സംസ്ഥാനത്ത് 25 ട്രാന്സ്ജെന്ഡറുകള് സാക്ഷരതാമിഷന്റെ പത്താംതരം പരീക്ഷ എഴുതി
തിരുവനന്തപുരം: “എന്റെ ടീച്ചറേ…, ഒറ്റപ്പെടുത്തലില്‍ നിന്നും ബന്ധുക്കളും പൊതുസമൂഹവും മാറിവരുന്നു. എല്ലാത്തിനും കാരണം ടീച്ചറാണ്. ഞങ്ങള്‍ക്കുമുണ്ട് ചെറിയ ആഗ്രഹങ്ങളും മോഹങ്ങളും, ഒപ്പം ജീവിതവും. ഇപ്പോള്‍ പൊതു സമൂഹത്തില്‍ ഞങ്ങള്ക്കുമൊരിടം ഉണ്ടായിരിക്കുന്നു. ചെറുതിലേ തന്നെ എനിയ്ക്ക് പഠിക്കാന്‍ വലിയ താത്പര്യമായിരുന്നു ടീച്ചറേ.., ആദ്യമൊക്കെ സഹപാഠികള്‍ പരിഹസിക്കുമ്പോള്‍ അത്രയ്ക്കങ്ങു കാര്യമാക്കിയില്ല. ഹൈസ്ക്കൂളൊക്കെ എത്തിയപ്പോള്‍ തിരിച്ചറിവിന്റെ പ്രായമായി. പിന്നെ, ബന്ധുക്കളും കുത്തുവാക്കുകള്‍ കൊണ്ട് പൊതിഞ്ഞു. എന്നാല്‍ അധ്യാപകര്‍ കൂടി ഒറ്റപ്പെടുത്തിയതോടെ പിടിച്ചുനില്‍ക്കാനായില്ല- ഒമ്പതാം ക്ലാസില്‍ പഠനം നിറുത്തേണ്ടി വന്ന 36-കാരി അസ്മയ്ക്ക് സാക്ഷരതാമിഷന്‍ ഡയറക്ടര്‍ ഡോ.പി.എസ്.ശ്രീകലയോട് പറയാനേറെയുണ്ടെങ്കിലും സന്തോഷാതിരേകത്തില്‍ കണ്ഠമിടറി.
ജില്ലയില്‍ സാക്ഷരതാമിഷന്റെ പത്താംതരം പരീക്ഷ നടക്കുന്ന കരമന ഗവ.ബോയ്സ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ സന്ദര്‍ശിക്കാനെത്തിയതായിരുന്നു ഡോ.പി.എസ്. ശ്രീകല. അസ്മയെ പോലെ തന്നെ ട്രാന്‍സ്ജെന്‍ഡറുകള്‍ക്കായി സാക്ഷരതാമിഷന്‍ നടത്തിവരുന്ന ‘സമന്വയ ‘ തുടര്‍വിദ്യാഭ്യാസ പദ്ധതിയില്‍ ഈ സ്കൂളില്‍ മൊത്തം ആറു ട്രാന്സ്ജെന്ഡറുകളാണ് പരീക്ഷ എഴുതുന്നത്. സൂര്യ, അസ്മ, സക്കീന,അപൂര്‍വ, നിയാകുക്കു, സുകന്യ കൃഷ്ണ എന്നിവരാണിവര്‍. പത്താംതരം തുല്യതാ പരീക്ഷയില്‍ ‘സമന്വയ’ പദ്ധതിയില്‍ സംസ്ഥാനത്ത് പരീക്ഷയെഴുതുന്നത് മൊത്തം 25 ട്രാന്സ്ജെന്ഡറുകളാണ്. ഇന്നലെ ആരംഭിച്ച പരീക്ഷ ഈ മാസം 28ന് അവസാനിക്കും. സംസ്ഥാനത്ത് മൊത്തം 17,242 പേരാണ് പത്താംതരം തുല്യതാ പരീക്ഷയെഴുതുന്നത്.
