തിരുവനന്തപുരം: രാജ്യത്തിന്റെ വിദ്യാഭ്യാസ ചരിത്രത്തില്‍ പുതിയൊരു അധ്യായം പിറന്നു. 105-ാം വയസ്സില്‍ സാക്ഷരതാമിഷന്റെ നാലാംതരം തുല്യതാ പരീക്ഷ വിജയിക്കുന്ന ഇന്ത്യയിലെ തന്നെ ഏറ്റവും മുതിര്‍ന്ന പഠിതാവിനെക്കുറിച്ചാണത്. കൊല്ലം തൃക്കരുവാ പഞ്ചായത്തിലെ പ്രാക്കുളം സ്വദേശിനി ഭഗീരഥിയമ്മയാണ് ഈ അപൂര്‍വ്വ നേട്ടം കൈവരിച്ചത്. മൊത്തം 275 മാര്‍ക്കില്‍ 205 മാര്‍ക്ക് നേടിയാണ് ഭഗീരഥിയമ്മയുടെ തകര്‍പ്പന്‍ വിജയം. വിജയശതമാനം 74.5.
മലയാളം, നമ്മളും നമുക്ക് ചുറ്റും, ഇംഗ്ലീഷ്, ഗണിതം എന്നിങ്ങനെ നാല് വിഷയങ്ങളിലായിരുന്നു പരീക്ഷ. ഇതില്‍ ഇംഗ്ലീഷിന് 50 മറ്റ് വിഷയങ്ങള്‍ക്ക് 75 എന്നിങ്ങനെ മൊത്തം 275 ആണ് മൊത്തം മാര്‍ക്ക്. ഇംഗ്ലീഷിന് 15, മറ്റ് വിഷയങ്ങളില്‍ 30 എന്നിങ്ങനെയാണ് ജയിക്കാനുള്ള മിനിമം മാര്‍ക്ക്. ഇതില്‍ കണക്കിന് മുഴുവന്‍ മാര്‍ക്കും ഭഗീരഥിയമ്മ നേടി. നമ്മളും നമുക്ക് ചുറ്റും, മലയാളം വിഷയങ്ങളില്‍ 50 വീതവും ഇംഗ്ലീഷിന് 50-ല്‍ 30 മാര്‍ക്കും നേടിയായിരുന്നു ഈ മുത്തശ്ശി ചരിത്രനേട്ടം സ്വന്തമാക്കിയത്.
ഭഗീരഥിയമ്മയുടെ വിജയവാര്‍ത്തയറിഞ്ഞ് സാക്ഷരതാമിഷന്‍ ഡയറക്ടര്‍ ഡോ.പി.എസ്.ശ്രീകല പ്രാക്കുളത്തെ വീട്ടിലെത്തി സന്ദര്‍ശിച്ചു. സാക്ഷരതാമിഷന്റെ പത്താംതരം വിജയിക്കുകയാണ് ലക്ഷ്യമെന്ന് മുത്തശ്ശി അറിയിച്ചു. കണക്ക് വളരെ എളുപ്പമായിരുന്നുവെന്ന് നേരത്തെ പറഞ്ഞത് ശരിയായിരുന്നല്ലേയെന്ന ശ്രീകലയുടെ ചോദ്യത്തിന് കുസൃതിച്ചിരിയായിരുന്നു പ്രതികരണം. പഠനത്തില്‍ മാത്രമല്ല അമ്മൂമ്മയുടെ കമ്പം. പാട്ടിലും കവിതയിലുമൊക്കെയുണ്ട്.
ഒരു കവിത പാടുമോയെന്ന് ചോദിച്ചപ്പോള്‍-
താരകങ്ങളെ കാണ്മിതോ നിങ്ങള്‍
താഴെയുള്ളൊരീ പ്രേതകുടീരം
ഹന്ത!യിന്നതിന്‍ ചിത്ത രഹസ്യം
എന്തറിഞ്ഞൂ ഹാ! ദുരസ്തര്‍ നിങ്ങള്‍….
ചങ്ങമ്പുഴയുടെ സ്പന്ദിക്കുന്ന അസ്ഥിമാടം എന്ന കവിത ഈണത്തില്‍ ചൊല്ലി ഭഗീരഥിയമ്മ ഞെട്ടിച്ചു.
6 മക്കളും 16 കൊച്ചുമക്കളുമൊക്കെയായി അഞ്ചാംതലമുറയ്ക്കൊപ്പമാണ് ഈ മുത്തശ്ശിയുടെ ജീവിതയാത്ര.
സംസ്ഥാനത്ത് മൊത്തം 11,593 പേരാണ് നാലാംതരം തുല്യതാ പരീക്ഷയെഴുതിയത്. ഇതില്‍ 10012 പേര് വിജയിച്ചു. വിജയശതമാനം 86. വിജയിച്ചവരില്‍ 9456 പേര് സ്ത്രീകളാണ്. പത്തനംതിട്ട ജില്ല നൂറുശതമാനം വിജയം നേടി. ഇവിടെ പരീക്ഷയെഴുതിയ 385 പേരും വിജയിച്ചു.
സാക്ഷരതാമിഷന്റെ അക്ഷരലക്ഷം സാക്ഷരതാപരീക്ഷയില് 96-കാരി കാര്‍ത്യായനി അമ്മ നൂറില്‍ 98 മാര്‍ക്ക് വാങ്ങി ഉന്നത വിജയം നേടിയത് 2018 ഒക്ടോബര്‍ മാസമായിരുന്നു. രാജ്യത്ത് തന്നെ സാക്ഷരതാപരീക്ഷ വിജയിക്കുന്ന ഏറ്റവും പ്രായമുള്ള ഈ പഠിതാവ് ആഗോളതലത്തില്‍ ശ്രദ്ധപിടിച്ചു പറ്റി. കോമണ്‍വെല്‍ത്ത് പ്രതിനിധികള്‍ ഹരിപ്പാട് ചേപ്പാടുള്ള കാര്‍ത്യായനി അമ്മയുടെ വീട്ടിലെത്തി ആദരിച്ചിരുന്നു.
ഇപ്പോള്‍ 105 വയസ്സുള്ള ഭഗീരഥിയമ്മ നാലാംതരം തുല്യതാ പരീക്ഷ ജയിച്ചത് മറ്റൊരു ചരിത്രമാവുകയാണ്.