നവോത്ഥാനകാലത്തെ മനുഷ്യാവകാശ പോരാട്ടങ്ങളില്‍ പുരുഷന്മാരെ പോലെ തന്നെ സ്ത്രീകളും വഹിച്ചിട്ടുള്ള പങ്ക് സുവ്യക്തമായി അവതരിപ്പിച്ച് സാക്ഷരതാമിഷന്‍ പുതിയ പുസ്തകം പുറത്തിറക്കി. ആധുനിക കേരളത്തിന്റെ നാള്‍വഴികളില്‍ സ്ത്രീകളുടെ നേതൃത്വത്തില്‍ നടത്തിയിട്ടുള്ള വിവിധ പോരാട്ടചരിത്രങ്ങളുടെ സംക്ഷിപ്ത വിവരണങ്ങളാണ് ‘നവോത്ഥാനത്തിലെ സ്ത്രീ മുന്നേറ്റങ്ങള്‍’ എന്ന പേരില്‍ പുറത്തിറക്കിയ പുസ്തകത്തിലുളളത്. സാക്ഷരതാമിഷന്റെ സാമൂഹ്യസാക്ഷരതാ പരിപാടികളിലൊന്നായ ലിംഗസമത്വസാക്ഷരതയുടെ ഭാഗമായാണ് പുസ്തകം തയ്യാറാക്കിയത്. മന്ത്രി ജെ.മെഴ്സിക്കുട്ടിയമ്മയ്ക്ക് പുസ്തകത്തിന്റെ ആദ്യ പ്രതി നല്കി മന്ത്രി സി.രവീന്ദ്രനാഥ് പ്രകാശനം ചെയ്തു. സാക്ഷരതാമിഷന്‍ ഡയറക്ടര്‍ ഡോ.പി.എസ്.ശ്രീകല പുസ്തകത്തെക്കുറിച്ച് വിശദീകരിച്ചു.
കേരളത്തിലെ അദ്യത്തെ സ്ത്രീമുന്നേറ്റമെന്ന് വിശേഷിപ്പിക്കുന്ന മാറുമറയ്ക്കല്‍ സമരത്തെക്കുറിച്ചുള്ള വിവരങ്ങളോടെയാണ് പുസ്തകത്തിന്റെ തുടക്കം. 1822- 1859 കാലഘട്ടത്തില്‍ സ്ത്രീകള്‍ റൗക്കയും ബ്ലൗസും ധരിച്ച് വീടിന് പുറത്തിറങ്ങി പ്രതിഷേധിക്കുന്നതിന്റെ രേഖാചിത്രങ്ങളും ഹൃദ്യമാണ്. മൊത്തം 24 പേജുകളുള്ള പുസ്തകത്തിലുടനീളം മനുഷ്യാവകാശങ്ങള്‍ നേടിയെടുക്കാന്‍ ഇത്തരത്തില്‍ സ്ത്രീകള്‍ നടത്തിയിട്ടുള്ള ധീരോദത്തമായ പ്രക്ഷോഭങ്ങളുടെ വിവരണങ്ങളാണ്.
ഒരു കാലത്ത് കേരളത്തില്‍ നിലനിന്നിരുന്ന സാമൂഹിക അനാചാരങ്ങള്‍ക്കെതിരെ സ്ത്രീകളുടെ നേതൃത്വത്തില്‍ നടത്തിയ പ്രക്ഷോഭങ്ങളുടെ വിവരങ്ങളും രേഖാചിത്രങ്ങളുമാണ് തുടര്‍ന്നുള്ള പേജുകളില്‍. ജാതിയില്‍ താഴ്ന്നവരെന്നറിയപ്പെടുന്ന അവര്‍ണവും ആദിവാസികളും പരമ്പരാഗതമായി അടമകളായി വില്ക്കപ്പെട്ടിരുന്നതും രക്ഷകര്‍ത്താക്കളും ബന്ധുക്കളും കുട്ടികളെ വില്‍ക്കാനായി ചന്തയില്‍ കൊണ്ടുവന്നിരുന്ന ദുഷിച്ച കാലത്തെക്കുറിച്ചും സ്ത്രീകള്‍ നടത്തിയ ശക്തമായ മനുഷ്യാവകാശ പോരാട്ടങ്ങളെ തുടര്‍ന്ന് 1855 ല്‍ അടിമവ്യാപാരം നിരോധിച്ചതുമെല്ലാം പുസ്തകത്തില്‍ പ്രതിപാദിക്കുന്നുണ്ട്.