കൊല്ലത്താണ് ഏറ്റവും കൂടുതല്‍ ട്രാന്‍സ്ജെന്‍ഡര്‍ പഠിതാക്കള്‍ പരീക്ഷയെഴുതുന്നത് – 9. പരീക്ഷാ കേന്ദ്രം തേവള്ളി ഗവ. ജി.എച്ച്.എസ്.എസ്. കണ്ണൂര്‍,വയനാട്, മലപ്പുറം ജില്ലകളിലായി രണ്ട് പേര് വീതം പരീക്ഷയെഴുതുന്നു. പത്തനംതിട്ട, ഇടുക്കി, കാസര്‍കോഡ്, തൃശ്ശൂര്‍ ജില്ലകളില്‍ പരീക്ഷയെഴുതാന്‍ ഈ വിഭാഗത്തില്‍ നിന്നും ഒരാള്‍ വീതം ഉണ്ട്. തിരുവനന്തപുരത്ത് കരമന ഗവ.ബോയ്സ് ഹൈസ്ക്കൂളിലുമാണ് ട്രാന്‍സ്ജെന്‍ഡര്‍ പഠിതാക്കള്‍ പരീക്ഷ എഴുതുന്നത്.
സമന്വയ പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയില്‍ സംസ്ഥാനത്ത് 145 ട്രാന്സ്ജെന്ഡറുകളാണ് സാക്ഷരതാമിഷന്റെ നാല്, ഏഴ്, പത്ത്, ഹയര്‍സെക്കന്‍ഡറി തുല്യതാ വിഭാഗങ്ങളിലായി പഠനം നടത്തിവരുന്നത്. പദ്ധതിയുമായി ബന്ധപ്പെട്ട് നേരത്തെ സാക്ഷരതാമിഷന്‍ സംസ്ഥാനത്ത് നടത്തിയ സര്‍വേയില്‍ 918 ട്രാന്‍സ് ജെന്‍ഡറുകള്‍ തുടര്‍പഠനത്തിന് സന്നദ്ധരായി മുന്നോട്ടുവന്നിരുന്നു. സര്‍വേയില്‍ പഠനസന്നദ്ധത അറിയിച്ച മുഴുവന്‍ ട്രാന്‍സ്ജെന്‍ഡറുകള്‍ക്കും ഘട്ടംഘട്ടമായി തുടര്‍വിദ്യാഭ്യാസത്തിന് സൗകര്യമൊരുക്കുമെന്ന് സാക്ഷരതാമിഷന്‍ ഡയറക്ടര്‍ ഡോ.പി.എസ്.ശ്രീകല പറഞ്ഞു.
ട്രാന്‍സ് ജെന്‍ഡര്‍ പഠിതാക്കള്‍ക്കായി സാക്ഷരതാമിഷന്‍ സ്കോളര്‍ഷിപ്പും ഏര്‍പ്പെടുത്തിയിട്ടുണ്ട്. നാലാംതരം മുതല്‍ പത്താംതരം തുല്യത വരെയുള്ള പഠിതാക്കള്‍ക്ക് 1000 രൂപയും ഹയര്‍സെക്കന്‍ഡറി തുല്യത പഠിതാക്കള്‍ക്ക് 1250 രൂപയും പ്രതിമാസം സ്കോളര്‍ഷിപ്പ് നല്കിവരുന്നു. നാലാംതരം- 6 മാസം, ഏഴാംതരം- 8മാസം, പത്താംതരം- 10 മാസം, ഹയര്‍സെക്കന്‍ഡറി തുല്യത- രണ്ടുവര്‍ഷവുമായി 20മാസം എന്നിങ്ങനെയാണ് കോഴ്സുകളുടെ കാലാവധി.
ഒരോ തുല്യതാ കോഴ്സിലും ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തില്‍ നിന്നും കുറഞ്ഞത് 10 പേര് രജ്സിറ്റര്‍ ചെയ്ത ജില്ലകളില്‍ അവര്‍ക്കായി പ്രത്യേകം ക്ലാസുകളാണ് ക്രമീകരിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലാണ് ഈ വിഭാഗത്തില്‍ നിന്നുളളവര്ക്കായി പ്രത്യേകം ക്ലാസുകള്‍ ഏര്‍പ്പെടുത്തിയത്. എണ്ണം പത്തിനുതാഴെയുള്ള ജില്ലകളില്‍ പൊതുവായി സാക്ഷരതാമിഷന്‍ നടത്തിവരുന്ന തുല്യതാ ക്ലാസുകളിലാണ് ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തില്‍ നിന്നുള്ളവര്‍ക്കും പഠനത്തിന് അവസരം നല്‍കിയിരിക്കുന്നത്.