തിരുവനന്തപുരം: പുസ്തകങ്ങളിലൂടെയുള്ള അറിവാണ് യഥാര്‍ത്ഥ വിദ്യാഭ്യാസമെന്ന പഴഞ്ചന്‍ ധാരണ ഇനി വേണ്ട. അക്ഷരങ്ങളിലൂടെയുള്ള അറിവിനൊപ്പം സാമൂഹ്യസാക്ഷരതയും ചേരുന്നതാണ് യഥാര്‍ത്ഥ വിദ്യാഭ്യാസമെന്ന് തെളിയിക്കുകയാണ് നഗരത്തിലെ വിദ്യാര്‍ത്ഥികള്‍. സംസ്ഥാന സാക്ഷരതാമിഷന്‍ നഗരത്തില്‍ നടപ്പിലാക്കുന്ന അക്ഷരശ്രീ സാക്ഷരത- തുല്യതാ പദ്ധതിയുടെ സര്‍വേക്ക് വോളന്റിയര്‍മാരാകാന്‍ സന്നദ്ധരായെത്തിയിരിക്കുന്നത് നഗരത്തിലെ 10000 വിദ്യാര്‍ത്ഥികള്‍. നഗരപരിധിക്കുള്ളിലെ വിവിധ ഹയര്‍സെക്കന്‍ഡറി സ്കൂളുകളിലേയും കോളജുകളിലേയും എന്‍.എസ്.എസ്. വോളന്റിയര്‍മാരുടെ നേതൃത്വത്തിലാണ് ഇത്രയും വിദ്യാര്‍ത്ഥികള്‍ ഒരു ചരിത്ര ദൗത്യത്തിന് ചുക്കാന്‍ പിടിക്കുന്നത്. ഔപചാരിക വിദ്യാഭ്യാസത്തെ അനൗപചാരിക വിദ്യാഭ്യാസമേഖലയുമായി കോര്‍ത്തിണക്കി ആരോഗ്യകരമായ ഒരു വിദ്യാഭ്യാസ സമ്പ്രദായത്തിന് ഇതിലൂടെ തുടക്കം കുറിക്കാനാണ് സാക്ഷരതാമിഷന്‍ ലക്ഷ്യമിടുന്നത്. നഗരസഭയിലെ 100 വാര്‍ഡുകളിലും ജൂലൈ 14ന് രാവിലെ 8.30ന് സര്‍വേ ആരംഭിക്കും. അന്നുതന്നെ സര്‍വേ വിവരങ്ങളുടെ ക്രോഡീകരണവും നടക്കും. സര്‍വേക്കു മുന്നോടിയായി വാര്‍ഡുകളില്‍ അക്ഷരദീപം തെളിക്കല്‍, വിളംബര ജാഥ എന്നിവയും ഉണ്ടാകും.
നഗരത്തിലെ 100 വാര്‍ഡുകളിലായി മൊത്തം രണ്ടര ലക്ഷം വീടുകളാണുള്ളത്. ഓരോ വാര്‍ഡിലുമുള്ള വീടുകളെ 50 വീതം വരുന്ന ക്ലസ്റ്ററുകളാക്കി തിരിച്ചാണ് സര്‍വേ. മൊത്തം 5000 ക്ലസ്റ്ററുകള്‍. ഒരു ക്ലസ്റ്ററിന് രണ്ടുപേര്‍ എന്ന കണക്കില്‍ മൊത്തം 10000 സര്‍വേ വോളന്റിയര്‍മാരുടെ നേതൃത്വത്തിലാണ് സര്‍വേ നടത്തുന്നത്. സാക്ഷരതാമിഷന്റെ പ്രേരക്മാര്‍, പഠിതാക്കള്‍, വാര്‍ഡിലെ ജനപ്രതിനിധികള്‍, റസി.അസോസിയേഷന് ഭാരവാഹികള്‍, വായനശാല പ്രവര്‍ത്തകര്‍, സാമൂഹിക, സാംസ്കാരിക പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ സര്‍വേ ടീമില്‍ ഉള്‍പ്പെടുന്നു.
