തിരുവനന്തപുരം: സാക്ഷരതാമിഷന്റെ സമഗ്ര,നവചേതന,അക്ഷരസാഗരം,ചങ്ങാതി പദ്ധതികളുടെ ആദ്യഘട്ടത്തില്‍ സാക്ഷരതാ ക്ലാസുകള്‍ പൂര്‍ത്തിയാക്കിയ കേന്ദ്രങ്ങളില്‍ രണ്ടാംഘട്ടമായി നാലാംതരം തുല്യതാ ക്ലാസുകള്‍ മാര്‍ച്ച് 24ന് ആരംഭിക്കും. നാല് പദ്ധതികളിലുമായി സാക്ഷരതാ പരീക്ഷയില്‍ വിജയിച്ച 8,605 പേര്‍ക്കുള്ള നാലാംതരം തുല്യതാ ക്ലാസാണ് ആരംഭിക്കുന്നത്. ആറുമാസമാണ് കോഴ്സ് കാലാവധി. നാല് പദ്ധതികളിലും പുതുതായി ആരംഭിക്കുന്ന സാക്ഷരതാ ക്ലാസുകളും രണ്ടാംഘട്ട പ്രവര്‍ത്തനത്തിന്റെ ഭാഗമായി മാര്‍ച്ച് 24ന് തുടങ്ങും. പദ്ധതികളുടെ രണ്ടാംഘട്ട ഉദ്ഘാടനവും ഇന്‍സ്ട്രക്ടര്‍മാരുടെ പരിശീലനവും സംസ്ഥാന ആസൂത്രണ ബോര്‍ഡ് അംഗം ഡോ.ബി.ഇക്ബാല്‍ നിര്‍വഹിച്ചു. ദുര്‍ബല വിഭാഗത്തിന്റെ മുന്നേറ്റത്തിന് അനൗപചാരിക വിദ്യാഭ്യാസം അനിവാര്യമാണ്. സാക്ഷരത, തുല്യത ക്ലാസുകളോടൊപ്പം തന്നെ സാമൂഹ്യസാക്ഷരതാ പരിപാടികളും സജീവമാക്കണമെന്ന്ഡോ.ബി.ഇക്ബാല്‍ പറഞ്ഞു.
സംസ്ഥാനത്ത് ആദിവാസിവിഭാഗങ്ങളിലെ നിരക്ഷരത നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിനും അവരെ തുടര്‍വിദ്യാഭ്യാസത്തിലൂടെ പുരോഗതിയിലേക്കെത്തിക്കുന്നതിനുമായി സംസ്ഥാന സാക്ഷരതാമിഷന്‍ പട്ടികവര്‍ഗ വികസനവകുപ്പുമായി സഹകരിച്ച് നടപ്പിലാക്കുന്ന സമഗ്ര ആദിവാസി സാക്ഷരതാപദ്ധതിയുടെ ആദ്യഘട്ടത്തില്‍ 1996 പേരാണ് സാക്ഷരതാ പരീക്ഷ ജയിച്ചത്. സംസ്ഥാനത്ത് സാക്ഷരതാ നിലവാരം ഏറ്റവും കുറവെന്ന് പട്ടികവര്‍ഗ വികസനവകുപ്പ് കണ്ടെത്തിയ 100 ആദിവാസി ഊരുകളില്‍ 2018 മാര്‍ച്ചിലായിരുന്നു സാക്ഷരതാ ക്ലാസുകള്‍ ആരംഭിച്ചത്. ഈ പദ്ധതിയില്‍ രണ്ടാംഘട്ടമായി നാലാംതരം തുല്യതയും പുതിയ 100 ഊരുകളില്‍ സാക്ഷരതാ ക്ലാസുകളുമാണ് ആരംഭിക്കുന്നത്.
