പ്രളയാനന്തര കേരളത്തെയും കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തെയും സംബന്ധിച്ച് സമൂഹത്തിന്റെ മനസ്സറിയാന്‍ സാക്ഷരതാമിഷന്‍ സ്ഥിതിവിവരപഠനം നടത്തുന്നു. അതിന്റെ അടിസ്ഥാനത്തില്‍ കാലവസ്ഥാവ്യതിയാനം, പ്രകൃതിക്ഷോഭം, മാലിന്യസംസ്കരണം, പരിസ്ഥിതിസൗഹാര്ദ്ദജീവിതം, ദുരന്ത പ്രതിരോധം,തുടങ്ങിയവയില്‍ ശാസ്ത്രീയവും പ്രായോഗികവുമായ അറിവ് ജനങ്ങളിലെത്തിക്കാന്‍ പുതിയ കര്‍മ്മപദ്ധതിക്ക് രൂപം നല്‍കും. ഈ വിഷയങ്ങളില്‍ എത്രത്തോളം ജനങ്ങള്‍ക്ക് അവബോധം ഉണ്ടെന്ന് കണ്ടെത്തുന്നതിനുള്ള സര്‍വേ ഒക്ടോബര്‍ രണ്ടിന് നടത്തും. സര്‍വേയിലൂടെ കണ്ടെത്തുന്ന വിവരങ്ങളും ദുരന്തനിവാരണ നിര്‍ദേശങ്ങളുമടങ്ങിയ വിശദമായ റിപ്പോര്‍ട്ട് ദുരന്ത ലഘൂകരണ ദിനമായ ഒക്ടോബര്‍ 13ന് സര്‍ക്കാരിന് സമര്‍പ്പിക്കും.
സാക്ഷരതാമിഷന്റെ 50000 തുല്യതാപഠിതാക്കള്‍ മുഖേന സംസ്ഥാനത്തെ രണ്ടരലക്ഷം വീടുകളില്‍ സര്‍വേ നടത്തും. സംസ്ഥാനത്ത് പ്രളയവും മറ്റ് പ്രകൃതിക്ഷോഭങ്ങളും ഏറെ നാശം വിതച്ച പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് ജനകീയ കാമ്പയിനായിട്ടാണ് സരവേ സംഘടിപ്പിക്കുന്നതെന്ന് സാക്ഷരതാമിഷന്‍ ഡയറക്ടര്‍ ഡോ.പി.എസ്.ശ്രീകല പറഞ്ഞു. അതോടൊപ്പം എല്ലാ മേഖലയുടെയും പ്രാതിനിധ്യം വരുന്നവിധത്തില്‍ ശാസ്ത്രീയമായ രീതി ഉപയോഗിച്ച് സാമ്പിള്‍ പഠനം നടത്തും. ഏകദിനസര്വേ എന്ന നിലയിലാണ് ഈ ജനസമ്പര്ക്കപഠനപരിപാടി നടത്തുന്നത്. ഓരോ പഠിതാവും സ്വന്തം വീടിന് സമീപമുള്ള 5 വീടുകളില്‍ സര്‍വേ നടത്തും. പഠനകേന്ദ്രങ്ങളുടെ തലത്തിലും ജില്ലാതലത്തിലും സര്‍വേ റിപ്പോര്‍ട്ട് തയാറാക്കി പ്രസിദ്ധപ്പെടുത്തും. ഏറ്റവും പ്രസക്തവും നിത്യജീവിതവുമായി ബന്ധപ്പെട്ടതുമായ ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയാണ് സര്‍വേ ഫോറം തയാറാക്കുന്നത്. ഓരോ വ്യക്തിക്കും പുനരാലോചനയ്ക്കും തുടരന്വേഷണത്തിനും ബോധവല്ക്കരത്തിനുമുള്ള സാധ്യതകള്‍ തുറന്നിടുന്ന തരത്തിലുള്ള ചോദ്യങ്ങളാകും ഉള്‍പ്പെടുത്തുക.
സ്ഥിതി വിവരപഠനത്തിന്റെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ സാക്ഷരത മുതല്‍ ഹയര്‍സെക്കണ്ടറി വരെയുള്ള അനൗപചാരികവിദ്യാഭ്യാസത്തിന്റെ പഠനപ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കും. സ്ഥിതിവിവരപഠനത്തിന്റെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ സാക്ഷരതാതുല്യതാപഠിതാക്കള്ക്കുവേണ്ടി പ്രത്യേക പഠനസാമഗ്രികള്‍ തയാറാക്കുകയും ദുരന്തപതിരോധത്തെക്കുറിച്ചുള്ള പ്രാഥമിക പാഠങ്ങള്‍ തുല്യതാപഠനത്തിന്റെ ഭാഗമാക്കുകയും ചെയ്യും.സാക്ഷരതാമിഷന്റെ കീഴിലുള്ള പത്താംതരം, ഹയര്‍സെക്കണ്ടറി തുല്യതാപഠിതാക്കളെ അവരുടെ പഠനപ്രവര്‍ത്തനങ്ങളുടെ ഭാഗമായി ബോധവല്‍ക്കരണപരിപാടിയില്‍ പങ്കാളികളാക്കും.
വിദ്യാകേന്ദ്രങ്ങള്‍ സ്ഥിതിചെയ്യുന്ന വാര്‍ഡുകളിലും സ്പെഷ്യല്‍ പ്രോജക്ടുകള്‍ നടക്കുന്ന പ്രദേശങ്ങളിലും ഇന്‍സ്ട്രക്ടര്‍മാരുടെയും പഠിതാക്കളുടെയും നേതൃത്വത്തില്‍ ബോധവല്‍ക്കരണപരിപാടികള്‍ സംഘടിപ്പിച്ച് അവരെ നവകേരളനിര്‍മ്മാണത്തില്‍ പങ്കാളികളാക്കും. സര്‍വേക്ക് നേതൃത്വം നല്കുന്ന 50000 വിദ്യാര്‍ത്ഥികളെയും സര്‍ക്കാരിന്റെ നവകരള നിര്‍മ്മാണവുമായി ബന്ധപ്പെട്ട ബോധവ്തകരണ പരിപാടികള്‍ക്ക് നിയോഗിക്കുമെന്നും ഡോ.പി.എസ്.ശ്രീകല പറഞ്ഞു.