തിരുവനന്തപുരം: കേരള സംസ്ഥാന സാക്ഷരതാമിഷന്‍ അതോറിറ്റി നടത്തിയ സാക്ഷരതാപരീക്ഷ – മികവുത്സവത്തിന്റെ ഫലം പ്രഖ്യാപിച്ചു. 99.79 ശതമാനം വിജയത്തോടെയാണ് ഇക്കുറി പഠിതാക്കള്‍ സാക്ഷരത കൈവരിച്ചത്. നവംബര്‍ 7 മുതല്‍ 14 വരെ നടന്ന മികവുത്സവത്തില്‍ പങ്കെടുത്ത 24,319 പേരില്‍ 24,268 പേര് വിജയിച്ചു. വിജയിച്ചവരില്‍ 19,838 പേര് സ്ത്രീകളും 4430 പേര് പുരുഷന്മാരുമാണ്. എസ്.സി വിഭാഗത്തില്‍ നിന്ന് 8738 പേരും എസ്.ടി വിഭാഗത്തില്‍ 1385 പേരും ഭിന്നശേഷിക്കാരായ 19 പേരും വിജയിച്ചു. കോട്ടയം ജില്ലയിലെ 104 വയസുള്ള പഠിതാവ് കുട്ടിയമ്മകോന്തിയാണ് ഏറ്റവും പ്രായംകൂടിയ പഠിതാവ്. 100 ല്‍ 89 മാര്‍ക്കാണ് കുട്ടിയമ്മ നേടിയത്. തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ 100 ശതമാനമാണ് വിജയം. ഏറ്റവും കൂടുതല്‍ പേര് പരീക്ഷയെഴുതിയത് കൊല്ലം ജില്ലയിലാണ്. 4164 പേര് പരീക്ഷയെഴുതിയതില്‍ 4116 പേരും വിജയിച്ചു.
സംസ്ഥാനത്തെ ഏറ്റവും മുതിര്‍ന്ന പഠിതാക്കളാണ് സാക്ഷരതാ പരീക്ഷയെഴുതിയത് എന്നതിനാല്‍ പഠിതാക്കളുടെ സൗകര്യം പരിഗണിച്ചും കൊവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചുമാണ് മികവുത്സവം സംഘടിപ്പിച്ചത്. 1331 പഠനകേന്ദ്രങ്ങള്‍ പരീക്ഷ കേന്ദ്രങ്ങളായി സജ്ജീകരിച്ചാണ് മികവുത്സവം നടത്തിയത്. പഠിതാക്കളുടെ സൗകര്യത്തിനനുസരിച്ച് നവംബര്‍ 7 മുതല്‍ 14 വരെയുള്ള ഏതെങ്കിലും ഒരു ദിവസം പരീക്ഷയെഴുതാന്‍ അവസരമൊരുക്കിയിരുന്നു.