തിരുവനന്തപുരം: സാമൂഹ്യനീതി ഉറപ്പാക്കുന്നതില്‍ സാക്ഷരതാമിഷന്റെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്ന് മന്ത്രി കെ.കെ.ശൈലജ. സമൂഹത്തിന്റെ എല്ലാ മേഖലകളിലേക്കും വിദ്യാഭ്യാസമെത്തിക്കാന് സാക്ഷരതാമിഷന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ സാമൂഹ്യനീതി ഉറപ്പാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിക്കുന്നുണ്ട്. കേവലം അക്ഷരങ്ങളിലൂടെയുള്ള സാക്ഷരതക്കുപരി സമസ്തമേഖലകളിലും സാമൂഹികനീതി ഉറപ്പാക്കിക്കൊണ്ടുള്ള സാക്ഷരതാ പ്രവര്‍ത്തനമാണ് കാലഘട്ടത്തിനാവശ്യം. അഗതി മന്ദിരങ്ങള്‍, വൃദ്ധസദനങ്ങള്‍, മാനസികാരോഗ്യ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലെ അന്തേവാസികള്‍ക്ക് അക്ഷരവെളിച്ചം പകരാനായി സംസ്ഥാന സാക്ഷരതാമിഷന്‍ ആവിഷ്കരിച്ച് നടപ്പിലാക്കുന്ന ‘അക്ഷരസാന്ത്വനം’ സാക്ഷരതാപദ്ധതി അത്തരത്തിലൊന്നാണ്. പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍.
സാധാരണ പഠന സമ്പ്രദായത്തില്‍ നിന്നും വ്യത്യസ്തമായി പഠിതാവില്‍ മാനസികോല്ലാസം പ്രദാനം ചെയ്യുന്ന തരത്തിലുള്ള ‘അക്ഷരസാന്ത്വനം’ പദ്ധതിയുടെ പാഠ്യക്രമം മാനസിക അസ്വാസ്ഥ്യം അനുഭവിക്കുന്നവരില്‍ ഏറെ പ്രയോജനം ചെയ്യും. പഠനത്തിലൂടെ അവരില്‍ മാനസിക വ്യാപാരം സുസ്ഥിരമാക്കുന്ന തരത്തില്‍ പദ്ധതി നടപ്പിലാക്കണം. ഭിന്നശേഷിയുള്ള കുട്ടികളെ മാജിക് ഷോയിലെ ചില വിദ്യകള്‍ പഠിപ്പിച്ചപ്പോള്‍ നാല് മാസം കൊണ്ട് അവരില്‍ വലിയമാറ്റം ഉണ്ടാക്കാന്‍ കഴിഞ്ഞു. ചൈല്‍ഡ് ഡെവലപ്മെന്റ് സെന്റര്‍ നടത്തിയ പഠനത്തില്‍ ഇക്കാര്യം വ്യക്തമാണ്.
വിവിധ ജീവിതസാഹചര്യങ്ങളില്‍ ജീവിക്കുന്നവര്‍ക്ക് അനുയോജ്യമായ സാക്ഷരതാപദ്ധതികളാണ് വേണ്ടത്. സാക്ഷരതാമിഷന്റെ ആദിവാസി വിഭാഗങ്ങള്‍ക്കുള്ള ‘സമഗ്ര’, ട്രാന്‍സ്ജെന്റേഴ്സിനുള്ള ‘സമന്വയ’, അതിഥി തൊഴിലാളികള്‍ക്കുള്ള ‘ചങ്ങാതി’ പദ്ധതികള്‍ ഈ കാഴ്ചപാടിലധിഷ്ഠിതമായിട്ടുള്ളവയാണ്.
മാനസിക അസ്വാസ്ഥ്യം മാറിയിട്ടും ബന്ധുക്കള്‍ കൂട്ടിക്കൊണ്ടുപോകാതെ കേന്ദ്രങ്ങളില്‍ കഴിയുന്നവരെ പുനരധിവസിപ്പിക്കുന്നതിനുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നത്. തൊഴില്‍ നൈപുണി കോഴ്സുകള്‍ പരിശീലിപ്പിച്ച് അവര്‍ക്ക് സ്വന്തം കാലില്‍ നില്‍ക്കാനുള്ള വരുമാനം നേടിക്കൊടുക്കുന്നതിനുള്ള പദ്ധതികളും സര്‍ക്കാര്‍ ആവിഷ്കരിച്ചുവരികയാണെന്ന് മന്ത്രി പറഞ്ഞു.
അന്തേവാസിയായ ജയശ്രീക്ക് പഠനോപാകരണങ്ങള് വിതരണം ചെയ്ത് പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി നിര്‍വഹിച്ചു. അന്തേവാസികള്‍ക്ക് സാക്ഷരതമുതല്‍ ഹയര്‍ സെക്കന്‍ഡറി വരെയുള്ള വിദ്യാഭ്യാസം സാക്ഷരതാമിഷനിലൂടെ ഉറപ്പാക്കുമെന്ന് ഡയറക്ടര്‍ ഡോ.പി.എസ്.ശ്രീകല അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു.
പ്ലാനിംഗ് ബോര്‍ഡ് അംഗം ഡോ.മൃദുല്‍ ഈപ്പന്, പേരൂര്‍ക്കട മാനസിക അരോഗ്യകേന്ദ്രം സൂപ്രണ്ട് ഡോ.സാഗര്‍, അക്ഷരസാന്ത്വനം പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പി.പ്രശാന്ത്കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
നിലവില്‍ പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍ 507 അന്തേവാസികളാണുള്ളത്. പഠനത്തിന് സന്നദ്ധത പ്രകടിപ്പിച്ച 25 പേര്‍ക്കാണ് ആദ്യഘട്ടമെന്ന നിലയില്‍ ക്ലാസുകള്‍ ആരംഭിക്കുന്നത്. 27 വയസുമുതല്‍ 55 വയസുവരെ പ്രായമുള്ളവരാണിവര്‍.