സംസ്ഥാന സാക്ഷരതാമിഷന്റെ പരിസ്ഥിതി സാക്ഷരതാപദ്ധതിയുമായി ബന്ധപ്പെട്ട പരിസ്ഥിതി സാക്ഷരതാ സര്‍വേയുടെ സംസ്ഥാനതല ഉദ്ഘാടനം തൃശൂര്‍ ഇലഞ്ഞിക്കുളത്ത് വിദ്യാഭ്യാസവകുപ്പ് മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് നിര്‍വഹിച്ചു. സാക്ഷരതാമിഷനു കീഴില്‍ സേവനമനുഷ്ഠിക്കുന്ന പ്രേരക്മാരുടെ ഓണറേറിയം ഉടന്‍ വര്‍ധിപ്പിക്കുമെന്നും നടപടി അന്തിമഘട്ടത്തിലാണെന്നും അദ്ദേഹം പറഞ്ഞു. സമ്പൂര്‍ണ സാക്ഷരതാ യജ്ഞത്തിനും തുടര്‍വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്കും ശേഷം കേരളത്തില്‍ സാക്ഷരതാ പ്രസ്ഥാനം ഏറ്റെടുക്കുന്ന ചരിത്ര ദൗത്യമാണ് പരിസ്ഥിതി സാക്ഷരതാ പദ്ധതി. നമ്മള് ജീവിക്കുന്നതോടൊപ്പം തന്നെ നമുക്ക് ചുറ്റും ജീവിക്കുന്നവര്‍ക്കും എന്തെല്ലാം വേണമോ അതെല്ലാം സംരക്ഷിക്കാനുള്ള ബാധ്യതയും നമുക്കുണ്ട്. അതുനിര്വഹിച്ചില്ലെങ്കില് മനുഷ്യന്റെ നിലനില്പ് അപകടത്തിലാകും. കേവലം അക്ഷരത്തിലൂടെ നേടുന്ന സാക്ഷരത മാത്രം ഇതിനുപോര. പരിസ്ഥിതിയെക്കുറിച്ചുള്ള ബോധം നമുക്ക് വേണം. പരിസ്ഥിതിയില്‍ സാക്ഷരത നേടുകയെന്നുള്ളതായിരിക്കണം ഇനി കേരളത്തിന്റെ ലക്ഷ്യം- മന്ത്രി സി.രവീന്ദ്രനാഥ് പറഞ്ഞു. അഡ്വ.കെ.രാജന് എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീലാ വിജയകുമാര്‍, സംസ്ഥാന സാക്ഷരതാമിഷന്‍ ഡയറക്ടര്‍ ഡോ.പി.എസ്.ശ്രീകല തുടങ്ങിയവര്‍ സംസാരിച്ചു.
ജനപ്രതിനിധികള്‍, സാമൂഹ്യ പ്രവര്‍ത്തകര്‍, തുടര്‍വിദ്യാഭ്യാസ പ്രേരക്മാര്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് ആരംഭിച്ച സര്‍വേ പ്രവര്‍ത്തനങ്ങള്‍ നവംബര്‍ 20 ന് അവസാനിക്കും. സാധാരണ കുടുംബങ്ങള്‍, പട്ടികജാതി-വര്‍ഗം, മത്സ്യത്തൊഴിലാളികള്‍, ട്രാന്‍സ്ജെന്‍ഡേഴ്സ് തുടങ്ങിയ വിഭാഗങ്ങളുടെ പ്രാതിനിധ്യം ഉറപ്പാക്കി, സംസ്ഥാനത്തെ എല്ലാ ബ്ലോക്ക് പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും കോര്‍പ്പറേഷനുകളിലും സര്‍വേ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. പരിസ്ഥിതിയുമായി ബന്ധപ്പെട്ട അടിസ്ഥാന പ്രശ്നങ്ങള്‍ ഉള്‍പ്പെടുത്തിയാണ് സര്‍വ്വേയുടെ ചോദ്യാവലി തയ്യാറാക്കിയിട്ടുള്ളത്. പ്രാദേശികമായ പരിസ്ഥിതി പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുവാനും അവ രേഖപ്പെടുത്തുവാനുമുള്ള അവസരവും നല്‍കും. ബ്ലോക്ക്തല സര്‍വ്വേ വിവരങ്ങള്‍ ജില്ലാതലത്തില്‍ ക്രോഡീകരിക്കും. 14 ജില്ലകളില്‍ നിന്നും ക്രോഡീകരിച്ച വിവരങ്ങള്‍ സംസ്ഥാനതലത്തില്‍ അപഗ്രഥിച്ച് സമഗ്രമായ റിപ്പോര്‍ട്ട് തയ്യാറാക്കും. പരിസ്ഥിതി പ്രമുഖര്‍, മാധ്യമപ്രതിനിധികള്‍, ജനപ്രതിനിധികള്‍ എന്നിവരുമായി കൂടിയാലോചിച്ച് അന്തിമരൂപം നല്കുന്ന സര്‍വ്വേ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പരിസ്ഥിതി സംരക്ഷണ പരിപാടികള്‍ ആരംഭിക്കുക.