ആദ്യത്തെ ആര്‍ത്തവത്തോടനുബന്ധിച്ചുള്ള തിരണ്ടുകുളി, അദ്യമായി ഗര്‍ഭം ധരിക്കുന്നതുമായി ബന്ധപ്പെട്ട് നടത്തിയിരുന്ന പുളികുടി, ആര്‍ത്തവത്തിനു മുമ്പുള്ള കെട്ടുകല്യാണം തുടങ്ങി കേരളത്തില്‍ ഒരു കാലത്ത് നിലനിന്നിരുന്ന ചടങ്ങുകളെക്കുറിച്ചും സ്ത്രീകള്‍ നടത്തിയ ചെറുത്തുനില്‍പ്പുകളെ തുടര്‍ന്ന് ഇവയെല്ലാം പില്ക്കാലത്ത് ഇല്ലാതായതും പ്രതിഷേധങ്ങളുടെ തീക്ഷ്ണത ഒപ്പിയ രേഖാചിത്രങ്ങള്‍ കൂടി ഉള്‍പ്പെടുത്തി ഭംഗിയായി അവതരിപ്പിച്ചിട്ടുണ്ട്.
അവര്‍ണര്‍ക്ക് സ്കൂള്‍ വിദ്യാഭ്യാസം അനുവദിക്കുക, കര്‍ഷകത്തൊഴിലാളി സ്ത്രീകള്‍ക്ക് വിശ്രമസമയം നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് അയ്യന്‍കാളിയുടെ ആഹ്വാനമനുസരിച്ച് 1913-ല്‍ കര്‍ഷകത്തൊഴിലാളി സ്ത്രീകളുടെ നേതൃത്വത്തില്‍ നടത്തിയ ആദ്യത്തെ പണിമുടക്ക് സമരം. പുലയ പ്പെണ്കുട്ടികളുടെ സ്കൂള്‍ പ്രവേശനം, ശ്രീമൂലം പ്രജാസഭയില്‍ സ്ത്രീകള്‍ക്കുള്ള പ്രാതിനിധ്യം, വിധവയ്ക്ക് പുനര്‍വിവാഹം, ക്ഷേത്ര പ്രവേശനം തുടങ്ങി നിരവധി മനുഷ്യാവകാശങ്ങള്‍ നേടിയെടുക്കുന്നതുമായി ബന്ധപ്പെട്ട് സ്ത്രീകളുടെ നേതൃത്വത്തില്‍ നടത്തിയിട്ടുള്ള പ്രക്ഷോഭങ്ങളുടെ സംക്ഷിപ്ത വിവരണങ്ങളാണ് പുസ്തകത്തിലുള്ളത്. മന്ത്രി സി.രവീന്ദ്രനാഥ് പുസ്തകം പ്രകാശനം ചെയ്തു.
നവോത്ഥാന പാഠങ്ങളില്‍ ഒന്നാമത്തെ സാക്ഷരതാപുസ്തകമാണിത്. സാക്ഷരതാമിഷന്റെ തുല്യതാ പഠിതാക്കള്‍, പ്രേരക്മാര്‍ തുടങ്ങിയവരിലൂടെ ജനങ്ങള്‍ക്കിടയില്‍ ക്ലാസുകള്‍ സംഘടിപ്പിക്കും. കൂടാതെ ഈ മാസം 27 മുതല്‍ 31 വരെ എല്ലാ ജില്ലയിലും നവോത്ഥാനത്തിലെ സ്ത്രീ മുന്നേറ്റങ്ങള്‍ എന്ന പ്രദര്‍ശനം സംഘടിപ്പിക്കും. അതിന്റെ ഭാഗമായി പ്രഭാഷണ പരമ്പര ഉണ്ടാകും. തിരുവനന്തപുരത്ത് രക്തസാക്ഷി മണ്ഡപത്തിലാണ് പ്രദര്‍ശനം.