തിരുവനന്തപുരം: സമ്പൂര്‍ണ സാക്ഷരതായജ്ഞത്തിനുശേഷം നഗരം സാക്ഷിയായി മറ്റൊരു അക്ഷരവിപ്ലവത്തിന്. അവശേഷിക്കുന്ന നിരക്ഷരരെ കണ്ടെത്തി സാക്ഷരരാക്കുക, തുടര്‍വിദ്യാഭ്യാസം നല്‍കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ സംസ്ഥാന സാക്ഷരതാമിഷനും നഗരസഭയും ചേര്‍ന്ന് നടപ്പിലാക്കിവരുന്ന ‘അക്ഷരശ്രീ’ സാക്ഷരത-തുടര്‍വിദ്യാഭ്യാസപദ്ധതി സര്‍വേ പൂര്‍ത്തിയായി. നഗരത്തിലെ 2,23815 വീടുകളില്‍ സര്‍വേ നടന്നു. പൂട്ടിക്കിടന്ന ചെറിയൊരു ഭാഗം വീടുകളും ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ കാരണം എത്തിച്ചേരാന്‍ കഴിയാത്ത പ്രദേശങ്ങളുമൊഴികെ 100 വാര്‍ഡുകളിലെ ബഹുഭൂരിപക്ഷം വീടുകളിലും സര്‍വേ നടന്നു. ബാക്കിയുള്ള വീടുകളില്‍ സര്‍വേ നടപടികള്‍ രണ്ട് ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കും.
നഗരപരിധിയിലെ വിദ്യാലയങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍, സാക്ഷരതാമിഷന്റെ തുല്യതാ പഠിതാക്കള്‍, ട്രാന്‍സ്ജെന്‍ഡേഴ്സ് തുടര്‍വിദ്യാഭ്യാസ പദ്ധതിയിലെ പഠിതാക്കള്‍, സന്നദ്ധപ്രവര്‍ത്തകര്‍ എന്നിങ്ങനെ മൊത്തം 14,318 പേര് സര്‍വേ വോളന്റിയര്‍മാരായി. സര്‍വേ വോളന്റിയര്‍മാരെ സഹായിക്കാനായി ജനപ്രതിനിധികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ആശാ വര്‍ക്കര്‍മാര്‍, വായനശാലാ പ്രവര്‍ത്തകര്‍, റസി.അസോസിയേഷന് ഭാരവാഹികള്‍ എന്നിങ്ങനെ സമൂഹത്തിലെ നാനാതുറകളിലുള്ളവര്‍ കൈകോര്‍ത്തുള്ള ജനകീയ സര്‍വേക്കാണ് നഗരം സാക്ഷിയായത്.
തൈയ്ക്കാട് പൗണ്ട് കോളനിയില്‍ രാവിലെ 8.45ന് മന്ത്രി കടകംപള്ളി സുരേന്ദ്രന് സര്‍വേ ഉദ്ഘാടനം ചെയ്തു. കോളനിയിലെ രമണിയുടെ വീട്ടില്‍ നിന്നും സര്‍വേ വിവരങ്ങള്‍ രേഖപ്പെടുത്തിയായിരുന്നു തുടക്കം. തിരുവനന്തപുരം നഗരസഭയില്‍ തുടക്കം കുറിച്ച അക്ഷരപദ്ധതി സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കുന്നതോടെ കേരളത്തില്‍ അക്ഷരം അറിയാത്ത ഒരാളുമുണ്ടാവില്ലെന്ന് അദ്ദേഹം പറഞ്ഞു. നിരക്ഷരതയുടെ തുരുത്തുകള്‍ ഇനി അവശേഷിക്കാന്‍ പാടില്ല. അതിനുള്ള പ്രതിജ്ഞാബദ്ധമായ പദ്ധതികളാണ് സര്‍ക്കാര്‍ ആവിഷ്കരിച്ച് നടപ്പിലാക്കിവരുന്നതെന്ന് അദ്ദേഹം പറഞ്ഞു. ശേഖരിച്ച വിവരങ്ങള്‍ വാര്‍ഡുകളില്‍ ക്രോഡീകരിച്ചു. വാര്‍ഡ് തല വിവര ക്രോഡീകരണം 100 പ്രേരക്മാരുടെ നേതൃത്വത്തില്‍ നാളെ നടക്കും. കോര്പറേഷന് തല വിവര ക്രോഡീകരണവും നടത്തി റിപ്പോര്‍ട്ട് പ്രകാശനം ചെയ്യും.
നഗരത്തിലെ വീടുകളെ 50 വീതം വരുന്ന ക്ലസ്റ്ററുകളാക്കി തിരിച്ചായിരുന്നു സര്‍വേ. ഒരു ക്ലസ്റ്ററിന് രണ്ടുപേര്‍ എന്ന കണക്കിലാണ് വോളന്റിയര്‍മാരെ വിന്യസിച്ചത്.
സര്‍വേയില്‍ കണ്ടെത്തുന്ന നിരക്ഷരരുള്ള വാര്‍ഡുകളില്‍ ഓഗസ്റ്റ് 15ന് സാക്ഷരത ക്ലാസുകള്‍ ആരംഭിക്കും. ഒരു വാര്‍ഡില്‍ 25 പേര് എന്ന കണക്കിന് നഗരസഭയിലാകെ 2500 പേര്‍ക്കാണ് ക്ലാസ്. മൂന്നു മാസത്തെ സാക്ഷരതാക്ലാസിനു ശേഷം പരീക്ഷയില്‍ വിജയിക്കുന്നവര്‍ക്ക് നാലാംതരം തുല്യതാ കോഴ്സില്‍ ചേരാം. ആറുമാസമാണ് കോഴ്സിന്റെ കാലാവധി. തുടര്‍ന്ന് ഹയര്‍ സെക്കന്‍ഡറി തുല്യത വരെ സൗജന്യമായി പഠിക്കാനുള്ള അവസരമാണ് ഒരുക്കുന്നത്.
പത്താംതരം, ഹയര്‍സെക്കന്‍ഡറി തുല്യതാ കോഴ്സുകളുടെ അടുത്ത ബാച്ചില്‍ ‘അക്ഷരശ്രീ’ പദ്ധതി പ്രകാരം 1500 പേര്‍ക്ക് പത്താംതരം തുല്യതാ കോഴ്സും 1000 പേര്‍ക്ക് ഹയര്‍ സെക്കന്‍ഡറി തുല്യതാ കോഴ്സും ആരംഭിക്കും. പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ലൈബ്രറികള്‍, മറ്റ് പൊതുസ്ഥാപനങ്ങളുടെ ഭൗതിക സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തിയായിരിക്കും സാക്ഷരത-തുല്യതാ ക്ലാസുകള്‍ സംഘടിപ്പിക്കുന്നത്.
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളും സാക്ഷരതാമിഷനും കൈകോര്‍ത്തുകൊണ്ട് അനൗപചാരിക വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളെ വിപുലീകരിക്കുക എന്നതും പദ്ധതി ലക്ഷ്യമിടുന്നു. സംസ്ഥാനത്തെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും ഈ പദ്ധതി ആരംഭിക്കുന്നതിന് മുന്നോടിയായാണ് തിരുവനന്തപുരം നഗരസഭയില്‍ മാതൃകാപദ്ധതിക്കാണ് തുടക്കം കുറിച്ചത്.