തിരുവനന്തപുരം: സംസ്ഥാനത്ത് പരിപൂര്‍ണ സാക്ഷരത നടപ്പിലാക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന സാക്ഷരതാമിഷന്‍ ആവിഷ്കരിച്ച ‘അക്ഷരലക്ഷം’ പദ്ധതിയുടെ ആദ്യഘട്ടത്തില്‍ സംസ്ഥാനത്ത് 40440 പേര് പരീക്ഷയെഴുതി. സംസ്ഥാനത്തെ വിവിധ ജയിലുകളിലായി 80 തടവുകാരും പരീക്ഷയെഴുതിയവരില്‍ ഉള്‍പ്പെടുന്നു. പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പേര് പരീക്ഷയെഴുതിയത്. 11,683 പേര്. പട്ടികജാതി വിഭാഗത്തില്‍ നിന്നും 2420 പേരും പട്ടികവര്‍ഗ വിഭാഗത്തില്‍ നിന്ന് 946 പേരും പരീക്ഷയെഴുതി. പരീക്ഷയെഴുതിയവരുടെ പ്രായം തിരിച്ചുള്ള കണക്ക് ഇപ്രകാരമാണ്. 35നു താഴെ 3604, 35നും 60നും ഇടയില്‍ 36,0112, 60നു മുകളില്‍ 724. ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് ചേപ്പാട് സ്വദേശി 96 വയസുള്ള കാര്‍ത്ത്യായനി അമ്മയാണ് പരീക്ഷയെഴുതിയവരില്‍ ഏറ്റവും പ്രായം കൂടിയ ആള്.
സംസ്ഥാന സാക്ഷരതാമിഷന്‍ തയാറാക്കിയ പുതിയ സാക്ഷരതാപാഠാവലിയിലായിരുന്നു പരീക്ഷ. 40 മാര്‍ക്കിന്റെ എഴുത്തുപരീക്ഷ, 30 മാര്‍ക്കിന്റെ വായന പരിശോധന, 30 മാര്‍ക്കിന്റെ കണക്ക് എന്നിവയാണ് പരീക്ഷയില്‍ ഉള്‍പ്പെടുത്തിയത്. വായനയ്ക്ക് 30 മാര്‍ക്കില്‍ ഒമ്പത്, എഴുത്തിന് 40 മാര്‍ക്കില്‍ 12, കണക്കിന് 30 മാര്‍ക്കില്‍ 9 എന്നിങ്ങനെയാണ് പാസ് മാര്‍ക്ക്. ജയിക്കാന്‍ ആവശ്യമായ മിനിമം മാര്‍ക്ക് 30 ആണ്.
യുനെസ്കോ മാനദണ്ഡം (ജനസംഖ്യയുടെ 90% പേര് സാക്ഷരത നേടുക) അനുസരിച്ച് കേരളം സമ്പൂര്‍ണ സാക്ഷരത കൈവരിച്ചെങ്കിലും നിരക്ഷതയുടെ തുരുത്തുകള്‍ സംസ്ഥാനത്ത് ഇപ്പോഴും അവശേഷിക്കുന്നുണ്ട്. അവശേഷിക്കുന്ന മുഴുവന്‍ പേരെയും സാക്ഷരരാക്കി കേരളത്തെ പരിപൂര്‍ണ സാക്ഷരതാ സംസ്ഥാനമാക്കി മാറ്റുകയാണ് അക്ഷരലക്ഷം പദ്ധതി ലക്ഷ്യമിടുന്നത്. 15 വയസിന് മുകളില്‍ പ്രായമായ ആര്‍ക്കും പങ്കെടുക്കാം. ഒഴിവുദിവസങ്ങളിലും പഠിതാക്കളുടെ സൗകര്യം കണക്കിലെടുത്തുമാണ് ക്ലാസുകള്‍. അക്ഷരലക്ഷം പാസാകുന്നവര്‍ക്ക് നാലാംതരം തുല്യതയ്ക്ക് അപേക്ഷിക്കാന്‍ കഴിയും.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ജനപ്രതിനിധികള്‍, സന്നദ്ധ പ്രവര്‍ത്തകര്‍, സാക്ഷരതാ തുല്യതാ പഠിതാക്കള്‍, സാക്ഷരതാസമിതി അംഗങ്ങള്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് നിരക്ഷരതാ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നത്. 2011 ലെ സെന്‍സസ് പ്രകാരം സംസ്ഥാനത്ത് 18 ലക്ഷം നിരക്ഷരരുണ്ടെന്നാണ് കണക്ക്.
അക്ഷരലക്ഷം’ ആദ്യഘട്ടപദ്ധതിയുടെ ഭാഗമായി സാക്ഷരതാമിഷന്റെ തുടര്‍വിദ്യാകേന്ദ്രങ്ങള്‍ സ്ഥിതിചെയ്യുന്ന 2010 വാര്‍ഡുകളില്‍ നേരത്തെ സര്‍വേ നടത്തി മൊത്തം 47,241 നിരക്ഷരരെ കണ്ടെത്തിയിരുന്നു. 46,349 പേര്‍ക്ക് കഴിഞ്ഞ ജനുവരി 26ന് ക്ലാസുകള്‍ ആരംഭിച്ചു. ഇതില്‍ 40,440 പേരാണ് ഇപ്പോള്‍ പരീക്ഷ എഴുതിയത്.
15 മുതല്‍ 20 വരെ പഠിതാക്കള്‍ക്ക് ഒരു പഠനകേന്ദ്രം എന്ന തരത്തിലാണ് ക്ലാസുകള്‍ ക്രമീകരിച്ചത്. മൊത്തം 100 മണിക്കൂര്‍ ക്ലാസ് നല്കി.
‘അക്ഷരലക്ഷം’ പരിപൂര്‍ണ സാക്ഷരതാപദ്ധതിയുടെ രണ്ടാംഘട്ടം ഒരു ജില്ലയിലെ തിരഞ്ഞെടുത്ത ഒരു തദ്ദേശസ്വയംഭരണ സ്ഥാപനത്തില്‍ നടപ്പിലാക്കുമെന്ന് സാക്ഷരതാമിഷന്‍ ഡയറക്ടര്‍ ഡോ.പി.എസ്.ശ്രീകല പറഞ്ഞു.