മന്ത്രിയെ ഞെട്ടിച്ചു!, മലയാളത്തില്‍ ഉശിരുകാട്ടി മറുനാടന്‍ വനിതകള്‍
തിരുവനന്തപുരം: കഴക്കൂട്ടത്ത് കിന്‍ഫ്രയുടെ വനിതാ ഹോസ്റ്റലില്‍ 104 മറുനാട്ടുകാര്‍ സാക്ഷരതാമിഷന്റെ ‘ചങ്ങാതി’ ക്ലാസില്‍ മലയാളം പഠിക്കുന്നതിന്റെ കൗതുകം നേരില്‍ കാണാനെത്തിയ മന്ത്രി ടി.പി.രാമകൃഷ്ണനെ ഒഡിഷയില്‍ നിന്നുള്ള സേലിയമ്മയും രേവതിയും സെര്മിലയും എല്ലാംകൂടി ഞെട്ടിച്ചു. മന്ത്രിയുടെ ചോദ്യങ്ങള്‍ക്ക് മറുനാടന്‍ വനിതാ പഠിതാക്കള്‍ ഉരുളക്കുപ്പേരി പോലെ മലയാളത്തില്‍ മറുപടി നല്‍കിയതാണ് മന്ത്രിയെ ഞെട്ടിച്ചത്.
മറുനാടന്‍ വനിതകളുടെ മലയാളക്കരയിലെ ജീവിതാനുഭവങ്ങള്‍ ചോദിച്ചറിഞ്ഞ മന്ത്രി പിന്നെ അവരുടെ ഭക്ഷണകാര്യങ്ങളെക്കുറിച്ചായി. എന്തൊക്കെ കഴിക്കും?. ചിക്കന്‍?, മട്ടന്‍? മന്ത്രി ചോദ്യം പൂര്‍ത്തിയാക്കുംമുമ്പ് തന്നെ മാനസിയുടെ മറുപടിയെത്തി. കോഴിയും ആടുമൊക്കെ കഴിക്കും.
മറുനാടന്‍ വനിതകളുടെ മലയാളത്തിലെ ഗ്രാഹ്യം ബോധ്യപ്പെട്ട മന്ത്രി പിന്നെ സംഭാഷണം പൊതുശൈലിയിലാക്കി. ഏതു ഭാഷ പഠിക്കുന്നതും നല്ലതാണ്. പുസ്തകമൊക്കെ നല്ലവണ്ണം വായിക്കുന്നത് നല്ലതു തന്നെ, എന്നാല്‍ മലയാള പത്രങ്ങള്‍ കൂടി ദിവസവും വായിക്കണമെന്ന ഉപദേശം കൂടി നല്‍കിയാണ് മന്ത്രി ടി.പി. രാമകൃഷ്ണന് മടങ്ങിയത്. സാക്ഷരതാമിഷന്‍ ഡയറക്ടര്‍ ഡോ.പി.എസ്.ശ്രീകല, കിന്‍ഫ്ര ഡയറക്ടര്‍ സന്തോഷ് കുമാര്‍, മേനംകുളം കിന്‍ഫ്ര അപ്പാരല്‍ പാര്‍ക്ക് മാനേജിംഗ് ഡയറക്ടര്‍ ജീവാനന്ദ്, ‘ചങ്ങാതി’ ക്ലാസ് ഇന്‍സ്ട്രക്ടര്‍ കവിത തുടങ്ങിയവര്‍ മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.
“ക്ലാസുകള്‍ സജീവമായതോടെ പഠനത്തിന് താല്പര്യം പ്രകടിപ്പിച്ചെത്തുന്നവരുടെ എണ്ണം കൂടിവരികയാണ്. പദ്ധതിയിലൂടെ ഇതരസംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ പ്രകടമായ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ സാധിച്ചു”- സാക്ഷരതാമിഷന്‍ ഡയറക്ടര്‍ ഡോ.പി.എസ്.ശ്രീകല പറഞ്ഞു.
മറുനാടന്‍ തൊഴിലാളികളെ മലയാളം പഠിപ്പിക്കുന്ന സാക്ഷരതാമിഷന്റെ ‘ചങ്ങാതി’ പദ്ധതിയില്‍ കിന്‍ഫ്ര വനിതാ ഹോസ്റ്റലില്‍ പഠിച്ചുവരുന്ന 104 മറുനാടന്‍ വനിതകളും ഒഡിഷയില്‍ നിന്നുള്ളവരാണ്. കിന്‍ഫ്രയില്‍ പ്രവര്‍ത്തിച്ചുവരുന്ന വസ്ത്രനിര്‍മാണ സ്ഥാപനമായ ടെക്സ്പോര്‍ട്ട് ഇന്‍ഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡിലെ ജീവനക്കാരാണ് ഭൂരിഭാഗവും. തിങ്കള്‍ മുതല്‍ ശനിവരെ എല്ലാ ദിവസവും വൈകിട്ട് 6.15 മുതല്‍ എട്ട് മണിവരെ രണ്ട് ബാച്ചുകളായിട്ടാണ് ക്ലാസുകള്‍. ഈ ദിവസങ്ങളില്‍ ക്ലാസിലെത്തിച്ചേരാന് കഴിയാത്തവര്‍ക്കായി ഞായറാഴ്ച പകല്‍ മൂന്ന് മണിമുതല്‍ 7.15 വരെ ക്ലാസുണ്ട്. കിന്‍ഫ്രയിലെ പ്രവര്‍ത്തിച്ചുവരുന്ന വിവിധ തൊഴില്‍ സ്ഥാപനങ്ങളിലെ ജീവനക്കാരില്‍ ഭൂരിഭാഗവും ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്.