ശുചീകരണത്തില്‍ സജീവമായി ആദിവാസികളും
തിരുവനന്തപുരം: സാക്ഷരതാമിഷന്റെ തുല്യത പഠിതാക്കളും ഇന്‍സ്ട്രക്ടര്‍മാരും ഉള്‍പ്പെടുന്ന 1055 വൊളന്റിയര്‍മാര്‍ പ്രളയം മലിനമാക്കിയ കുട്ടനാട്ടില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. വൊളന്റിയര്‍മാരില്‍ 26 പേര് വയനാട്ടില്‍ നിന്നുള്ള ആദിവാസി വിഭാഗത്തില്‍പ്പെട്ട പഠിതാക്കളും ഇന്‍സ്ട്രക്ടര്‍മാരുമാണ്. നെടുമുടി, തലവടി, തകഴി, പുളിങ്കുന്ന്, രാമങ്കരി തുടങ്ങിയ ഗ്രാമപഞ്ചയത്തുകളിലെ വീടുകള്‍, ഓഫീസുകള്‍, വിദ്യാലയങ്ങള്‍, വഴിയോരങ്ങള്‍ എന്നിവിടങ്ങളിലെല്ലാം ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. മലപ്പുറത്ത് നിന്നെത്തിയ ഇന്‍സ്ട്രക്ടര്‍മാരും പഠിതാക്കളും കാവാലം പ്രദേശത്തുള്ള വീടുകളിലും സ്കൂളുകളിലും ശുചീകരണം നടത്തി.
വയനാട്ടില്‍ നിന്നെത്തിയ വൊളന്റിയര്‍മാരില്‍ ഭൂരിഭാഗവും അവിടെയുണ്ടായ പ്രളയത്തില്‍ ദുരിതം അനുഭവിച്ചുവരുന്നവരാണ്. പ്രളയത്തില്‍ ഇവരുടെ വീടുകളില്‍ പലതും തകര്‍ന്നു. ” പ്രളയത്തില്‍ ദിതം അനുഭവിക്കുകയാണ്. എങ്കിലും മറ്റൊരിടത്ത് ആശ്വാസം എത്തിക്കുകയെന്നത് എന്റെ കടമയാണ്”- സാക്ഷരതാമിഷന്റെ ആദിവാസി സാക്ഷരതാ പദ്ധതിയായ ‘സമഗ്ര’ യുടെ ഇന്‍സ്ട്രക്ടര്‍ സുഭാഷ് പറഞ്ഞു. വയനാട് ജില്ലയിലെ തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്തില്‍ നിന്നുള്ളവരാണ് 26 പേരും. സാക്ഷരതാമിഷന്റെ ഏഴ്,പത്ത് തുല്യത കോഴ്സുകളിലെ പഠിതാക്കളും ഇന്‍സ്ട്രക്ടര്‍മാരുമാണ്.
സാക്ഷരതാമിഷന്‍ ഡയറക്ടര്‍ ഡോ.പി.എസ്.ശ്രീകല ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി.
മുന്‍കൂട്ടി നിശ്ചയിച്ച് നല്കിയ കേന്ദ്രങ്ങളില്‍ ശുചീകരണ സാമഗ്രികളുമായി എത്തിയവര്‍ വീടുകളും പൊതുസ്ഥാപനങ്ങളും വൃത്തിയാക്കി. സ്കൂളുകളും ആശുപത്രികളും ഉപയോഗയോഗ്യമാക്കി. കഴുകിത്തുടച്ചു വൃത്തിയാക്കുന്നതിനൊപ്പം അണുനാശിനികളുപയോഗിച്ച് രോഗസാധ്യതകള്‍ ഇല്ലാതാക്കി.