തിരുവനന്തപുരം: സംസ്ഥാന സാക്ഷരതാമിഷന്റെ ഒമ്പതാം സംസ്ഥാന തുടര്‍ വിദ്യാഭ്യാസ കലോത്സവം ജനുവരി 10ന് തിരുവനന്തപുരത്ത് തുടങ്ങും. യൂണിവേഴ്സിറ്റി കോളജിലെ ആറ് വേദികളില്‍ മൂന്ന് ദിവസങ്ങളിലായാണ് കലോത്സവം സംഘടിപ്പിക്കുന്നത്. മൊത്തം 73 ഇനങ്ങളിലായി 1400 പേര് മത്സരിക്കും. ട്രാന്‍സ്ജെന്‍ഡേഴ്സിനും ഇതര സംസ്ഥാന തൊഴിലാളികള്‍ക്കും പ്രത്യേക വിഭാഗമായി മത്സരിക്കാന്‍ അവസരമൊരുക്കുന്നുവെന്ന പ്രത്യേകത ഇത്തവണത്തെ കലോത്സവത്തിനുണ്ട്. 10 വര്‍ഷങ്ങള്‍ക്കുശേഷമാണ് സാക്ഷരതാമിഷന്റെ സംസ്ഥാന തുടര്‍വിദ്യാഭ്യാസ കലോത്സവം തിരുവനന്തപുരത്ത് വീണ്ടും നടക്കുന്നത്. രാജ്യത്ത് ആദ്യമായാണ് ഒരു വിദ്യാഭ്യാസ പ്രക്രിയയുടെ ഭാഗമായി നടക്കുന്ന കലോത്സവത്തില്‍ ട്രാന്‍സ്ജെന്‍ഡേഴ്സിനും ഇതര സംസ്ഥാന തൊഴിലാളികള്‍ക്കും പ്രത്യേക വിഭാഗമായി മത്സരിക്കാന്‍ അവസരം ലഭിക്കുന്നത്.
സാക്ഷരത, നാലാംതരം, ഏഴാംതരം, പത്താംതരം, ഹയര്‍ സെക്കന്‍ഡറി തുല്യതാ പഠിതാക്കള്‍, പ്രേരക്മാര്‍, ട്രാന്‍സ്ജെന്‍ഡേഴ്സ്, ഇതര സംസ്ഥാനതൊഴിലാളികള്‍ എന്നിങ്ങനെ 8 വിഭാഗങ്ങളിലായാണ് മത്സരം.
നാടോടിനൃത്തം, സമൂഹഗാനം, തിരുവാതിര, സംഘനൃത്തം, നാടന്‍പാട്ട് തുടങ്ങിയ ഇനങ്ങളില്‍ ട്രാന്‍സ്ജെന്‍ഡേഴ്സ്, ഇതര സംസ്ഥാനതൊഴിലാളികള്‍ എന്നീ വിഭാഗങ്ങളിലൂള്ളവര് മത്സരിക്കും.
ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന ജില്ലയ്ക്ക് സ്വര്‍ണകപ്പ് നല്‍കും. വ്യക്തിഗത മത്സരങ്ങളിലെ വിജയികള്‍ക്കും സമ്മാനങ്ങള്‍ നല്‍കും. ജില്ലകളില്‍ നടന്ന ജില്ലാ തുടര്‍ വിദ്യാഭ്യാസ കലോത്സവങ്ങളില്‍ ഒന്നാംസ്ഥാനം നേടിയ ടീമുകളും വ്യകിതഗത ഇനങ്ങളില്‍ ഒന്നാമതെത്തിയവരുമാണ് സംസ്ഥാന തുടര്‍ വിദ്യാഭ്യാസ കലോത്സവത്തില്‍ മാറ്റുരക്കുന്നത്. തങ്ങളുടേതല്ലാത്ത കാരണങ്ങള്‍ കൊണ്ട് സര്‍ഗശേഷി പ്രകടിപ്പിക്കാന്‍ അവസരം നിഷേധിക്കപ്പെട്ടവര്‍ക്കുള്ള അവസരമാണ് സാക്ഷരതാമിഷന്റെ തുടര്‍ വിദ്യാഭ്യാസ കലോത്സവങ്ങള്‍ ഒരുക്കുന്നത്.
കലോത്സവത്തിന്റെ സുഗമമായ നടത്തിപ്പിനായി മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തില്‍ തിരുവന്തപുരം നഗരസഭാ മേയര്‍ ,ജില്ലയിലെ എം.പിമാര്‍, എം.എല്‍.എമാര്‍ എന്നിവര്‍ രക്ഷാധികാരികളായി പ്രവര്‍ത്തിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധു ചെയര്‍മാനായുള്ള 501 അംഗ സംഘാടക സമിതിക്കും രൂപം നല്കി. തിരുവനന്തപുരം നഗരസഭാ ഡെപ്യൂട്ടി മേയര്‍ രാഖി രവികുമാര്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈലജ ബീഗം എന്നിവര്‍ സംഘാടക സമിതി വൈസ് ചെയര്മാന്മാരായി പ്രവര്‍ത്തിക്കും. നഗരസഭയുടെയും ജില്ലാ പഞ്ചായത്തിന്റെയും സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന്മാരുടെ നേതൃത്വത്തില്‍ വിവിധ സബ്കമ്മിറ്റികള്‍ക്കും രൂപം നല്കി. സാക്ഷരതാമിഷന്‍ ഡയറക്ടര്‍ ഡോ.പി.എസ്.ശ്രീകലയുടെ അധ്യക്ഷതയില്‍ നടത്തിയ സംഘാടക സമിതി രൂപീകരണയോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധു ഉദ്ഘാടനം ചെയ്തു. നഗരസഭാ വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് വഞ്ചിയൂര്‍ ബാബു, ഭാരത് ഭവന് സെക്രട്ടറി പ്രമോദ് പയ്യന്നൂര്‍, ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പള്ളിയറ ശ്രീധരന്സാക്ഷരതാമിഷന് അസി.ഡയറക്ടര്‍മാരായ കെ.അയ്യപ്പന് നായര്‍, ഡോ.വിജയമ്മ തുടങ്ങിയവര്‍ പങ്കെടുത്തു.