‘ഇത് ഒഡീഷക്കാരികളുടെ
മലയാളത്തിളക്കം’
തിരുവനന്തപുരം: ഒഡീഷക്കാരികളുടെ മലയാളത്തിളക്കത്തിലാണ് ക്രിന്‍ഫ്ര വനിതാ ഹോസ്റ്റലിന്റെ ഗരിമയിപ്പോള്. ഒഡീഷ യുവതികളുടെ മലയാളത്തിലെ വാമൊഴി,വരമൊഴി വഴക്കം അത്രയ്ക്കാണ്. മറുനാടന്‍ തൊഴിലാളികളെ മലയാളം എഴുതാനും വായിക്കാനും പഠിപ്പിക്കുന്ന സാക്ഷരതാമിഷന്റെ ‘ചങ്ങാതി’ പദ്ധതിയില്‍ കിന്‍ഫ്രയിലെ വനിതാ ഹോസ്റ്റലില്‍ നിന്നും പരീക്ഷയെഴുതിയ മുഴുവന്‍ പേരും മികച്ചനിലയില്‍ വിജയിച്ചു. മലയാളികളില്‍ പലര്‍ക്കും മലയാളം പഠിക്കാനുള്ള താല്പര്യം കുറഞ്ഞുവരുമ്പോഴാണ് 104 ഒഡീഷ യുവതികള്‍ മലയാളക്കരയില്‍ മാതൃകയാകുന്നത്. ഇതില്‍ 22 കാരിയായ മുദാദ് രേവതി നൂറില്‍ നൂറുമാര്‍ക്ക് നേടി മലയാളികളെ തന്നെ ഞെട്ടിച്ചു. വിജയികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ സാക്ഷരതാമിഷന്‍ ഡയറക്ടര്‍ ഡോ.പി.എസ്. ശ്രീകലയില്‍ നിന്നും വാങ്ങുമ്പോള്‍ ഒഡീഷക്കാരികളില് പലര്‍ക്കും ആഹ്ലാദം അടക്കാന്‍ കഴിഞ്ഞില്ല. മലയാളത്തിലെ ഹിറ്റ് പാട്ടുകള്‍ പാടിയും ആടിയും സേലിയാമ്മയും രേവതിയും സെര്മിലിയും മാനസിയുമൊക്കെ ചേര്‍ന്ന് രംഗം കൊഴുപ്പിച്ചു. കിന്‍ഫ്രയിലെ ടെക്സ്റ്റൈയില്‍ എക്സ്പോര്‍ട്ട് വിഭാഗത്തില്‍ ജോലിനോക്കുന്നവരാണ് 104 പേരും. നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന് സുദര്ശനന്, സാക്ഷരതാമിഷന്‍ തിരുവനന്തപുരം ജില്ലാ പ്രൊജക്റ്റ് കോര്‍ഡിനേറ്റര്‍ പ്രശാന്ത്കുമാര്‍ തുടങ്ങിയവര്‍ സര്‍ട്ടിഫിക്കറ്റ് വിതരണ ചടങ്ങില്‍ പങ്കെടുത്തു.
