തിരുവനന്തപുരം: സംസ്ഥാന സാക്ഷരതാമിഷന്‍ അട്ടപ്പാടിയില്‍ നടത്തിവരുന്ന പ്രത്യേക സാക്ഷരത- തുല്യതാ പദ്ധതിയില്‍ മൊത്തം 2624 പേര് സാക്ഷരത പരീക്ഷയെഴുതി.ഇതില്‍ 2003 പേര് സ്ത്രീകളാണ്. കുറവന്‍കണ്ടി ഊരിലെ ചെല്ലിയാണ് (89) പരീക്ഷയെഴുതിയവരില്‍ ഏറ്റവും പ്രായംകൂടിയത്. ചേരമാന്‍കണ്ടി ഊരിലെ പത്തൊമ്പതുകാരി കാര്‍ത്തിയാണ് ഏറ്റവും പ്രയാം കുറഞ്ഞത്. അട്ടപ്പാടി ബ്ലോക്കിലെ മൊത്തം മൂന്ന് ഗ്രാമപഞ്ചായത്തുകളായ അഗളി, ഷോളയൂര്‍,പുത്തൂര്‍ എന്നിവിടങ്ങളിലെ 138 കേന്ദ്രങ്ങളിലായിരുന്നു സാക്ഷരത പരീക്ഷ നടത്തിയത്. മൂന്നു ഗ്രാമപഞ്ചായത്തുകളിലെ മൊത്തം 129 ഊരുകളിലായി കഴിഞ്ഞ ഡിസംബറിലായിരുന്നു സാക്ഷരത ക്ലാസ് ആരംഭിച്ചത്. 43 ഊരുകളിലായി നാലാംതരം തുല്യതയ്ക്ക് 783 പേരാണ് ഇപ്പോള്‍ പഠിച്ചുവരുന്നത്. ഇവര്‍ക്കുള്ള പരീക്ഷ ആഗസ്റ്റ് മാസം നടക്കും.
സാക്ഷരതാമിഷന്‍ പുതുതായി തയ്യാറാക്കിയ സാക്ഷരതാപാഠാവലിയിലായിരുന്നു സാക്ഷരതാപരീക്ഷ നടത്തിയത്. വനവും പ്രപഞ്ചവും തമ്മിലുള്ള ഇഴയടുപ്പം ചിത്രങ്ങളുടെ സഹായത്തോടെ മനോഹരമായി പ്രതിപാദിക്കുന്ന പാഠഭാഗങ്ങളും പുസ്തകത്തിലുണ്ട്. മലകള്‍,പുഴകള്‍,പൂവനങ്ങള്‍ എന്നിവ സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകത, ജലാശയങ്ങളെ മലിനമാക്കുന്ന ഘടകങ്ങള്‍. മലിനീകരണം എങ്ങനെ തടയാം തുടങ്ങി ആദിവാസികളുടെ ജീവിതഗന്ധിയായ പല സാഹചര്യങ്ങളും പാഠഭാഗങ്ങളില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
വായന, എഴുത്ത്, കണക്ക് എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളെ ആസ്പദമാക്കി മൊത്തം 100 മാര്‍ക്കിനായിരുന്നു സാക്ഷരതാ പരീക്ഷ. 30 മാര്‍ക്കാണ് വിജയിക്കാന്‍ വേണ്ടത്. വായനയ്ക്ക് 30 മാര്‍ക്കില്‍ ഒമ്പത്, എഴുത്തിന് 40 മാര്‍ക്കില്‍ 12, കണക്കിന് 30 മാര്‍ക്കില്‍ 9 എന്നിങ്ങനെയാണ് പാസ് മാര്‍ക്ക്.
അട്ടപ്പാടിയില്‍ നടപ്പിലാക്കിവരുന്ന പ്രത്യേക സാക്ഷരതാപരിപാടിയുടെ ഭാഗമായി മൊത്തം 275 ഇന്‍സ്ട്രക്ടര്‍മാരെയാണ് നിയോഗിച്ചത്. ഇതില്‍ 218 ഇന്‍സ്ട്രക്ടര്‍മാര്‍ ആദിവാസികളാണ്. വ്യത്യസ്ത ഗോത്രഭാഷകള്‍ സംസാരിക്കുന്ന ആദിവാസികള്‍ക്കിടയില്‍ നിന്നു തന്നെ ഇന്‍സ്ട്രക്ടര്‍മാരെ നിയോഗിച്ചതാണ് പദ്ധതിയെ ഫലപ്രദമാക്കുന്നത്. ഇന്‍സ്ട്രക്ടര്‍മാരില്‍ ഭൂരിഭാഗവും സ്ത്രീകളാണ്. സാക്ഷരതാമിഷന്‍ നേരത്തെ അട്ടപ്പാടിയിലെ 63 ആദിവാസി ഊരുകളില്‍ നടപ്പിലാക്കിയ സാക്ഷരതാപരിപാടിയില്‍ 1127 പേരെ സാക്ഷരരാക്കിയിരുന്നു.