പട്ടികജാതി വിഭാഗങ്ങളിലെ അവശേഷിക്കുന്ന നിരക്ഷരത ഇല്ലാതാക്കുക, പാതി വഴിയില്‍ പഠനം മുടങ്ങിയവര്‍ക്ക് തുടര്‍പഠനം ഒരുക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ സംസ്ഥാന സാക്ഷരതാമിഷന്‍ ആവിഷ്കരിച്ച ‘നവചേതന’ യില്‍ 1756 പേര് സാക്ഷരതാ പരീക്ഷ വിജയിച്ചിരുന്നു. സംസ്ഥാനത്ത് വിദ്യാഭ്യാസപരമായി പിന്നാക്കം നില്ക്കുന്ന 100 പട്ടികജാതി കോളനികളിലാണ് പദ്ധതിയുടെ ആദ്യഘട്ടം പൂര്‍ത്തിയാക്കിയത്. പുതുതായി 100 കോളനികളില്‍ കൂടി സാക്ഷരതാ ക്ലാസുകള്‍ ആരംഭിക്കും.
തീരപ്രദേശങ്ങളിലെ സാക്ഷരതാനിലവാരം ഉയര്‍ത്തുന്നതിനായി ഫിഷറീസ് വകുപ്പിന്റെ സാമ്പത്തിക സഹായത്തോടെ കൊല്ലം, എറണാകുളം, കോഴിക്കോട് ജില്ലകളില്‍ സംസ്ഥാന സാക്ഷരതാമിഷന്‍ നടത്തിയ ‘അക്ഷരസാഗരം’ തീരദേശ സാക്ഷരതാ പദ്ധതിയില്‍ മൊത്തം 3115 പേരാണ് സാക്ഷരതാ പരീക്ഷ വിജയിച്ചത്. ഇവര്‍ക്കാണ് നാലാംതരം ക്ലാസ് ആരംഭിക്കുന്നത്. ആലപ്പുഴ,തൃശൂര്‍, കണ്ണൂര്‍ ജില്ലകളിലായി നടപ്പിലാക്കുന്ന അക്ഷരസാഗരം മൂന്നാംഘട്ടത്തിന്റെ ഭാഗമായുള്ള സാക്ഷരതാ ക്ലാസുകളും തുടങ്ങും.
ഇതര സംസ്ഥാന തൊഴിലാളികളെ മലയാളം പഠിപ്പിക്കുന്ന സംസ്ഥാന സാക്ഷരതാമിഷന്റെ ‘ചങ്ങാതി’ പദ്ധതിയുടെ ആദ്യഘട്ടത്തില്‍ സംസ്ഥാനത്ത് 1738 പേരാണ് സാക്ഷരതാ പരീക്ഷ വിജയിച്ചത്. ഇവര്‍ക്കുള്ള നാലാംതരം തുല്യതാ ക്ലാസുകളും ഓരോ ജില്ലയിലും ഒരു തദ്ദേശസ്വയംഭരണസ്ഥാപനക്രമത്തില് സാക്ഷരതാക്ലാസുകളുമാണ് ആരംഭിക്കുന്നത്.
അക്ഷരസാഗരം 121, സമഗ്ര 100, നവചേതന 100, ചങ്ങാതി 86 എന്നിങ്ങനെയാണ് നാലു പദ്ധതികളിലുമായി നാലാംതരം തുല്യതാ കോഴ്സ് ഇന്‍സ്ട്രക്ടര്‍മാരുടെ എണ്ണം. മൊത്തം 407.
ഇന്‍സ്ട്രക്ടര്‍മാരുടെ പരിശീലന പരിപാടിയില്‍ മൊത്തം 376 ഇന്‍സ്ട്രക്ടര്‍മാര്‍ പങ്കെടുത്തു. സാക്ഷരതാമിഷന്‍ ഡയറക്ടര്‍ ഡോ.പി.എസ്.ശ്രീകല, അസി.ഡയറക്ടര്‍മാരായ ഡോ.വിജയമ്മ, കെ.അയ്യപ്പന്‍നായര്‍, ഫിനാന്‍സ് ഓഫീസര്‍ അജിത്ത്കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഫോട്ടോ ക്യാപ്ഷന്‍: ഇന്‍സ്ട്രക്ടര്‍മാര്‍ക്കുള്ള പരിശീലന പരിപാടി സംസ്ഥാന ആസൂത്രണ ബോര്‍ഡ് അംഗം ഡോ.ബി.ഇക്ബാല്‍ ഉദ്ഘാടനം ചെയ്യുന്നു.