ജലസാക്ഷരതാ പാഠാവലി പ്രകാശനം ചെയ്തു
തിരുവനന്തപുരം: പരിസ്ഥിതി സാക്ഷരതാപദ്ധതിയുടെ ഭാഗമായി മറ്റൊരു ശ്രദ്ധേയമായ ചുവടുവയ്പുമായി സാക്ഷരതാമിഷന്‍. ‘ജലസംരക്ഷണം’ എന്ന ലക്ഷ്യത്തോടെ സാക്ഷരതാമിഷന്റെ 70,000 പത്താംതരം,ഹയര്‍സെക്കന്‍ഡറി തുല്യതാ പഠിതാക്കളിലൂടെ സംസ്ഥാനത്ത് ജലസാക്ഷരതാ ക്യാമ്പയിന് സംഘടിപ്പിക്കുന്നു. പത്താംതരം, ഹയര്‍സെക്കന്‍ഡറി പഠനപ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് ക്യാമ്പയിന് സംഘടിപ്പിക്കുന്നത്. പരിപാടിയുടെ ഭാഗമായി ഒരോ പഠിതാവും തന്റെ വാസസ്ഥലത്തിന് സമീപമുള്ള 15 പേര്‍ക്ക് ജലസംരക്ഷണവുമായി ബന്ധപ്പെട്ട് ശാസ്ത്രീയമായി ക്ലാസ്സെടുക്കും. ഒരു കുടുംബത്തില്‍ നിന്ന് ഒരാള്‍ എന്ന കണക്കില്‍ 15 കുടുംബങ്ങളില്‍ നിന്നുള്ള 15 പേര്‍ക്കാണ് ക്ലാസ്. മൊത്തം 10 ലക്ഷം പഠിതാക്കള്‍ ജലസാക്ഷരതാ ക്ലാസുകളില്‍ പങ്കെടുക്കും. ജൂണ്‍ 20 മുതല്‍ സെപ്തംബര്‍ 20 വരെയാണ് ക്ലാസ്.
ജലസാക്ഷരതാ ക്യാമ്പയിന്റെ ഭാഗമായി സാക്ഷരതാമിഷന്‍ പ്രത്യേകം പാഠാവലിക്കും രൂപം നല്കി. ‘ജലം പരിസ്ഥിതി സാക്ഷരതാപാഠം-1’ എന്നാണ് പാഠാവലിയുടെ പേര്. വിദ്യാഭ്യാസവകുപ്പ് മന്ത്രി സി.രവീന്ദ്രനാഥ്, ജലവിഭവവകുപ്പ് മന്ത്രി മാത്യു ടി.തോമസ് എന്നിവര്‍ ചേര്‍ന്ന് പാഠാവലി പ്രകാശനം ചെയ്തു. സാക്ഷരതാമിഷന്‍ ഡയറക്ടര്‍ ഡോ.പി.എസ്.ശ്രീകല, ജലസാക്ഷരതാ ക്യാമ്പയിന് കോ-ഓര്‍ഡിനേറ്റര്‍ ഇ.വി.അനില്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
സംസ്ഥാന സാക്ഷരതാമിഷന്‍ അതോറിറ്റി സാമൂഹ്യസാക്ഷരതാപരിപാടിയുടെ ഭാഗമായി ആവിഷ്കരിച്ച പദ്ധതിയാണ് ‘പരിസ്ഥിതി സാക്ഷരത’.
ഹരിതകേരളം മിഷന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുന്നതിന് സഹായകമായ വിധത്തിലാണ് സാക്ഷരതാമിഷന്‍ ഈ പദ്ധതി നടപ്പിലാക്കിവരുന്നത്. പരിസ്ഥിതി സാക്ഷരതാ സര്‍വേയിലൂടെ കേരളസമൂഹത്തിന്റെ പരിസ്ഥിതി അവബോധം മനസ്സിലാക്കുകയാണ് ആദ്യം ചെയ്തത്. അതിന്റെ അടിസ്ഥാനത്തില്‍ പരിസ്ഥിതി സാക്ഷരതാപരിപാടികള്‍ ആസൂത്രണം ചെയ്തുവരുന്നു.
ജലം, മണ്ണ്, ജൈവവൈവിധ്യം, കാലാവസ്ഥ, ഹരിതഭവനം, മാലിന്യ നിര്‍മാര്‍ജനം എന്നീ മേഖലകളില്‍ ഊന്നുന്നതാണ് സാക്ഷരതാപരിപാടി. അതിന്റെ ഭാഗമായി പ്രസിദ്ധീകരിക്കുന്നതാണ് ഈ ലഘു പുസ്തകം. തുടര്‍ന്ന് മറ്റ് മേഖലകളുമായി ബന്ധപ്പെട്ട പുസ്തകങ്ങളും പ്രസിദ്ധീകരിക്കും.
‘ജലം പരിസ്ഥിതി സാക്ഷരതാപാഠം – 1’ എന്ന ലഘുപുസ്തകത്തില്‍ മൊത്തം 16 പാഠഭാഗങ്ങളാണുള്ളത്. ജലത്തിന്റെ പ്രാധാന്യം, ജല മലിനീകരണം എങ്ങനെ തടയാം, ജലത്തെ എങ്ങനെ ശാസ്ത്രീയമായ രീതികളില്‍ സംരക്ഷിക്കാം, ജലനിയമങ്ങള്‍ തുടങ്ങിയവയാണ് പാഠാവലി പ്രതിപാദിക്കുന്നത്. ജലസംരക്ഷണം സംബന്ധിച്ച് തന്റേതായ ആശയ രൂപീകരണത്തിനും പഠിതാവിനെ പ്രാപ്തമാക്കുന്ന തരത്തിലാണ് പാഠഭാഗങ്ങള്‍.
പരിസ്ഥിതി സാക്ഷരതാപദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയില്‍ സാക്ഷരതാമിഷന്‍ സംസ്ഥാനത്ത് നടത്തിയ പരിസ്ഥിതി സാക്ഷരതാ സര്‍വേയില്‍ 55.07 ശതമാനം പേരും കുടിവെള്ള സ്രോതസ്സുകള്‍ മലിനമാകുന്നുണ്ടെന്ന അഭിപ്രായം രേഖപ്പെടുത്തിയിരുന്നു. തുടര്‍ന്ന് സാക്ഷരതാമിഷന്‍ സംസ്ഥാനത്തെ ജലസ്രോതസ്സുകളെ കേന്ദ്രീകരിച്ച് നടത്തിയ പഠനത്തില്‍ 26.90 ശതമാനം പൂര്‍ണമായും 46.10 ശതമാനവും ഭാഗികമായും മലിനപ്പെട്ടുവെന്ന് കണ്ടെത്തി. ജലസ്രോതസ്സുകള്‍ മലിനപ്പെടുന്നതിന് ഇടയാക്കുന്ന ഘടകങ്ങളും വ്യക്തമാക്കി വിശദമായ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചു.