയര്‍സെക്കന്‍ഡറി വിദ്യാഭ്യാസം നേടാന്‍ കഴിയാതെ പോയത് 1208 പേരാണ്.
സര്‍വേയിലൂടെ കണ്ടെത്തിയ നിരക്ഷരര്‍ക്കുള്ള ക്ലാസുകള്‍ ഡിസംബര്‍ ആദ്യവാരം ആരംഭിക്കും. ആദിവാസികള്‍ക്ക് സാക്ഷരത മുതല്‍ ഹയര്‍സെക്കന്‍ഡറി തലം വരെ സൗജന്യ വിദ്യാഭ്യാസം നടപ്പിലാക്കുന്നതാണ് പദ്ധതി.
സര്‍വേയിലെ കണ്ടെത്തലുകളും ആദിവാസികളുടെ വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള ശുപാര്‍ശകളുമടങ്ങിയ വിശദമായ റിപ്പോര്‍ട്ട് സാക്ഷരതാമിഷന്‍ ഡയറക്ടര്‍ ഡോ.പി.എസ്.ശ്രീകല വിദ്യാഭ്യാസവകുപ്പ് മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥിനു കൈമാറി.
ശുപാര്‍ശകള്‍ ഇങ്ങനെ
ആദിവാസി മേഖലയില്‍ സാക്ഷരതാമിഷന്‍ നടത്തിവരുന്ന നിരക്ഷരതാ നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ എല്ലാ ഊരുകളിലേക്കും വ്യാപിപ്പിക്കുക.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി വിവിധ സര്‍ക്കാര്‍- സര്‍ക്കാരിതര സ്ഥാപനങ്ങളുടെയും സാമൂഹ്യ പ്രവര്‍ത്തകരുടെയും സഹകരണത്തോടെ ജനകീയ സംരംഭമായി സാക്ഷരതാ പ്രവര്‍ത്തനം നടത്തുക. സാക്ഷരതാമിഷന്‍ നടപ്പിലാക്കിവരുന്ന സാക്ഷരതാ പദ്ധതിയുടെ തുടര്‍ച്ചയായി വിപുലമായ ഒരു സംരംഭം വയനാട് ജില്ലയില്‍ ആരംഭിക്കുക.
സാക്ഷരതാമിഷന്‍ നടപ്പിലാക്കിവരുന്ന നാലാംതരം മുതല്‍ ഹയര്‍ സെക്കന്‍ഡറിവരെയുള്ള തുല്യതാ കോഴ്സുകളില്‍ അര്‍ഹതയുള്ള മുഴുവന്‍ ആദിവാസികളെയും പങ്കെടുപ്പിക്കുക. സാക്ഷരതാമിഷന്‍ നടപ്പാക്കിവരുന്ന സര്‍ട്ടിഫിക്കറ്റ് കോഴ്സുകള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ നടപ്പാക്കുക. പട്ടികവര്‍ഗ വികസനവകുപ്പിന്റെ ധനസഹായത്തോടെ സാക്ഷരതാമിഷന്‍ നടപ്പാക്കിവരുന്ന സമഗ്ര പദ്ധതി കൂടുതല്‍ ഊരുകളിലേക്ക് വ്യാപിപ്പിക്കുക.
നിരക്ഷരരിലും സ്കൂളുകളില്‍ നിന്നും കൊഴിഞ്ഞുപോയവരിലും ഭൂരിപക്ഷവും സ്ത്രീകളായതിനാല്‍ ആദിവാസി സ്ത്രീകള്‍ക്ക് പ്രത്യേക പരിശീലനം നല്‍കിക്കൊണ്ടുള്ള സാക്ഷരതാ തുടര്‍വിദ്യാഭ്യാസ പദ്ധതികള്‍ ആരംഭിക്കുക. ആരോഗ്യം, നിയമം, ഭരണഘടന, പരിസ്ഥിതി, ലിംഗസമത്വം തുടങ്ങിയ വിഷയങ്ങളില്‍ സാമൂഹ്യസാക്ഷരതാ പദ്ധതികള്‍ ആരംഭിക്കുക. സാമൂഹ്യ സാക്ഷരതാപദ്ധതിക്ക് ഡിജിറ്റല്‍ സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്തുക. വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ക്ക് പ്രത്യേക ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുക. ആദിവാസി മേഖലയില്‍ തൊഴില്‍ നൈപുണി വികസന പരിപാടികള്‍ നടപ്പാക്കുക.
