സ്ത്രീ മുന്നേറ്റത്തിന്റെ ചരിത്രമാണ് നവോത്ഥാനത്തിന്റെ ആണിക്കല്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്. തങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങളെ സ്ത്രീകള്‍ തന്നെ ചെറുത്തു തോല്‍പ്പിച്ച നിരവധി സംഭവങ്ങള്‍ സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ അടയാളപ്പെടുത്തിയിട്ടുണ്ട്. സ്ത്രീ സുരക്ഷയിലും അവര്‍ക്ക് അര്‍ഹമായ പദവി ലഭ്യമാകുന്ന കാര്യങ്ങളിലുമൊക്കെ കേരളം മറ്റു സംസ്ഥാനങ്ങള്‍ക്ക് മാതൃകയായിരിക്കുന്നത് ഇത്തരം മുന്നേറ്റങ്ങളുടെ ഫലമായിട്ടാണ്. എന്നാല്‍ സമീപകാലത്തായി സ്ത്രീകളുടെ മുന്നേറ്റ പാരമ്പര്യത്തെ പിന്നാക്കം പായിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള ചിന്തകളും കാഴ്ചപ്പാടുകളും ചില കേന്ദ്രങ്ങളില്‍ നിന്നും ഉയര്ന്നുവരുന്നുവരുന്നുണ്ട്. നവോത്ഥാന മൂല്യങ്ങളുടെ കടയ്ക്കല്‍ കത്തിവക്കാന്‍ ആരിറങ്ങിത്തിരിച്ചാലും അവര്‍ക്ക് കേരള ജനത മാപ്പു നല്‍കില്ല. സാക്ഷരതാമിഷന്റെ ‘നവോത്ഥാനത്തിലെ സ്ത്രീ മുന്നേറ്റങ്ങള്‍’ പ്രദര്‍ശനത്തിന്റെ സമാപനത്തോടനുബന്ധിച്ച് നടന്ന നവോത്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി കടകംപള്ളി സുരേന്ദ്രന്.
അതാത് കാലങ്ങളില്‍ പ്രസക്തിയുള്ള വിഷയങ്ങളെ അധികരിച്ച് സാക്ഷരതാമിഷന്റെ സാമൂഹ്യസാക്ഷരതാ പദ്ധതി ഊര്ജ്ജിതപ്പെടത്തണമെന്ന് ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ പുന്നല ശ്രീകുമാര്‍ ആവശ്യപ്പെട്ടു. ലിംഗസമത്വ ബോധം ജനങ്ങളില്‍ ശക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. സമൂഹത്തില്‍ സ്ത്രീ-പുരുഷ സമത്വം കൂടുതല്‍ ശക്തിപ്പെടേണ്ടതുണ്ടെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച് സംസാരിച്ച സാക്ഷരതാമിഷന്‍ ഡയറക്ടര്‍ ഡോ.പി.എസ്.ശ്രീകല പറഞ്ഞു. ഇക്കാര്യത്തില്‍ നവോത്ഥാനകാലത്തെക്കുറിച്ചുള്ള ബോധ്യമാണ് ആദ്യം സ്ത്രീകളില്‍ ഉണ്ടാകേണ്ടത്, അതിനായിട്ടാണ് ‘നവോത്ഥാനത്തിലെ സ്ത്രീ മുന്നേറ്റങ്ങള്‍’ എന്ന പ്രദര്‍ശനം സംഘടിപ്പിച്ചത്. കേരളത്തിലുടനീളം പ്രദര്‍ശനവും ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകളും വ്യാപിപ്പിക്കുമെന്നും അവര്‍ പറഞ്ഞു. സാക്ഷരതാമിഷന്‍ അസി.ഡയറക്ടര്‍മാരായ ഡോ.വിജയമ്മ, കെ.അയ്യപ്പന്‍നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ജാതി-മത- ലിംഗ വ്യത്യാസമില്ലാതെ എല്ലാ മനുഷ്യരുടെയും ജീവിതത്തെ നവീകരിച്ച നവോത്ഥാന പ്രക്രിയയില്‍ സ്ത്രീകളുടെ പങ്ക് അടയാളപ്പെടുത്തി സാക്ഷരതാമിഷന്റെ ‘നവോത്ഥാനത്തിലെ സ്ത്രീ മുന്നേറ്റങ്ങള്‍’ എന്ന ചിത്ര പ്രദര്‍ശനം ഡിസംബര്‍ 27നാണ് പാളയം രക്തസാക്ഷിമണ്ഡപത്തില്‍ ആരംഭിച്ചത്. ലിംഗസമത്വ സാക്ഷരതാപരിപാടിയുടെ ഭാഗമായാണ് പ്രദര്‍ശനം സംഘടിപ്പിക്കുന്നത്. ഇതോടനുബന്ധിച്ച് പ്രഭാഷണങ്ങളും കലാപരിപാടികളും സംഘടിപ്പിച്ചു.