‘അക്ഷരസാഗരം’ മുഴുവന്‍ തീരദേശവാര്ഡുകളിലും വ്യാപിപ്പിക്കുന്നു
കൊല്ലം: സംസ്ഥാനത്ത് തീരദേശമേഖലകള്‍ കേന്ദ്രീകരിച്ച് സാമൂഹിക പഠനകേന്ദ്രങ്ങള്‍ തുടങ്ങുമെന്ന് മന്ത്രി ജെ.മെഴ്സിക്കുട്ടിയമ്മ. സാക്ഷരതാമിഷന്റെ ‘അക്ഷരസാഗരം’ പദ്ധതി ഇന്സട്രക്ടര്മാര്ക്കുള്ള പരിശീലനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍. തീരപ്രദേശങ്ങളിലെ സാക്ഷരതാനിലവാരം ഉയര്‍ത്തുന്നതിനായി ഫിഷറീസ് വകുപ്പിന്റെ സാമ്പത്തിക സഹായത്തോടെ സംസ്ഥാന സാക്ഷരതാമിഷന്‍ നടത്തിവരുന്ന ‘അക്ഷരസാഗരം’ തീരദേശ സാക്ഷരത- തുല്യതാ പരിപാടി എല്ലാ തീരദേശ വാര്‍ഡുകളിലും വ്യാപിപ്പിക്കും. സാക്ഷരതാമിഷനിലൂടെ മുഴുവന്‍ തീരദേശവാസികളെയും സാക്ഷരരാക്കി ഹയര്‍സെക്കന്‍ഡറി തുല്യതവരെ വിദ്യാഭ്യാസം നല്കുന്ന തരത്തിലുള്ള ബൃഹത്പദ്ധതിയായി അക്ഷരസാഗരത്തെ മാറ്റിയെടുക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കുട്ടികള്‍ക്കെന്നപോലെ മുതിര്‍ന്നവര്‍ക്കും ഉപരിപഠനം കഴിഞ്ഞവര്‍ക്കും വിദ്യാഭ്യാസ പരിപോഷണത്തിന്റെ ഭാഗമായി സാമൂഹിക പഠനകേന്ദ്രങ്ങളെ പ്രയോജനപ്പെടുത്താം. സാക്ഷരത- തുല്യതാ പഠനത്തോടൊപ്പം നിയമം, തൊഴില്‍, ലിംഗസമത്വം, പരിസ്ഥിതി, ആരോഗ്യം തുടങ്ങിയ മേഖലകള്‍ കേന്ദ്രീകരിച്ച് ഈ പഠനകേന്ദ്രങ്ങളിലൂടെ സാമൂഹ്യസാക്ഷരതാ പരിപാടികള്‍ ആവിഷ്ക്കരിച്ച് നടപ്പിലാക്കും.സമൂഹത്തിലെ പിന്നാക്കം നില്ക്കുന്ന തീരദേശവാസികളെ മുഖ്യധാരയിലേക്കെത്തിക്കാന്‍ പദ്ധതിയിലൂടെ കഴിയും. വികസനം ശരിയായ അര്‍ത്ഥത്തില്‍ അനുഭവവേദ്യമാകണമെങ്കില്‍ അക്ഷരവെളിച്ചം മുഴുവന്‍ ജനങ്ങളിലുമെത്തണമെന്നും മന്ത്രി മെഴ്സിക്കുട്ടിയമ്മ പറഞ്ഞു.
തിരുവനന്തപുരം, മലപ്പുറം, കാസര്‍ഗോഡ് എന്നീ ജില്ലകളില്‍ നടപ്പിലാക്കിയ ഒന്നാംഘട്ട പ്രവര്‍ത്തനം ഫലപ്രദമായതിനെ തുടര്‍ന്നാണ് പദ്ധതിയുടെ രണ്ടാംഘട്ട പ്രവര്‍ത്തനം ആരംഭിച്ചത്. നിലവില്‍ കൊല്ലം, എറണാകുളം, കോഴിക്കോട് ജില്ലകളിലാണ് രണ്ടാംഘട്ട പ്രവര്‍ത്തനം നടന്നുവരുന്നത്. കൊല്ലം ജില്ലയിലെ 46 തീരദേശ വാര്‍ഡുകളിലും എറണാകുളത്ത് 45 വാര്‍ഡുകളിലും കോഴിക്കോട്ട് 52 വാര്‍ഡുകളിലുമായാണ് പദ്ധതി നടന്നുവരുന്നത്. ഗുണഭോക്താക്കളെ സര്‍വേയിലൂടെ കണ്ടെത്തി. കൊല്ലം ജില്ലയില്‍ 1459, എറണാകുളം 629, കോഴിക്കോട് 1728 എന്നിങ്ങനെയാണ് നിരക്ഷരരെ കണ്ടെത്തിയത്. ആകെ കണ്ടെത്തിയ 3816 നിരക്ഷരരില്‍ 2317 പേര് സ്ത്രീകളാണ്. രണ്ടാംഘട്ട പദ്ധതിയുടെ ഭാഗമായി കണ്ടെത്തിയ നിരക്ഷരര്‍ക്ക് 2018 ഏപ്രില്‍ 18ന് ക്ലാസുകള്‍ ആരംഭിച്ചു. സാക്ഷരതാമിഷന്‍ പുതുതായി തയ്യാറാക്കിയ സാക്ഷരതാപാഠാവലിയിലാണ് ക്ലാസ്. കടലും മത്സ്യത്തൊഴിലാളികളും തമ്മിലുള്ള ഇഴയടുപ്പം ചിത്രങ്ങളുടെ സഹായത്തോടെ മനോഹരമായി പ്രതിപാദിക്കുന്ന പാഠഭാഗങ്ങളും പുസ്തകത്തിലുണ്ട്. കടലുമായി ബന്ധപ്പെട്ടുള്ള തൊഴിലുകളെന്തെല്ലാം ?, എന്താണ് ചാകര? ചാകര ഒഴിയാന്‍ കാരണമെന്ത് ? തുടങ്ങി തീരദേശവാസികളുടെ ജീവിതഗന്ധിയായ പല സാഹചര്യങ്ങളും പാഠഭാഗങ്ങളില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. സെപ്തംബര്‍ 19ന് പരീക്ഷ. ഇതില്‍ ജയിക്കുന്നവര്‍ക്കും മറ്റു മുതിര്‍ന്നവര്‍ക്കും സ്കൂളില്‍ നിന്ന് കൊഴിഞ്ഞുപോയവര്‍ക്കും വേണ്ടി ഒക്ടോബര്‍ മാസത്തില്‍ നാലാംതരം തുല്യതാ കോഴ്സ് ആരംഭിക്കും.
എം.നൗഷാദ് എം.എല്‍.എ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. സാക്ഷരതാമിഷന്‍ ഡയറക്ടര്‍ ഡോ.പി.എസ്.ശ്രീകല മുഖ്യപ്രഭാഷണം നടത്തി. ‘അക്ഷരസാഗരം’ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ ഇ.വി.അനില്‍കുമാര്‍, കൊല്ലം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സി.കെ.പ്രദീപ്കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. മൂന്ന് ജില്ലകളില്‍ നിന്നായി 117 ഇന്‍സ്ട്രക്ടര്‍മാരാണ് പരിശീലന പരിപാടിയില്‍ പങ്കെടുത്തത്.