പത്താംതരം, ഹയര്‍ സെക്കന്‍ഡറി തുല്യതാ പഠിതാക്കള്‍ക്ക് സ്കോളര്‍ഷിപ്പുകള്‍ ഏര്‍പ്പെടുത്തുക. ഓരോ ഊരുകളിലും ആധുനിക സാങ്കേതിക സൗകര്യങ്ങള്‍ ഉള്ള സാമൂഹ്യപഠനകേന്ദ്രങ്ങള്, തുടര്‍ വിദ്യാകേന്ദ്രങ്ങള്‍ ആരംഭിക്കുക. ലൈബ്രറി സംവിധാനം ഒരുക്കുക.
സാക്ഷരതാ തുല്യതാ പഠിതാക്കള്‍ക്ക് വേണ്ടി വിനോദയാത്രകള്‍ സംഘടിപ്പിക്കുക. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഇത് ചെയ്യാവുന്നതാണ്.
വയനാട് ജില്ലയിലെ പ്രിമിറ്റീവ് ആദിവാസി വിഭാഗങ്ങളായ പണിയ, കാട്ടുനായ്ക്ക് വിഭാഗങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന 282 ഊരുകളില്‍ ആദ്യഘട്ടം നടപ്പിലാക്കിയ സാക്ഷരതാ പരിപാടിയ്ക്ക് മികച്ച പ്രതികരണം ലഭിച്ച സാഹചര്യത്തിലാണ് 200 ഊരുകളില്‍ കൂടി രണ്ടാംഘട്ടമായി പദ്ധതി വ്യാപിപ്പിച്ചതെന്ന് സാക്ഷരതാമിഷന്‍ ഡയറക്ടര്‍ ഡോ.പി.എസ്.ശ്രീകല പറഞ്ഞു.
ആദ്യഘട്ടത്തില്‍ 282 കോളനിയില്‍ നടത്തിയ സാക്ഷരതാ പരീക്ഷയില്‍ മൊത്തം 4309 പേര് (95.5 ശതമാനം) വിജയിച്ചിരുന്നു. മൊത്തം 4512 പേരായിരുന്നു പരീക്ഷ എഴുതിയത്. രണ്ടാംഘട്ടത്തില്‍ ഈ കോളനിയില്‍ ആരംഭിക്കുന്ന നാലാംതരം തുല്യതാ ക്ലാസും ഡിസംബറില്‍ തുടങ്ങും.
രണ്ടാംഘട്ടത്തില്‍ സാക്ഷരതാ നാലാംതരം തുല്യതാ പരിപാടിക്കായി മൊത്തം 682 ഇന്‍സ്ട്രക്ടര്‍മാരെയാണ് നിയോഗിച്ചിരിക്കുന്നത്. ഇതില്‍ 482 പേരും ആദിവാസികളാണ്. സാക്ഷരതാ ക്ലാസിന് നിയോഗിച്ചിട്ടുള്ളത് മൊത്തം 200 ഇന്‍സ്ട്രക്ടര്‍മാരെയാണ്. ഇവര്‍ മുഴുവന്‍ പേരും ആദിവാസി വിഭാഗത്തില്‍ നിന്നുള്ളവരാണ്.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ കണ്ടത്തി, ജില്ലാ സാക്ഷരതാസമിതികള് ശുപാര്‍ശ ചെയ്ത ഊരുകളിലാണ് പദ്ധതി നടപ്പിലാക്കിവരുന്നത്.