ഇതര സംസ്ഥാന തൊഴിലാളികളെ മലയാളം പഠിപ്പിക്കുന്ന സംസ്ഥാന സാക്ഷരതാമിഷന്റെ ‘ചങ്ങാതി’ പദ്ധതിയുടെ രണ്ടാംഘട്ടം 2019 മാര്‍ച്ചില്‍ ആരംഭിക്കും. 14 ജില്ലകളിലും തിരഞ്ഞെടുത്ത ഒരു തദ്ദേശസ്വയംഭരണ സ്ഥാപനത്തില്‍ പദ്ധതി നടപ്പിലാക്കാനാണ് ലക്ഷ്യമിടുന്നത്. ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനുള്ള സര്‍വേ ഈ മാസം പൂര്‍ത്തിയാക്കും. നേരത്തെ എറണാകുളം ജില്ലയിലെ പെരുമ്പാവൂരില്‍ നടപ്പിലാക്കിയ ‘ചങ്ങാതി’ മാതൃകാ പ്രോജക്ടിന് മികച്ച പ്രതികരണം ലഭിച്ച സാഹചര്യത്തില്‍ പദ്ധതി സംസ്ഥാനതലത്തില്‍ ഒന്നാംഘട്ടമായി മുഴുവന്‍ ജില്ലകളിലേക്കും വ്യാപിപ്പിച്ചിരുന്നു. ജില്ലകളിലെ തെരഞ്ഞെടുത്ത ഒരു തദ്ദേശസ്വയംഭരണത്തില്‍ 2018 ഏപ്രില്‍ ഒന്നു മുതലാണ് ഒന്നാംഘട്ട ക്ലാസ് ആരംഭിച്ചത്. മികവുത്സവം എന്ന പേരില്‍ പരീക്ഷ നടത്തി. മൊത്തം 1738 പേര് പരീക്ഷ വിജയിച്ചു. വിജയിച്ചവരില്‍ ഭൂരിഭാഗവും ഒഡീഷയില്‍ നിന്നുള്ളവരാണ്. പെരുമ്പാവൂരില്‍ നടത്തിയ മാതൃക പദ്ധതിയില്‍ പരീക്ഷയെഴുതിയ 503 പേരില്‍ 469 പേര് വിജയിച്ചിരുന്നു. അന്ന് വിജയിച്ചവരില്‍ ഭൂരിഭാഗവും അസാമില്‍ നിന്നുള്ളവരായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്ത പെരുമ്പാവൂരിലെ ‘ചങ്ങാതി മാതൃകാ പദ്ധതിയില്‍ 2017 ഓഗസ്റ്റ് 15നായിരുന്നു ക്ലാസുകള്‍ ആരംഭിച്ചത്.
നാല് മാസം കൊണ്ട് തൊഴിലാളികളെ മലയാളത്തില്‍ സാക്ഷരരാക്കുന്നതാണ് പദ്ധതി. ആഴ്ചയില്‍ അഞ്ചുമണിക്കൂറാണ് ക്ലാസ്. വിദ്യാകേന്ദ്രങ്ങള്‍,തൊഴിലാളികളുടെ താമസ സ്ഥലങ്ങള്‍, തൊഴിലിടങ്ങള്‍ എന്നിവിടങ്ങളിലാണ് പഠന കേന്ദ്രങ്ങള്‍.
ഓരോ വിദ്യാകേന്ദ്രത്തിന്റെയും കീഴില്‍ 15 മുതല്‍ 20 വരെ പഠിതാക്കള്‍ ഉള്‍ക്കൊള്ളുന്നതാണ് സാക്ഷരതാപഠനകേന്ദ്രങ്ങള്. ഒരു വിദ്യാകേന്ദ്രത്തിന് കീഴില്‍ കുറഞ്ഞത് 5നും 10നും ഇടയില്‍ പഠനകേന്ദ്രങ്ങള്‍ എന്ന നിലയിലാണ് ക്രമീകരിക്കുന്നത്. തുടര്‍വിദ്യാകേന്ദ്രം പ്രേരക്മാര്‍ക്ക് പഠനകേന്ദ്രം കോ-ഓര്‍ഡിനേറ്റര്‍മാര്‍ എന്ന നിലയില്‍ പ്രതേ്യകം ചുമതലയാണ്. ഇന്‍സ്ട്രക്ടര്‍മാരുടെ തെരഞ്ഞെടുപ്പില്‍ ഇതര സംസ്ഥാന തൊഴിലാളികളിലെ യോഗ്യതയുള്ളവരെയും സാക്ഷരതാമിഷന്റെ ഹയര്‍ സെക്കണ്ടറി തുല്യതാപഠിതാക്കളെയും പരിഗണിക്കും.