അക്ഷരങ്ങളും അക്കങ്ങളോടൊപ്പം തന്നെ സാമൂഹ്യസാക്ഷരതക്കും ഊന്നല്‍ നല്കി മൂന്ന് ആദിവാസി സാക്ഷരത- തുല്യത പദ്ധതികളാണ് സാക്ഷരതാമിഷന്റെ നേതൃത്വത്തില്‍ സംസ്ഥാനത്ത് നടന്നുവരുന്നത്. അട്ടപ്പാടിയിലെ പ്രത്യേക സാക്ഷരത-തുല്യത പദ്ധതി, വയനാട് ആദിവാസി സാക്ഷരത പദ്ധതി, സമഗ്ര ആദിവാസി സാക്ഷരത-തുല്യത പദ്ധതി. ഇവക്കെല്ലാം കൂടി 1057 ഇന്സ്ട്രക്ടമാര്മാരെയാണ് നിയോഗിച്ചിരിക്കുന്നത്. ഇതില്‍ 800 പേര് ആദിവാസി വിഭാഗത്തില്‍ നിന്നുള്ളവരാണ്. ആദിവാസി മേഖലകളിലെ സമഗ്ര പുരോഗതി ലക്ഷ്യമിട്ട് ആരംഭിച്ച സമഗ്ര ആദിവാസി സാക്ഷരതാപദ്ധതിക്കായി സംസ്ഥാനത്ത് തെരഞ്ഞെടുത്ത 100 ആദിവാസി ഊരുകളിലും ഇന്‍സ്ട്രക്ടര്‍മാര്‍ പൂര്‍ണമായും ആദിവാസികള്‍ തന്നെയാണ്.
വയനാട് ജില്ലയില്‍ നടന്നുവരുന്ന രണ്ടാംഘട്ട സാക്ഷരത, നാലാംതരം തുല്യത പരിപാടിക്കും മികച്ച പ്രതികരണമാണ് ലഭിച്ചുവരുന്നത്. ആദ്യഘട്ടത്തില്‍ 282 കോളനിയില്‍ നടത്തിയ സാക്ഷരത പരീക്ഷയില്‍ മൊത്തം 4309 പേര് (95.5 ശതമാനം) വിജയിച്ചിരുന്നു. മൊത്തം 4512 പേരായിരുന്നു പരീക്ഷ എഴുതിയത്. രണ്ടാംഘട്ടത്തില്‍ 200 കോളനികളില്‍ കൂടി സാക്ഷരത പരിപാടി വ്യാപിപ്പിച്ചു. നേരത്തെ സാക്ഷരത പദ്ധതി നടപ്പിലാക്കിയ 282 കോളനികളില്‍ നാലാംതരം തുല്യത പരിപാടിയാണ് നടപ്പിലാക്കുന്നത്. രണ്ടാംഘട്ടത്തിലെ സാക്ഷരത- തുല്യത ഗുണഭോക്താക്കളെ കണ്ടെത്താനുള്ള സര്‍വേ ആഗസ്റ്റ് 18,19 തീയതികളില്‍ നടക്കും. സെപ്തംബര്‍ ഒന്നിന് ക്ലാസുകള്‍ ആരംഭിക്കും. രണ്ടാംഘട്ട പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്കായി വയനാട് ജില്ലയില്‍ മൊത്തം 682 ഇന്സ്ട്രക്ടമാര്മാരെയാണ് നിയോഗിച്ചിരിക്കുന്നത്. ഇതില്‍ 482 പേരും ആദിവാസികളാണ്.
അട്ടപ്പാടിയിലെ മൊത്തം ആദിവാസികളുടെ എണ്ണം 32,956 ആണ്. മൊത്തം ജനസംഖ്യയുടെ 44 ശതമാനം. ഇരുളര്‍, മുദുഗര്‍, കുറുമ്പര്‍ എന്നിങ്ങനെ മൊത്തം മൂന്ന് ആദിവാസി വിഭാഗങ്ങളാണ് അട്ടപ്പാടി ബ്ലോക്കില്‍ ഉള്ളത്. അട്ടപ്പാടി ബ്ലോക്കിലെ ഈ മൂന്നു ഗ്രാമപഞ്ചായത്തുകളിലായി മൊത്തം 192 ഊരുകളിലായി വ്യാപിച്ചു കിടക്കുന്ന ആദിവാസി ജനവിഭാഗങ്ങളില്‍ ഏറ്റവും കൂടുതല്‍ ഇരുളര്‍ സമുദായത്തില്‍ പെട്ടവരാണ്. 26908 പേര്. ഇതില്‍ 13747 പേര് സ്ത്രീകളാണ്. 149 ഊരുകളിലാണ് ഈ വിഭാഗത്തിന്റെ സാന്നിധ്യമുള്ളത്. 24 ഊരുകളില്‍ പ്രാതിനിധ്യമുള്ള മുദുഗര്‍ വിഭാഗമാണ് രണ്ടാമത്. 3497 ആണ് ഈ വിഭാഗത്തിലെ ജനസംഖ്യ. ഏറ്റവും പ്രാക്തനമായ കുറുമ്പര്‍ വിഭാഗം 19 ഊരുകള്‍ കേന്ദ്രീകരിച്ചാണ് അധിവസിക്കുന്നത്. 2551 പേര് ഈ വിഭാഗത്തിലുള്ളവരാണ്.