വാര്‍ഡുകളിലെ പൊതുസ്ഥിതി വിദ്യാര്‍ത്ഥികളായ സര്‍വേ വോളന്റിയര്‍മാരെ ബോധ്യപ്പെടുത്തുന്നതിനായി അതാത് വാര്‍ഡുകളിലെ റസി.അസോസിയേഷന് ഭാരവാഹികളുടെ നേതൃത്വത്തില്‍ പ്രത്യേക യോഗങ്ങള്‍ വിളിച്ചുകൂട്ടും. ജൂലൈ രണ്ടിന് വാര്‍ഡ് സംഘാടകസമിതി കണ്‍വീനര്‍മാരുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപക പ്രതിനിധികളുടെയും യോഗം ചേരും. അതാത് വാര്‍ഡ് കൗണ്‍സിലര്‍മാരുടെ അധ്യക്ഷതയിലുള്ള വാര്‍ഡ് സംഘാടകസമിതിയില്‍ വിദ്യാഭ്യാസമേഖലയില്‍ പ്രവര്‍ത്തിച്ച് പരിചയമുള്ളയാളെയാണ് വാര്‍ഡ് കണ്‍വീനറാക്കിയിരിക്കുന്നത്. അതാത് വാര്‍ഡിലെ വിദ്യാഭ്യാസസ്ഥാപനങ്ങളുടെ മേധാവികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, സാക്ഷരത-തുടര്‍വിദ്യാഭ്യാസ പ്രവര്‍ത്തകര്‍, അങ്കണവാടി ടീച്ചര്മാര്, ആശാവര്‍ക്കേഴ്സ്, വിദ്യാഭ്യാസ പ്രവര്‍ത്തകര്‍, വിദ്യാര്‍ത്ഥി പ്രതിനിധികള്‍, റസി.അസോസിയേഷന് ഭാരവാഹികള്‍, ലൈബ്രറി കൗണ്‍സില്‍ പ്രതിനിധികള്‍, ഹെല്‍ത്ത് ഓഫീസര്‍മാര്‍, സാമൂഹ്യ,സന്നദ്ധ പ്രവര്‍ത്തകര്‍, റിട്ട.അധ്യാപകര്‍, ഉദ്യോഗസ്ഥര്‍, തുല്യത പഠിതാക്കള്‍ തുടങ്ങിയവര്‍ വാര്‍ഡ് സംഘാടകമസമിതിയില് അംഗങ്ങളാണ്. ഭൂരിഭാഗം വാര്‍ഡുകളിലും വാര്‍ഡ് സംഘാടകമസമിതികള് രൂപീകരിച്ചുകഴിഞ്ഞു. ജൂണ്‍ 25നുള്ളില്‍ മുഴുവന്‍ വാര്‍ഡുകളിലും പൂര്‍ത്തിയാക്കും.
സര്‍വേയിലൂടെ കണ്ടെത്തുന്ന നിരക്ഷരര്‍ക്കായി വാര്‍ഡുകളില്‍ ഓഗസ്റ്റ് 15ന് സാക്ഷരത ക്ലാസുകള്‍ ആരംഭിക്കും. ഒരു വാര്‍ഡില്‍ 25 പേര് എന്ന കണക്കിന് നഗരസഭയിലാകെ 2500 പേര്‍ക്കാണ് ക്ലാസ്. മൂന്നു മാസത്തെ സാക്ഷരതാക്ലാസിനു ശേഷം പരീക്ഷയില്‍ വിജയിക്കുന്നവര്‍ക്ക് നാലാംതരം തുല്യതാ കോഴ്സില്‍ ചേരാം. ആറുമാസമാണ് കോഴ്സിന്റെ കാലാവധി. തുടര്‍ന്ന് ഹയര്‍ സെക്കന്‍ഡറി തുല്യത വരെ സൗജന്യമായി പഠിക്കാനുള്ള അവസരമാണ് ഒരുക്കുന്നത്. പത്താംതരം, ഹയര്‍സെക്കന്‍ഡറി തുല്യതാ കോഴ്സുകളുടെ അടുത്ത ബാച്ചില്‍ ‘അക്ഷരശ്രീ’ പദ്ധതി പ്രകാരം 1500 പേര്‍ക്ക് പത്താംതരം തുല്യതാ കോഴ്സും 1000 പേര്‍ക്ക് ഹയര്‍ സെക്കന്‍ഡറി തുല്യതാ കോഴ്സും ആരംഭിക്കും. പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ലൈബ്രറികള്‍, മറ്റ് പൊതുസ്ഥാപനങ്ങളുടെ ഭൗതിക സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തിയായിരിക്കും സാക്ഷരത-തുല്യതാ ക്ലാസുകള്‍ സംഘടിപ്പിക്കുന്നത്.
പാതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളും സാക്ഷരതാമിഷനും കൈകോര്‍ത്തുകൊണ്ട് അനൗപചാരിക വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളെ വിപുലീകരിക്കുക എന്നതും പദ്ധതി ലക്ഷ്യമിടുന്നു. സംസ്ഥാനത്തെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും ഈ പദ്ധതി ആരംഭിക്കുന്നതിന് മുന്നോടിയായാണ് തിരുവനന്തപുരം നഗരസഭയില്‍ മാതൃകാപദ്ധതിക്കാണ് തുടക്കും കുറിച്ചത്.
സര്‍വേ ടീം രൂപീകരണവുമായി ബന്ധപ്പെട്ട് സാക്ഷരതാമിഷന്‍ ഡയറക്ടര്‍ ഡോ.പി.എസ്.ശ്രീകലയുടെ അധ്യക്ഷതയില്‍ നടത്തിയ അധ്യാപക, വിദ്യാര്‍ത്ഥി പ്രതിനിധികളുടെ ശില്പശാലയില് അസി.ഡയറക്ടമാര്മാരായ ഡോ.വിജയമ്മ, കെ.അയ്യപ്പന്‍നായര്‍, അക്ഷരശ്രീ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പ്രശാന്ത്കുമാര്‍, കോ-ഓര്‍ഡിനേറ്റര്‍ ഇ.വി.അനില്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.