തിരുവനന്തപുരം: മികച്ച സിനിമകളെ സാധാരണക്കാരിലെത്തിക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന സാക്ഷരതാമിഷന്‍ നടത്തുന്ന ജനകീയ ചലച്ചിത്രപ്രദര്‍ശനം ‘സിനിമാ കൊട്ടക’യ്ക്കു തുടക്കമായി. ‘മാന്‍ഹോള്‍’ എന്ന സിനിമ പ്രദര്‍ശിപ്പിച്ചുകൊണ്ടായിരുന്നു പരിപാടിക്കു തുടക്കം കുറിച്ചത്. ചിറക്കുളം കോളനിയില്‍ ചലച്ചിത്ര വികസന കോര്പ്പറേഷന് ചെയര്മാന് ലെനിന് രാജേന്ദ്രന് സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു.
രാജ്യത്തിന്റെ സാമൂഹികാവസ്ഥയിലേക്ക് അസഹിഷ്ണുത പടരുന്ന ഈ കാലഘട്ടത്തില്‍ പുരോഗമന ചിന്തയിലധിഷ്ഠിതമായ ചിത്രങ്ങള്‍ക്ക് പ്രതിരോധം സൃഷ്ടിക്കാന്‍ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. സാമാന്യ മനുഷ്യരുടെ പങ്കപ്പാടുകള്‍ വിഷയമാക്കുന്നതിനു പകരം മനുഷ്യരെ തമ്മില്‍ തല്ലിക്കാനുള്ള മാധ്യമമായി സിനിമ മാറരുത്. മനുഷ്യന്റെ നീറുന്ന വിഷയങ്ങളെ ആസ്പദമാക്കിയുള്ള സിനിമകള്‍ പ്രദര്‍ശിപ്പിച്ചിരുന്ന സിനിമാ കൊട്ടകയെന്ന പഴയ സാംസ്കാരിക ചിഹനം ഇന്നില്ലാതായിരിക്കുന്നു. കച്ചവടതാല്പര്യത്തിലധിഷ്ഠിതമായ മാളുകളിലും മള്‍ട്ടിപ്ലെക്സുകളിലും പ്രദര്‍ശിപ്പിക്കുന്ന വെറുമൊരു വിനോദ ഉപാധിയായി സിനിമ മാറിയിരിക്കുന്ന സാഹചര്യമാണുള്ളത്. ‘സിനിമാ കൊട്ടക’ എന്ന ആശയം ഉയര്‍ത്തിപ്പിടിച്ച് നല്ല സിനിമകളെ സാധാരണക്കാരിലെത്തിക്കാനുള്ള സംസ്ഥാന സാക്ഷരതാമിഷന്റെ ശ്രമം ശ്ലാഹനീയമാണെന്നും ലെനിന് രാജേന്ദ്രന് പറഞ്ഞു.
സംസ്ഥാന ചലച്ചിത്ര അക്കാദമിയുമായി സഹകരിച്ചാണ് സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നത്. സംസ്ഥാനത്തൊട്ടാകെ തിരഞ്ഞെടുത്ത 100 കേന്ദ്രങ്ങളിലാണ് പ്രദര്‍ശനം ഒരുക്കുന്നത്. മാന്‍ഹോള്‍, കമ്മട്ടിപ്പാടം, ഒറ്റാല്, മണ്‍റോതുരുത്ത് തുടങ്ങിയ മലയാള സിനിമകളും മലയാളം സബ്ടൈറ്റില്‍ ഉള്ള വിദേശ ക്ലാസിക് ചിത്രങ്ങളും പ്രദര്‍ശിപ്പിക്കും.
ജില്ലാ സാക്ഷരതാമിഷനുകളുടെ നേതൃത്വത്തില്‍ എല്ലാ ജില്ലകളിലും പ്രദര്‍ശനം നടത്തും. സാക്ഷരതാ തുല്യതാപഠിതാക്കള്‍, മറുനാടന്‍ തൊഴിലാളികള്‍, ആദിവാസി- തീരദേശ മേഖലയിലുള്ളവര്‍, ട്രാന്സ്ജെന്ഡറുകള് എന്നിവര്‍ക്ക് മികച്ച സിനിമകള്‍ കാണാനുള്ള അവസരമൊരുക്കും. വിദ്യാകേന്ദ്രങ്ങള്‍, തുല്യതാപഠനകേന്ദ്രങ്ങള്, പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങളിലാണ് പ്രദര്‍ശനം നടക്കുക.
നഗരസഭാ വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് വഞ്ചിയൂര്‍ പി.ബാബു ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സാക്ഷരതാമിഷന്‍ ഡയറക്ടര്‍ ഡോ.പി.എസ്.ശ്രീകല, ചലച്ചിത്ര അക്കാദമി ഡെപ്യൂട്ടി ഡയറക്ടര്‍ എന്‍.പി.സജീഷ്, സാക്ഷരതാമിഷന്‍ അസി.ഡയറക്ടര്‍ ഡോ.വിജയമ്മ, ചലച്ചിത്ര അക്കാദമി കോര്‍ഡിനേറ്റര്‍ ശ്യാംലാല്‍, സാക്ഷരതാമിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ പി.പ്രശാന്ത്കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.