ഹരിപ്പാട്: കാര്‍ത്യായനി അമ്മയും മഞ്ജു വാരിയരും കണ്ടുമുട്ടി; ;ചേര്‍ത്തു പിടിച്ചു മഞ്ജു ഒരു സെല്‍ഫിയെടുത്തു. കാര്യത്യായനിയമ്മയുടെ ചിരിക്കും താരത്തിളക്കം. പൊന്നുപോലെ മിന്നുന്ന സാക്ഷരതാ പരീക്ഷാജയം നേടിയ മുത്തശ്ശിക്കു മഞ്ജു മുണ്ടും നേര്യതും സമ്മാനിച്ചു. പൊന്നാടയണിയിച്ചു. കേക്ക് മുറിച്ച് ആഘോഷിച്ചു.
മഞ്ജു കാര്ത്യായനമിയമ്മയോടു ചോദിച്ചു: ‘ഇനിയെന്താണ് ആഗ്രഹം?’ ‘കംപ്യൂട്ടര്‍ പഠിക്കണം.’
‘സിനിമയില്‍ അഭിനയിക്കുന്നോ?’ തൊഴുകൈയോടെ മറുപടി: ‘വേണ്ട. പഠിക്കാനാണിഷ്ടം.’
97-ാം വയസ്സില്‍ അക്ഷരലക്ഷം പരീക്ഷയില്‍ ഗംഭീര ജയം നേടിയ കാര്‍ത്യായനി അമ്മയെ കാണണമെന്ന ആഗ്രഹം സാക്ഷരതാമിഷന്‍ അംബാസഡറായ മഞ്ജു ഫെയ്സ്ബുക്കില്‍ കുറിച്ചിരുന്നു. അതിന് സന്ദര്‍ഭമൊരുങ്ങി. സന്തോഷ് ശിവന്റെ ജാക്ക് ആന്‍ഡ് ജില് എന്ന ചിത്രത്തിന്റെ ഷ്യൂട്ടിനായി ഹരിപ്പാട്ടുണ്ടായിരുന്നു മഞ്ജു. ക്രയോണ്‍സ് ഫൗണ്ടേഷന് എന്ന സാമൂഹിക സംഘടനയുടെ പ്രവര്‍ത്തകരാണു രണ്ടു താരങ്ങളുടെ സംഗമത്തിനു വഴിയൊരുക്കിയത്. ഹരിപ്പാട് സ്വദേശിയായ ക്രയോണ്‍സ് ചെയര്മാന് എമ്പ്രഹാം കോശി മുന്‍കൈയെടുത്തു.
വലിയ പ്രചോദനമാണ് ഇവരൊക്കെ: മഞ്ജു
വല്ലാത്ത പോസിറ്റീവ് എനര്‍ജിയാണു തോന്നിയത്. എപ്പോഴെങ്കിലും ഈ അമ്മയെ കാണമെന്നുണ്ടായിരുന്നു. നമുക്കൊക്കെ വലിയ പ്രചോദനമാണ് ഇത്തരം ആളുകള്‍.. കൂടിക്കാഴ്ചയ്ക്കു ശേഷം മഞ്ജു പറഞ്ഞു.