മലപ്പുറം: കത്രികകൊണ്ട് മുടിയില്‍ സൗന്ദര്യം തീര്‍ത്ത് ഫഹദ് ഇനി പേനയെടുത്ത് നിയമലോകത്തേക്ക്. പഠിക്കാന്‍ പ്രായവും ജോലിത്തിരക്കും ഒരു തടസ്സമാകില്ല എന്ന തിരിച്ചറിവിന് മുന്‍പിലാണ് ഈ 32-കാരന് മേല്‍മുറി എം.സി.ടി. ലോ കോളജിന്റെ കവാടം തുറന്നുകൊടുത്തത്.
സാക്ഷരതാമിഷന്‍ തുല്യതാ പഠനത്തിലൂടെ പത്താംക്ലാസും പ്ലസ്ടുവും വിജയിച്ചാണ് നിയമ കലാലയത്തിലേക്കുള്ള വരവ്. അരിമ്പ്ര വാവോ ബ്യൂട്ടി പാര്‍ലര്‍ ഉടമയായ നമ്പന്‍കുന്നത്ത് ഫഹദിന്റെ ഉപരിപഠനമോഹം മൊട്ടിട്ടത് പത്താംക്ലാസിലെ തോല്‍വി രുചിച്ചതു മുതലാണ്. അന്ന് ഫലം അറിഞ്ഞതിന് ശേഷം ഗള്‍ഫിലേക്ക് പറന്നു. കുടുംബ പ്രാരാബ്ദങ്ങള്‍ കാരണം മറ്റുവഴികള്‍ മുന്നിലില്ലായിരുന്നു. ഏഴുവര്‍ഷത്തെ പ്രവാസ ജീവിതത്തിനുശേഷം ബ്യൂട്ടി പാര്‍ലര്‍ തുടങ്ങി. പഠനത്തില്‍ സ്വന്തം മുഖം തിളങ്ങാനുള്ള വഴികള്‍ അപ്പോഴും ഫഹദ് ചിന്തിച്ചു. അങ്ങനെയാണ് സാക്ഷരതാമിഷന്റെ തുല്യതാ പഠനത്തിന് ചേര്‍ന്നത്. ആദ്യം ചിലര്‍ പരിഹസിച്ചെങ്കിലും പിന്നീട് അവര്‍ തന്നെ കയ്യടിച്ചു. ഇതിനിടയില്‍ യൂണിഫോം ധരിച്ച സ്കൂള്‍ കുട്ടിയുമായി.
കോളജ് സമയത്ത് അനിയന് സ്ഥാപനം നോക്കും. വൈകീട്ടാണ് കച്ചവടം കൂടുതല്‍. അതിനാല്‍ ക്ലാസ് കഴിഞ്ഞ് ബ്യൂട്ടിപാര്‍ലറില്‍ പോയാലും മതി- ഫഹദ് പറഞ്ഞു. കഴിവുള്ള ഒരുപാട് പേര് ഉപരിപഠനം നടത്താന്‍ സാധിക്കാതെ നമ്മുടെ നാട്ടിലുണ്ട്. അവര്‍ക്ക് തന്റെ ഈ തീരുമാനം പ്രോത്സാഹനമാകുകയാണെങ്കില് അതുതന്നെയാണ് ഏറ്റവും വലിയ സന്തോഷമെന്നും ഫഹദ് പറഞ്ഞു. ബി.ബി.എ. എല്‍.എല്‍.ബി ഒന്നാം സെമസ്റ്റര്‍ പഞ്ചവത്സര ക്ലാസില്‍ ഫഹദ് ഹാപ്പിയാണ്. څാര്യ: നദീറ. മക്കള്‍: ഫദ്വീല്, ഫഹ്മീന്.